യുജിസിയുടെ തുല്യതാ നിയമം; പ്രതിഷേധവുമായി സവര്‍ണ ആര്‍മി

ന്യൂഡൽഹി: യുജിസിയുടെ പുതിയ പരിഷ്‌കാരങ്ങൾക്കെതിരെ രാജ്യത്ത് പ്രതിഷേധവുമായി ഒരുകൂട്ടം വിദ്യാര്‍ഥികള്‍. ഡൽഹിയിലെ യുജിസി ആസ്ഥാനത്തിന് മുന്നിൽ ഇന്ന് സവർണ ആർമിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ നിയമങ്ങൾ സവർണ വിഭാഗത്തോടുള്ള വിവേചനമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.യുജിസി 2026 ജനുവരി 13-ന് പുറത്തിറക്കിയ 'പ്രൊമോഷൻ ഓഫ് ഇക്വിറ്റി ഇൻ ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേഷൻസ് 2026' എന്ന നിയമത്തോടുള്ള എതിർപ്പാണ് സമരത്തിന് ആധാരം. ഈ നിയമം ഉന്നതവിദ്യാഭ്യാസ മേഖലയിൽ സവർണ്ണ വിഭാഗത്തിന് ദോഷകരമാകുമെന്നും സാമൂഹികമായ ചേരിതിരിവ് ഉണ്ടാക്കുമെന്നും സമരക്കാർ ആരോപിക്കുന്നു.സവർണ്ണ ആർമിയുടെ ദേശീയ ജനറൽ സെക്രട്ടറി ശിവം സിംഗിൻ്റെ നേതൃത്വത്തിൽ യുജിസി ആസ്ഥാനം വളയുകയും 'കറുത്ത നിയമം പിൻവലിക്കുക' എന്നാവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്‌തത്. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശ് (കണ്ണൗജ്, മീററ്റ്), ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ഈ നിയമത്തിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. രാജസ്ഥാനിലെ കർണി സേനയും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.ഡൽഹിയിലും മറ്റ് നിരവധി സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധങ്ങൾക്കിടയിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രതികരണവുമായി രംഗത്തെത്തി. വിവാദത്തെ അഭിസംബോധന ചെയ്‌ത് അദ്ദേഹം സംസാരിച്ചു. നിയമങ്ങൾ വിവേചനത്തിലേക്ക് നയിക്കില്ലെന്നും ആർക്കും നിയമം ദുരുപയോഗം ചെയ്യാൻ കഴിയില്ലെന്നും വിദ്യാർഥികൾക്കും അധ്യാപകർക്കും അദ്ദേഹം ഉറപ്പ് നൽകി.
"വിവേചനം ഉണ്ടാകില്ല. നിയമം ദുരുപയോഗം ചെയ്യാൻ ആർക്കും കഴിയില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ഈ പരിഷ്‌കാരം ആർക്കും ഉപദ്രവമാകില്ല. വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് അധികാരികൾ ഉറപ്പാക്കും" എന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ ഉദ്ദേശ്യം സംരക്ഷണപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമങ്ങൾ വിദ്യാർഥികളുടെയും സാമൂഹിക ഗ്രൂപ്പുകളുടെയും ഉള്ളിൽ ഭിന്നത സൃഷ്‌ടിച്ചിട്ടുണ്ട്. ജനറൽ വിഭാഗത്തിലെ വിദ്യാർഥികളെ പ്രതിനിധീകരിക്കുന്ന നിരവധി വിദ്യാർഥി സംഘടനകൾ പരിഷ്‌കാരങ്ങളെ എതിർത്തിട്ടുണ്ടെങ്കിലും, ഇടതുപക്ഷ പിന്തുണയുള്ള വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡൻ്റ്‌സ് അസോസിയേഷൻ (AISA) ഇതിനെ പിന്തുണയ്‌ക്കുന്നു. തുല്യതാ സംരക്ഷണത്തിൽ ഒബിസി വിഭാഗത്തെ ഉൾപ്പെടുത്തുന്നത് ഒരു നല്ല നടപടിയാണെന്ന് സംഘാഗങ്ങൾ പറഞ്ഞു. എന്നിരുന്നാലും, എസ്‌സി, എസ്‌ടി, ഒബിസി, ഇക്വിറ്റി കമ്മിറ്റികളിലെ വനിതാ അംഗങ്ങൾ എന്നിവരുടെ പ്രാതിനിധ്യത്തിൽ വ്യക്തതയില്ലായ്‌മയെക്കുറിച്ച് അസോസിയേഷൻ ആശങ്കകൾ ഉന്നയിച്ചു.