സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും ഉപരാഷ്ട്രപതിയും

 PHOTO: Vice President C. P. Radhakrishnan unveiled the statue of social reformer and freedom fighter Mannathu Padmanabhan at the Mannam International Centre, New Delhi, organised by the Nair Service Society (NSS), Delhi, today

 ന്യൂഡൽഹി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും. ദില്ലിയിൽ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് ഇരുവരും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. പെരുന്നയിലെ നിലവിലെ നേതൃത്വം സ്വയം ശുദ്ധീകരിക്കപ്പെടുകയോ അല്ലെങ്കിൽ കാലം അവരെ തിരുത്തുകയോ ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം സാമൂഹിക മണ്ഡലത്തിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും, പഴയ രീതികൾക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുകുമാരൻ നായരെ പേരെടുത്ത് പറയാതെയായിരുന്നു ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വിമർശനം. “താനാണ് എല്ലാം തീരുമാനിക്കുന്നത്, ഇന്നയാൾ വരണം, ഇന്നയാൾ വരണ്ട എന്ന് തീരുമാനിക്കാൻ തനിക്ക് അധികാരമുണ്ട് എന്ന ചിന്ത ആർക്കും പാടില്ല,” എന്ന് അദ്ദേഹം തുറന്നടിച്ചു. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ താനടക്കമുള്ളവർക്ക് അനുമതി നിഷേധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതികരണം. മുൻ ഗവർണർ ആനന്ദബോസ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ, ആനന്ദ ബോസിന്റെ നിർദ്ദേശപ്രകാരമാണ് ദില്ലിയിൽ മന്നം സ്മൃതി മണ്ഡപം യാഥാർത്ഥ്യമാക്കിയത്. ഉന്നത പദവിയിലുള്ളവർക്ക് പോലും സമാധിയിൽ പുഷ്പാര്‍ച്ചന അർപ്പിക്കാൻ അനുമതി നൽകാതിരുന്നത് നേരത്തെ വലിയ വിവാദമായിരുന്നു. നേതൃത്വത്തിന്റെ ഇത്തരം കടുംപിടുത്തങ്ങൾക്കെതിരെ എൻ.എസ്.എസിനുള്ളിലും പുറത്തും പ്രതിഷേധങ്ങൾ ശക്തമാകുന്നതിന്റെ സൂചനയായാണ് ഈ പ്രസ്താവനകളെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.