കേന്ദ്ര ബജറ്റ് ഇന്ന് : വമ്പൻ പ്രഖ്യാപനങ്ങള്‍ക്കൊരുങ്ങി കേന്ദ്ര ധനമന്ത്രി, പ്രതീക്ഷയോടെ രാജ്യം

ന്യൂഡല്‍ഹി : രാജ്യത്ത് ഏവരും ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങി ധനമന്ത്രി നിർമല സീതാരാമൻ. രാവിലെ 11 മണിക്ക് ലോക്സഭയിൽ ബജറ്റ് അവതരണം ആരംഭിക്കും.
.2026-27 വർഷത്തെ കേന്ദ്ര ബജറ്റിനായുള്ള ഫിനാൻസ് ബില്ലിനൊപ്പം പതിനാറാം ധനകാര്യ കമ്മീഷന്റെ റിപ്പോർട്ടും ഇന്ന് പാർലമെന്റിൽ സമർപ്പിക്കാൻ സാധ്യതയുണ്ട്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി വരുമാനം പങ്കിടുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ഭരണഘടനാപരമായ സമിതിയാണ് ധനകാര്യ കമ്മീഷൻ.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ഒൻപതാമത്തെ ബജറ്റാണിത്. ഇതോടെ ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോഡ് അവർക്ക് സ്വന്തമാകും. മധ്യവർഗക്കാർക്ക് ആശ്വാസമായി ആദായനികുതി സ്ലാബുകളിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ നികുതി ഘടനയിൽ ഇളവുകൾ വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. കാർഷിക വായ്പകൾ, വിള ഇൻഷുറൻസ്, ആധുനിക കൃഷി രീതികൾ എന്നിവയ്ക്കായി കൂടുതൽ തുക വകയിരുത്തിയേക്കാം. റെയിൽവേ, റോഡ് വികസനം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്ക് മുൻഗണന നൽകാനാണ് സാധ്യത. ഉൽപ്പാദന മേഖലയ്ക്കും സ്റ്റാർട്ടപ്പുകൾക്കും ഉത്തേജനം നൽകിക്കൊണ്ട് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചേക്കാം. നിയമസഭാ തzരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കേരളത്തിനായി പ്രത്യേക പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നു. കേരളത്തിന് എയിംസ് അനുവദിക്കുക, 21,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, അതിവേഗ റെയിൽ പാതയ്ക്കായുള്ള അനുമതിയും വകയിരുത്തലും, റബ്ബർ വിലസ്ഥിരതാ ഫണ്ടിനായി കൂടുതൽ സഹായം എന്നിവയാണ് കേരളത്തിൻ്റെ പ്രത്യേക ആവശ്യങ്ങള്‍.

ധനമന്ത്രിയുടെ ബജറ്റ് ടീം
അജയ് സേത്ത് (ഫിനാൻസ് സെക്രട്ടറി): ധനമന്ത്രാലയത്തിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ. സാമ്പത്തിക കാര്യ വകുപ്പിൻ്റെ ചുമതലയും ഇദ്ദേഹത്തിനാണ്.അനുരാധ താക്കൂർ (ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറി): 2026 ബജറ്റിൻ്റെ പ്രധാന ശില്പി എന്ന് ഇവർ അറിയപ്പെടുന്നു. ഈ തസ്തികയിലെത്തുന്ന ആദ്യ വനിതാ ഐ.എ.എസ് ഓഫീസറാണ് ഇവർ. ബജറ്റ് നിർമ്മാണത്തിന്റെ ഏകോപന ചുമതല ഇവർക്കാണ്.
അരവിന്ദ് ശ്രീവാസ്തവ (റവന്യൂ സെക്രട്ടറി): ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ തയ്യാറാക്കുന്നത് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ്. പ്രത്യക്ഷ-പരോക്ഷ നികുതി നയങ്ങൾ ഇദ്ദേഹം കൈകാര്യം ചെയ്യുന്നു.
വുംലുൻമാങ് വുവാൾനാം (എക്സ്പെൻഡിച്ചർ സെക്രട്ടറി): സർക്കാരിൻ്റെ ചെലവുകൾ നിയന്ത്രിക്കുന്ന വ്യക്തി. സബ്‌സിഡികൾ, വിവിധ മന്ത്രാലയങ്ങൾക്കുള്ള വിഹിതം എന്നിവ തീരുമാനിക്കുന്നതിൽ ഇദ്ദേഹം പ്രധാന പങ്കുവഹിക്കുന്നു.
വി. അനന്ത നാഗേശ്വരൻ (ചീഫ് ഇക്കണോമിക് അഡ്വൈസർ): രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളും വളർച്ചാ നിരക്കും വിശകലനം ചെയ്യുന്ന വിദഗ്ദ്ധൻ. സാമ്പത്തിക സർവേ തയ്യാറാക്കുന്നത് ഇദ്ദേഹമാണ്.
എം. നാഗരാജു (ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി): ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു.
അരുണിഷ് ചൗള (DIPAM സെക്രട്ടറി): പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ വഴിയുള്ള വരുമാനം നിശ്ചയിക്കുന്നത് ഇദ്ദേഹമാണ്.
പങ്കജ് ചൗധരി: ധനകാര്യ സഹമന്ത്രി. ബജറ്റ് നടപടിക്രമങ്ങളിൽ നിർമല സീതാരാമനെ സഹായിക്കുന്നു.
രവി അഗർവാൾ: സി.ബി.ഡി.ടി (CBDT) ചെയർമാൻ.
വിവേക് ചതുർവേദി: സി.ബി.ഐ.സി (CBIC) ചെയർമാൻ.