Kerala ഇനി Keralam : ഔദ്യോഗിക രേഖകളില്‍ 'കേരളം' എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala ഇനി Keralam  :  ഔദ്യോഗിക രേഖകളില്‍ 'കേരളം' എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്‍റെ പേര് ഔദ്യോഗിക രേഖകളില്‍ കേരളം എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. അതോടെ ബ്രിട്ടീഷ് ഭരണത്തിന്‍റെ ഒരു മുദ്ര കൂടി മായുകയാണ്. തിരു കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ ചേര്‍ത്ത് ഐക്യ കേരളം രൂപം കൊണ്ടതു മുതല്‍ മലയാളികളുടെ നാവിന്‍തുമ്പില്‍ സംസ്ഥാനത്തിന്‍റെ പേര് കേരളം തന്നെയായിരുന്നു. എന്നാല്‍ ഇംഗ്ലീഷില്‍ കേരളം എന്നും കേരള ആയിരുന്നു. ആ കുറവാണ് ഇപ്പോള്‍ തിരുത്തപ്പെടുന്നത്.

സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് മാറ്റുന്നതിന് അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. സംസ്ഥാനത്തിൻ്റെ പേര് 'കേരളം' എന്ന് മാറ്റുന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംഗീകാരത്തോടെ, ഇതു സംബന്ധിച്ച മന്ത്രിസഭാ കുറിപ്പിൻ്റെ കരട് നിയമകാര്യ വകുപ്പിൻ്റെയു നിയമനിർമ്മാണ വകുപ്പിൻ്റെയും അഭിപ്രായത്തിനായി അയച്ചുവെന്നും കേന്ദ്രം പ്രസ്‌താവനയില്‍ അറിയിച്ചു. പേര് മാറ്റാനുള്ള ഈ നിർദേശത്തിന് നിയമ മന്ത്രാലയത്തിന് കീഴിലുള്ള ഈ രണ്ട് വകുപ്പുകളും ഇപ്പോൾ അംഗീകാരം നൽകിയിട്ടുണ്ട്.ഏപ്രില്‍ മാസത്തില്‍ കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് ഈ നടപടി. ഔദ്യോഗിക രേഖകളില്‍ എല്ലാം ഇനി മുതല്‍ കേരളം എന്നാകും ഉപയോഗിക്കുക. ഔദ്യോഗിക രേഖകളില്‍ കേരള എന്നത് കേരളം ആക്കാനുള്ള നടപടികള്‍ക്കുള്ള പ്രമയേം നേരത്തെ തന്നെ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്‍മേല്‍ ചില ഭേദഗതികള്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ചെങ്കിലും അവ അംഗീകരിക്കപ്പെട്ടില്ല. എങ്കിലും പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. ഏപ്രിലില്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

2024 ജൂണ്‍ 24 നാണ് സംസ്ഥാനത്തിന്‍റെ പേര് കേരള എന്നതിനു പകരം കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐക കണ്ഠ്യേന പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ പേരു മാറ്റം പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഭേദഗതി വരുത്തണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ മൂന്നിലാണ് ഇതനുസരിച്ച് മാറ്റം വരുത്തേണ്ടത്. പ്രധാന മന്ത്രിയുടെ പുതിയ ഓഫീസായ സേവാ തീര്‍ത്ഥില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗം ഈ അഭ്യര്‍ത്ഥന അംഗീകരിച്ച് പേരു മാറ്റത്തിന് അനുമതി നല്‍കുകയായിരുന്നു.ഇതിനെത്തുടർന്ന്, ഭരണഘടനയുടെ മൂന്നാം അനുച്ഛേദം അനുസരിച്ച് 'കേരള' എന്ന പേര് 'കേരളം' എന്നാക്കി മാറ്റുന്നതിനായി ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.




ഭരണഘടനയുടെ എട്ടാംപട്ടികയിലുള്ള എല്ലാ ഭാഷകളിലും കേരളം എന്ന് മാറ്റണമെന്ന പ്രമേയം 2024ലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ചത്.ചില സാങ്കേതിക മാറ്റങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് രണ്ടാം വട്ടം സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. സംസ്ഥാനത്തിന്‍റെ പേര് മലയാളത്തില്‍ കേരളം എന്നാണെന്നും മുഴുവന്‍ കേരളീയരും ഇങ്ങനെ പേര് മാറ്റണമെന്ന ആവശ്യം സ്വാതന്ത്രലബ്‌ധി മുതല്‍ ഉന്നയിക്കുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ തന്നെ സംസ്ഥാനത്തിന്‍റെ പേര് കേരള എന്നാണ് എഴുതിയിരിക്കുന്നത്. ഭരണഘടനയുടെ മൂന്നാം അനുച്‌ഛേദപ്രകാരം ഇതില്‍ ഭേദഗതി വരുത്തി കേരളം എന്നാക്കണമെന്നും കേരളം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.കേരളം എന്ന് പേര് മാറ്റണമെന്ന് കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഈ കത്ത് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്‌തിരുന്നു. സംസ്ഥാനത്തിന്‍റെ ഭാഷയും സംസ്‌കാരവും ശക്തിപ്പെടുത്തുന്നതിന് ഒപ്പം നില്‍ക്കുന്നതില്‍ നന്ദി എന്നും സന്തോഷം എന്നും അദ്ദേഹം അറിയിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ കൊണ്ടു വന്ന കേരള എന്ന പേര് കേരളം എന്നാക്കുന്നതിലൂടെ യഥാര്‍ത്ഥ പേര് പുനഃസ്ഥാപിക്കുകയാണ്.കേന്ദ്ര മന്ത്രിസഭാ യോഗത്തിന്‍റെ അനുമതി ലഭിച്ചതോടെ Kerala (Alteration of Name) Bill 2026, കേരള പേരു മാറ്റ ബില്‍ 2026, ഇനി രാഷ്ട്രപതി നിയമസഭയുടെ അഭിപ്രായമാരായാന്‍ അയക്കും. നിയമസഭയുടെ കൂടി അഭിപ്രായം തേടിയ ശേഷം ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ പേര് മാറ്റുന്നതിനായി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കും.

സംശയവുമായി ശശിതരൂർ  എംപി 

 "എല്ലാം നല്ലത് തന്നെ, സംശയമില്ല. പക്ഷേ നമ്മളിലെ ഇംഗ്ലീഷ് സംസാരിക്കുന്നവർക്കായി ഒരു ചെറിയ ഭാഷാപരമായ ചോദ്യം, പുതിയ 'കേരളം' (Keralam) നിവാസികളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന 'Keralite', 'Keralan' എന്നീ പദങ്ങൾക്ക് ഇനി എന്ത് സംഭവിക്കും? 'Keralamite' എന്ന് കേൾക്കുമ്പോൾ ഒരു സൂക്ഷ്മജീവിയെപ്പോലെയും (Microbe), 'Keralamian' എന്ന് കേൾക്കുമ്പോൾ അപൂർവ്വമായ ഒരു ധാതുവിനെപ്പോലെയുമുണ്ട് (Rare earth mineral)...! ഈ തെരഞ്ഞെടുപ്പ് ആവേശത്തിൽ നിന്നുണ്ടായ മാറ്റം കാരണം പുതിയ പദങ്ങൾ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരു മത്സരം തന്നെ സംഘടിപ്പിക്കാവുന്നതാണ്." തരൂര്‍ കുറിച്ചു.