ഉന്നാവോ ബലാത്സംഗക്കേസ്‌ : പ്രതി, ബിജെപി മുൻ എംഎല്‍എ കു​ൽ​ദീ​പ് സി​ങ് സെൻ ​ഗാ​റിൻ്റെ ജീവപര്യന്തം തടവ് ശിക്ഷയ്‌ക്ക് താൽക്കാലിക സ്റ്റേ

 ഉന്നാവോ ബലാത്സംഗക്കേസ്‌ : പ്രതി, ബിജെപി മുൻ എംഎല്‍എ കു​ൽ​ദീ​പ് സി​ങ് സെൻ ​ഗാ​റിൻ്റെ ജീവപര്യന്തം തടവ് ശിക്ഷയ്‌ക്ക് താൽക്കാലിക സ്റ്റേ

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസ്‌ പ്രതിയും ബിജെപി മുൻ എംഎല്‍എയുമായ കു​ൽ​ദീ​പ് സി​ങ് സെൻ ​ഗാ​റിൻ്റെ ജീവപര്യന്തം തടവ് ശിക്ഷയ്‌ക്ക് താൽക്കാലിക സ്റ്റേ. പിന്നാലെ കു​ൽ​ദീ​പ് സി​ങിന് ഡല്‍ഹി ഹൈക്കോടതി ജാമ്യവും അനുവദിച്ചു. ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കപ്പെട്ട  ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ കുൽദീപ് സി​ങിന് ഇന്നാണ്  കോടതി ജാമ്യം അനുവദിച്ചു.

ചില വ്യവസ്ഥകളോടെയാണ് സെൻഗാറിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്ന് ആള്‍ ജാമ്യവും അടങ്ങുന്ന വ്യവസ്ഥയോടെയാണ് ജാമ്യം നല്‍കിയത്. ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റെയാണ് നിര്‍ദേശം.കൂടാതെ ഇരയുടെ വീടിൻ്റെ 5 കിലോമീറ്റർ ചുറ്റളവിനുള്ളിൽ പ്രവേശിക്കരുതെന്നും പെൺക്കുട്ടിയെയോ കുടുംബത്തെയോ സമീപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.

“ശിക്ഷ താൽക്കാലികമായി സ്റ്റേ ചെയ്യുന്നു. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിനൊപ്പം സമാന തുകയുള്ള മൂന്ന് ജാമ്യക്കാരെയും ഹാജരാക്കണം. ഇരയുടെ വസതിയുടെ 5 കിലോമീറ്റർ പരിധിക്കുള്ളിൽ പ്രവേശിക്കരുത്. അപ്പീൽ പരിഗണനയിലിരിക്കെ ഡൽഹിയിൽ തന്നെ താമസിക്കണം. കുറ്റക്കാരനായി കണ്ടെത്തുന്ന പക്ഷം ശേഷിക്കുന്ന ശിക്ഷ അനുഭവിക്കേണ്ടതായി വരും. പാസ്‌പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കണം. എല്ലാ തിങ്കളാഴ്‌ചയും രാവിലെ 10 മണിക്ക് പ്രാദേശത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം” എന്ന് നിബന്ധനകൾ പ്രഖ്യാപിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.

ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. 2019 ഡിസംബറിൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സെൻഗാർ അപ്പീൽ നൽകിയിരുന്നു. ബലാത്സംഗക്കേസിലെ കുറ്റവിചാരണയും ശിക്ഷയും ചോദ്യം ചെയ്‌തുകൊണ്ടാണ് സെൻഗാർ അപ്പീൽ നൽകിയത്. അത് തീർപ്പാകുന്നതുവരെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്‌തിരിക്കുകയാണ്.

2017-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സെൻഗാർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഈ കേസും ബന്ധപ്പെട്ട മറ്റ് കേസുകളും 2019 ഓഗസ്റ്റ് 1-ന് സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഉത്തർപ്രദേശിലെ വിചാരണക്കോടതിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയിരുന്നു.

അതേസമയം പെൺകുട്ടിയുടെ പിതാവിൻ്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ലഭിച്ച ശിക്ഷയ്‌ക്കെതിരായ സെൻഗാറിൻ്റെ അപ്പീൽ ഇപ്പോഴും പരിഗണനയിലാണ്. ആ കേസിൽ ഇതിനകം വലിയ കാലയളവ് ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്ന കാരണത്താൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് സെൻഗാർ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയിൽ മരണം സംഭവിച്ച കേസിൽ സെൻഗാറിന് 10 വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിലെ ബംഗർമാവു മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു സെൻഗാർ. ബിഎസ്പി, സമാജ്‌വാദി പാർട്ടി എന്നിവയിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയ അദ്ദേഹം പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. 2017-ൽ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയാണ് ഇയാൾ. ഈ കേസിൽ 2019-ൽ ഡൽഹിയിലെ വിചാരണ കോടതി സെൻഗാറിനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു. പീഡനക്കേസിൽ പ്രതിയായതിനെത്തുടർന്ന് 2019 ഓഗസ്റ്റിൽ സെൻഗാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കി. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിലും ഇയാൾക്ക് 10 വർഷം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്.