ഊർജ്ജ ഉപയോഗം വർദ്ദിച്ചു :പ്രതിദിനം 67 ദശലക്ഷംപേർ ഇന്ധന സ്‌റ്റേഷനുകൾ സന്ദർശിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനം ഏകദേശം 67 ദശലക്ഷം ആളുകൾ ഇന്ധന സ്‌റ്റേഷനുകൾ സന്ദർശിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. 2047 ആകുമ്പോഴേക്കും വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ പുരോഗതിക്ക് ഊർജ്ജ മേഖല ശക്തി പകരുമെന്നും ഹർദീപ് സിങ് പുരി പറഞ്ഞു. കഴിഞ്ഞ ആഴ്‌ച ഇന്ത്യയുടെ ഓഫ്‌ഷോർ പ്രദേശത്തിൻ്റെ 99 ശതമാനവും എണ്ണ, വാതക പര്യവേക്ഷണത്തിനായി സർക്കാർ തുറന്നുകൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇപ്പോൾ 40-ലധികം രാജ്യങ്ങളിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും മുമ്പ് 27 രാജ്യങ്ങളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിൻ്റെ ഊർജ്ജ ആവശ്യകതകൾ അതിവേഗം വളരുന്നതിൻ്റെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തെയും വാഹനങ്ങളുടെ എണ്ണത്തിലുള്ള വർധനവിനെയും ഈ മാറ്റം എടുത്തുകാണിക്കുന്നു. ഒപ്പം രാജ്യത്തിൻ്റെ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലകളില്‍ ഊർജ്ജ ഉപഭോഗം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും മനസിലാക്കാൻ ഈ കണക്കുകൾ ധാരാളമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.2025-26 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ ഇന്ത്യ 7.8% എന്ന ശക്തമായ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 4.3 ട്രില്യൺ ഡോളർ ജിഡിപിയുമായി രാജ്യം ഇപ്പോൾ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുകയാണെന്ന് ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതി എടുത്തുകാണിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് മന്ത്രി വിവരങ്ങൾ പങ്കുവച്ചത്.
ഇന്ത്യ നിലവിൽ പ്രതിദിനം ഏകദേശം 5.5 ദശലക്ഷം ബാരൽ എണ്ണ ഉപയോഗിക്കുന്നുണ്ടെന്നും ഊർജ്ജ ആവശ്യങ്ങൾ എത്രത്തോളം വളർന്നു. ഇന്ത്യയുടെ ഗ്യാസ് പൈപ്പ്‌ലൈൻ ശൃംഖല വിപുലീകരക്കാനും ലക്ഷ്യമുണ്ടെന്നും ഹർദീപ് സിങ് പറഞ്ഞു.ഇന്ത്യയുടെ ഗ്യാസ് പൈപ്പ്‌ലൈൻ ശൃംഖല നിലവിൽ 24,500 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. വിശാലമായ ഊർജ്ജ ലഭ്യത ഉറപ്പാക്കുന്നതിനായി ഇന്ത്യയുടെ ഗ്യാസ് പൈപ്പ്‌ലൈൻ ശൃംഖല 2030 ആകുമ്പോഴേക്കും 33,000 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ഉജ്ജ്വല യോജന വഴി 10.6 കോടിയിലധികം കുടുംബങ്ങൾക്ക് എൽപിജി കണക്ഷനുകൾ നൽകിയിട്ടുണ്ട്.കൂടാതെ, ഏകദേശം 1.55 കോടി വീടുകൾക്ക് പൈപ്പ് വഴി പ്രകൃതിവാതകം (പിഎൻജി) ലഭിക്കുന്നുണ്ടെന്ന് ഹർദീപ് സിങ് പുരി പറഞ്ഞു. രാജ്യത്ത് നിലവിൽ ഏകദേശം 8,300 സിഎൻജി സ്‌റ്റേഷനുകളുണ്ട്. അവ പ്രതിദിനം ദശലക്ഷക്കണക്കിന് വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നുണ്ട്. ശുദ്ധമായ ഇന്ധനമാണ് ആളുകൾക്ക് ആവശ്യമെന്നും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.114 കംപ്രസ്‌ഡ് ബയോഗ്യാസ് (സിബിജി) പ്ലാൻ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ശുദ്ധമായ ഊർജ്ജത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഗ്രീൻ ഹൈഡ്രജൻ, സുസ്ഥിര വ്യോമയാന ഇന്ധനം (എസ്എഎഫ്) എന്നിവയെക്കുറിച്ചുള്ള പദ്ധതികൾ വേഗത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഹർദീപ് സിങ് പുരി പറഞ്ഞു.