പിവി അൻവറിനെ ബേപ്പൂർ നിയമസഭാ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ്

കോഴിക്കോട്: യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതോടെ നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെ ബേപ്പൂർ നിയമസഭാ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് പ്രാദേശിക നേതൃത്വം. കൊച്ചിയിൽ നടന്ന യുഡിഎഫ് നേതൃയോഗത്തിൽ അൻവറിൻ്റെ തൃണമൂൽ കോൺഗ്രസിനെ മുന്നണിയുടെ അസോസിയേറ്റ് അംഗമായി അംഗീകരിച്ചതിനു പിന്നാലെയാണ് പ്രാദേശിക നേതൃത്വം പരസ്യമായി രംഗത്തുവന്നത്. അൻവറിനെ ബേപ്പൂരിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് പ്രവർത്തകർ സ്ഥാപിച്ചു.
ഇതിനോടകംതന്നെ സോഷ്യൽ മീഡിയയിലും സജീവമായ പ്രചാരണം നടക്കുന്നുണ്ട്. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിലവിൽ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ബേപ്പൂർ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ റിയാസിനെതിരെ ശക്തനായ ഒരു സ്ഥാനാർത്ഥിയെ ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് അൻവറിനെ പ്രവർത്തകർ ക്ഷണിക്കുന്നത്. യുഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്ന ഏതു മണ്ഡലത്തിലും മത്സരിക്കാൻ താൻ തയാറാണെന്ന് അൻവർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെതന്നെ ബേപ്പൂർ മണ്ഡലത്തിൽ മത്സരിക്കുന്നതിനോട് തനിക്ക് വിയോജിപ്പില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.
പിണറായിസത്തിനും മരുമോനിസത്തിനുമെതിരായ പോരാട്ടത്തിൻ്റെ ഭാഗമായി ബേപ്പൂരിൽ മത്സരിക്കാൻ തയാറാണെന്ന് നേരത്തെ അൻവർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റായതിനാൽ ഇതു വിട്ടുനൽകുന്നതിന് കോൺഗ്രസിലും വലിയ എതിർപ്പുണ്ടാകില്ല. നിലമ്പൂരിൽ ഇറങ്ങി സിപിഎമ്മിന് സീറ്റ് പിടിച്ചെടുത്തുകൊടുത്ത അൻവറിന് ബേപ്പൂരിൽ ഇറങ്ങി സിപിഎമ്മിൽനിന്ന് സീറ്റ് പിടിച്ചെടുക്കാനുള്ള കഴിവ് ഉണ്ടെന്നും പ്രാദേശിക പ്രവർത്തകർ പങ്കുവച്ചു. വികസനത്തിൻ്റെ പേരിൽ മന്ത്രി മുഹമ്മദ് റിയാസ് മണ്ഡലത്തിൽ ഉടനീളം നടത്തിയത് വെറും പൊങ്ങച്ചം മാത്രമാണെന്നും അൻവർ ഇറങ്ങി ആ മുഖംമൂടി വലിച്ചൂരുമെന്നും യുഡിഎഫ് പ്രവർത്തകർ പറഞ്ഞു.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കുനോക്കിയാൽ ബേപ്പൂർ മണ്ഡലത്തിൽ എൽഡിഎഫിനു യുഡിഎഫിനെക്കാൾ 1340 വോട്ടിൻ്റെ മുൻതൂക്കം മാത്രമാണുള്ളത്. നേരത്തെ ഇടതു സഹയാത്രികനായിരുന്ന പിവി അൻവർ ഇറങ്ങിയാൽ ഇടതുവോട്ടുകളും ആകർഷിക്കാൻ കഴിയുമെന്നാണ് അൻവറിനായി ശബ്ദമുയർത്തുന്നവരുടെ വാദം. ബേപ്പൂരിനു പുറമെ കെടി ജലീലിൻ്റെ തവനൂർ, ലിൻ്റോ ജോസഫിൻ്റെ തിരുവമ്പാടി തുടങ്ങിയവയാണ് അൻവറുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിറയുന്നത്. യുഡിഎഫ് മുന്നണി ധാരണപ്രകാരം തവനൂർ കോൺഗ്രസും തിരുവമ്പാടി മുസ്‌ലിം ലീഗും മത്സരിക്കുന്ന സീറ്റുകളാണ്.
മുന്നറിയിപ്പുമായി മുല്ലപ്പള്ളി
അതേസമയം മുന്നണി വിപുലീകരണത്തിൽ മുന്നറിയിപ്പുമായി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്ന് മുല്ലപ്പള്ളി പറഞ്ഞു. വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാൻ സാധിക്കില്ല. പിവി അൻവർ കുറച്ചുകൂടി സംയമനം പാലിക്കണം. ഘടകകക്ഷിയായി പ്രവർത്തിക്കുമ്പോൾ ആ രൂപത്തിലുള്ള മാന്യതയോടെ പ്രവർത്തിക്കണമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകി. വിഷ്ണുപുരം ചന്ദ്രശേഖരൻ ആരാണെന്ന് തനിക്ക് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.