ബീഹാർ തെരഞ്ഞെടുപ്പ് : തനിച്ച് മത്‌സരിക്കാനില്ല :ജെഎംഎം തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി

റാഞ്ചി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം). മത്സരത്തിനില്ലെന്ന് മുതിർന്ന ജെഎംഎം നേതാവ് സുദിവ്യ കുമാർ അറിയിച്ചു. മഹാസഖ്യവുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലാ എന്ന പ്രഖ്യാപനമുണ്ടായിരിക്കുന്നത് .രാഷ്‌ട്രീയ ഗൂഢാലോചനകളുടെ ഭാഗമായി ആർജെഡിയും കോൺഗ്രസും ജെഎംഎമ്മിനെ തെരഞ്ഞെടുപ്പിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചെന്ന ഗുരുതര ആരോപണം ഉന്നയിച്ചാണ് ജെഎംഎമ്മിൻ്റെ പിന്മാറ്റ പ്രഖ്യാപനം. ആറ് സീറ്റുകളിൽ ജെഎംഎം സ്വതന്ത്രമായി മത്സരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാൽ ബിഹാർ സഖ്യത്തിലെ പ്രമുഖ പാർട്ടിയുടെ 'രാഷ്‌ട്രീയ കുതന്ത്രം' ജാർഖണ്ഡ് മുക്തി മോർച്ചയെ ദോഷകരമായി ബാധിച്ചുവെന്ന് സുദിവ്യ കുമാർ പറഞ്ഞു.'ബിഹാർ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ അരങ്ങേറുന്ന നാടകങ്ങള്‍ ജെഎംഎം പാർട്ടിയുടെ മത്സരിക്കാനുള്ള ആഗ്രഹത്തെ ഇല്ലാതാക്കി. അതിനാൽ വളരെ ഖേദത്തോടെ ഈ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിക്കുന്നു. സീറ്റ് വിഭജനത്തിൽ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായ സാഹചര്യത്തിൽ കോൺഗ്രസും ആർജെഡിയുമായുള്ള സഖ്യം പുനപരിശോധിക്കുമെന്നും' ഗിരിധിയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ സുദിവ്യ കൂട്ടിച്ചേർത്തു.രാഷ്ട്രീയ ജനതാദളും (ആർജെഡി) കോൺഗ്രസും രാഷ്ട്രീയ വഞ്ചന നടത്തിയെന്നാണ് ജെഎംഎം ആവർത്തിക്കുന്നത്. ഇതിൻ്റെ അനന്തരഫലങ്ങൾ ഭാവിയിൽ കാണാനാകുമെന്നും സുദിവ്യ പറഞ്ഞു.ഒക്‌ടോബർ 7 ന് പട്‌നയിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഒരു യോഗം നടന്നിരുന്നു. അതിൽ ജെഎംഎമ്മിനെ കബളിപ്പിക്കാനാണ് ആർജെഡി ശ്രമിച്ചത്. കോൺഗ്രസ് ഇതിനെ പിന്തുണച്ചു .
സ്വതന്ത്രമായി നിൽക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. ധംദഹ, ചകായ്, കറ്റോറിയ, മണിഹരി, ജമുയി, പിർപൈന്തി എന്നിങ്ങനെ ആറ് സീറ്റുകളിൽ മത്സരിക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് തീരുമാനം മാറ്റേണ്ടി വന്നെന്ന് ജെഎംഎം ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.രാഷ്ട്രീയ ജനതാദൾ നയിക്കുന്ന മഹാസഖ്യത്തിലിപ്പോൾ കോൺഗ്രസ് പാർട്ടി, ദീപങ്കർ ഭട്ടാചാര്യ നയിക്കുന്ന കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസിസ്‌റ്റ്-ലെനിനിസ്‌റ്റ്) (സിപിഐ-എംഎൽ), കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്‌റ്റ്) (സിപിഎം), മുകേഷ് സഹാനിയുടെ വികാസ്‌ഷീൽ ഇൻസാൻ പാർട്ടി (വിഐപി) എന്നിവ ഉൾപ്പെടുന്നുണ്ട് .
നവംബർ 6, 11 തീയതികളിൽ രണ്ടു ഘട്ടങ്ങളിലായാണ് ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്