രാജ്യത്ത് നിന്ന് നക്‌സലുകളെ തുടച്ച് നീക്കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

രാജ്യത്ത് നിന്ന് നക്‌സലുകളെ തുടച്ച് നീക്കിയതായി കേന്ദ്ര  ആഭ്യന്തരമന്ത്രി  അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് നിന്ന് നക്‌സലിസത്തെ പൂര്‍ണമായും തുടച്ച് നീക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് ഇടത് തീവ്രവാദ മുക്തമാക്കാനുള്ള പരിശ്രമങ്ങളെക്കുറിച്ച് 193ാം ചട്ടപ്രകാരം ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 2026 മാര്‍ച്ച് 31ഓടെ രാജ്യത്ത് നിന്ന് നക്‌സലിസത്തെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ പ്രഖ്യാപിച്ചിരുന്നു.

ചര്‍ച്ചയില്‍ അനുരാഗ് ഠാക്കൂര്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. നക്‌സല്‍ വിഷയത്തില്‍ ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയ സഭാധ്യക്ഷന് അദ്ദേഹം നന്ദി അറിയിച്ചു. ബസ്‌തറില്‍ പൂര്‍ണമായും നക്‌സലിസം ഇല്ലാതായിരിക്കുന്നു. 1970കള്‍ക്ക് ശേഷം ഇത് എന്ത് കൊണ്ട് സാധ്യമായില്ലെന്ന് നക്‌സലിസത്തെ പിന്തുണയ്ക്കുന്നവരോട് താന്‍ ചോദിക്കുകയാണ്. ആയുധമെടുക്കുന്നവര്‍ക്ക് അതിന്‍റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞത് നരേന്ദ്രമോദി സര്‍ക്കാരാണ്. സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ അറുപത് വര്‍ഷം നിങ്ങള്‍ ഭരിച്ചിട്ടും വികസനം എന്ത് കൊണ്ട് ഗോത്രവര്‍ഗങ്ങളിലേക്ക് എത്തിയില്ലെന്ന് താന്‍ കോണ്‍ഗ്രസ് അംഗങ്ങളോട് ചോദിക്കുകയാണ്.

മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ്, തെലങ്കാന, കേരളം, കര്‍ണാടക തുടങ്ങി പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ചുവപ്പന്‍ ഇടനാഴികളലെ പന്ത്രണ്ട് കോടി ജനതപട്ടിണിയിലാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. നക്‌സലിസത്തിന്‍റെ പ്രധാന കാരണം പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി ഇന്ദിരഗാന്ധി അംഗീകരിച്ച ഇതിന്‍റെ പ്രത്യയശാസ്‌ത്രമാണ്. അതേസമയം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നക്‌സലിസം സുപ്രധാന സുരക്ഷാ വെല്ലുവിളിയാണെന്ന് സമ്മതിച്ചിരുന്നു. പക്ഷേ അതിനപ്പുറം ഒന്നുമുണ്ടായില്ലെന്നും അമിത് ഷാ പറഞ്ഞു.അതേസമയം പന്ത്രണ്ട് വര്‍ഷത്തെ മോദി സര്‍ക്കാര്‍ ഭരണം ഈ രംഗത്തുണ്ടാക്കിയ മാറ്റങ്ങള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞു. പന്ത്രണ്ട് വര്‍ഷത്തിനിടെ ഇവിടെ പലതും സംഭവിച്ചു. ഒരു രാഷ്‌ട്രതന്ത്ര വിദ്യാര്‍ത്ഥി ഇത് എടുത്ത് പരിശോധിച്ചാല്‍ നക്‌സല്‍ മുക്ത ഇന്ത്യ ഇതിന്‍റെ ഏറ്റവും മുകളില്‍ തന്നെ പ്രതിഷ്‌ഠിക്കുമെന്നും അമിത് ഷാ പറഞ്ഞു.കേന്ദ്ര സായുധ സേനകളും വിവിധ സംസ്ഥാന പൊലീസ് സേനയും ഭാരതത്തെ നക്‌സല്‍ മുക്തമാക്കാന്‍ നടത്തിയ പരിശ്രമങ്ങളെ ഷാ അഭിനന്ദിച്ചു നക്‌സലിസം മൂലം ജീവന്‍ നഷ്‌ടപ്പെട്ടവര്‍ക്ക് അദ്ദേഹം ആദരമര്‍പ്പിച്ചു.

നക്‌സലിസം വികസനം അനുവദിക്കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു. മോദി ഭരണത്തില്‍ ഈ മേഖലകളിലെല്ലാം വികസനം വന്നു. നക്‌സലിസത്തിന്‍റെ വേരുകള്‍ വികസനവുമായി ബന്ധിക്കുന്നില്ല. തന്‍റെ വാദം തെളിയിക്കാനായി ബിജെപി നേതാവ് പല ഉദാഹരണങ്ങളും നിരത്തി.വികസനവും ആളോഹരി വരുമാനവുമാണ് മാനദണ്ഡമെങ്കില്‍ 1970കള്‍ക്ക് ശേഷം പല മേഖലകളിലും വികസനമെത്തിയിട്ടില്ല. എന്നിട്ട് അവിടെയൊന്നും എന്ത് കൊണ്ട് നക്‌സലിസം എത്തിയില്ലെന്നും അമിത് ഷാ ചോദിച്ചു.1970 മുതല്‍ 2004 വരെ നാല് വര്‍ഷം ഒഴികെ കോണ്‍ഗ്രസ് ആണ് രാജ്യം ഭരിച്ചത്. 1970കളില്‍ ഇവിടെയൊരു മുദ്രാവാക്യം ഉയര്‍ന്നു- നിങ്ങളുടെ ബോധ്യം പോലെ വോട്ട് ചെയ്യൂ. ഇന്ദിരാഗാന്ധി ആയിരുന്നു ഈ മുദ്രാവാക്യത്തിന് പിന്നില്‍. ആ സമയത്താണ് നക്‌സല്‍ബാരിയില്‍ നിന്ന് പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്ക് നക്‌സലിസം പടര്‍ന്ന് പന്തലിച്ചത്.

നക്‌സലിസം ഇരുപതിനായിരം ജീവനുകളെടുത്തെന്നും അമിത് ഷാ ആരോപിച്ചു. ഇത് ഒരു പ്രത്യയശാസ്‌ത്ര പോരാട്ടമായിരുന്നു. അധികാരകേന്ദ്രങ്ങള്‍ ഇല്ലാതാക്കുക എന്നായിരുന്നു ഈ പോരാട്ടത്തിന്‍റെ ലക്ഷ്യം. നക്‌സല്‍ കോടതികളെ ന്യായീകരിക്കാനാകില്ല. അവര്‍ സമാന്തര സര്‍ക്കാരുകളാണ്. ഛത്തീസഗഡിലെ ബസ്‌തറില്‍ അവരുടെ ആഭ്യന്തരമന്ത്രിയും നിയമമന്ത്രിയുമുണ്ട്. ഭരണഘടനയില്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അമിത് ഷാ ആരോപിച്ചു. ഇതിനെ എങ്ങനെ പിന്തുയ്ക്കാനാകും. ആയുധം ഉപേക്ഷിച്ചില്ലെങ്കില്‍ കൊന്ന് തള്ളുമെന്ന് തന്നെയാണ് നമ്മുടെ സര്‍ക്കാരിന്‍റെ നയമെന്നും അമിത് ഷാ വ്യക്തമാക്കി. 1969ല്‍ ജനാധിപത്യത്തിനെതിരെ സിപിഐ എംഎല്‍ രൂപീകരിക്കപ്പെട്ടു എന്നും അമിത് ഷാ ആരോപിച്ചു.192 മുതല്‍ 2026വരെ ഒരു നൂറ്റാണ്ട് നീളുന്ന ചരിത്രമാണ് നക്‌സിലിസത്തിന്‍റെത്. നക്‌സലുകളെ മഹത്വവത്ക്കരിക്കരുതെന്നും  അമിത് ഷാ പറഞ്ഞു. ഇത് ബിജെപി സര്‍ക്കാരാണ്. ഓരോ പൗരന്‍മാരുടെയും സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നക്‌സലുകളോട് അനുകമ്പ കാട്ടണമെന്നാണ് അര്‍ബന്‍ നക്‌സലുകളുടെ ആവശ്യം. ഇവര്‍ കൊന്ന് തള്ളിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്ക് വേണ്ടി ഭരണഘടനയില്‍ ഒരു അനുച്‌ഛേദവും ഇല്ലെന്നും അമിത് ഷാ പറഞ്ഞു.

അര്‍ബന്‍ നക്‌സലുകളുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. നക്‌സല്‍ ബാധിത മേഖലയില്‍ അയ്യായിരം മൊബൈല്‍ ടവറുകള്‍ വന്ന് കഴിഞ്ഞു. 1804 ബാങ്ക് ശാഖകള്‍ തുറന്നു. 37850 ബാങ്ക് ഇടപാടുകള്‍ നടക്കുന്നു. 12 വര്‍ഷം കൊണ്ട് 635 തപാല്‍ ഓഫീസുകള്‍ സ്ഥാപിക്കപ്പെട്ടു. നക്‌സലിസം തുടച്ച് നീക്കി ഈ മേഖലകളിലെല്ലാം വികസനം കൊണ്ടു വന്നു കഴിഞ്ഞു എന്നും ഷാ അവകാശപ്പെട്ടു.ഛത്തീസ്‌ഗഡിലെ ജഗ്‌ദല്‍പൂരില്‍ മോദി സര്‍ക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിച്ചു. സുരക്ഷയ്ക്കായി പ്രത്യേക അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കി. അക്രമത്തിന്‍റെ പാതയില്‍ ഉള്ളവരെയെല്ലാം അവസാനിപ്പിച്ചു. ഇത് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചില്ല. നക്‌സലുകള്‍ അക്രമത്തിന്‍റെ പാതയിലായിരുന്നു. അനധികൃതമായതിനെ എല്ലാം ശക്തമായി കൈകാര്യ ചെയ്യുമെന്ന സന്ദേശമാണ് നരേന്ദ്ര മോദി നല്‍കുന്നത്.മൂന്ന് വര്‍ഷത്തിനിടെ 706 നക്‌സലുകളെ വധിച്ചു. ഇതാണ് സര്‍ക്കാരിന്‍റെ സമീപനം. ചര്‍ച്ച വേണ്ടവരോട് ചര്‍ച്ച ചെയ്യും. എന്നാല്‍ കര്‍കരെയും സാധാരണക്കാരെയും കൊന്ന് തള്ളുന്നവരെ അതേ നാണയത്തില്‍ തന്നെ നേരിടും. തെലങ്കാനയിലും ഛത്തീസ്‌ഗഡിലും നടപ്പാക്കിയ ഓപ്പറേഷന്‍ ബ്ലാക് ഫോറസ്റ്റിന്‍റെ വിവരങ്ങളും ഷാ പങ്ക് വച്ചു.