ഉണ്ണികൃഷ്‌ണന്‍ പോറ്റിക്ക് കോടികളുടെ ഇടപാടുകള്‍: രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

 ഉണ്ണികൃഷ്‌ണന്‍ പോറ്റിക്ക് കോടികളുടെ ഇടപാടുകള്‍: രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട :  ശബരിമലയിലെ വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്‌ണന്‍ പോറ്റിക്ക് കോടികളുടെ ഇടപാടുകള്‍! ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. പലിശയ്ക്ക് പണം നല്‍കി പലയിടത്തും ഭൂമി ഏറ്റെടുത്തുവെന്നാണ് വിവരം. മൂന്നു വര്‍ഷത്തിനിടെ 30 കോടിയിലേറെ രൂപയുടെ ഭൂമിക്കച്ചവടം നടത്തിയതായും റിപ്പോര്‍ട്ടിൽ പറയുന്നു.സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ഭൂമി രജിസ്റ്റര്‍ ചെയ്‌തതിൻ്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.തലസ്ഥാനത്തു തന്നെ കോടികളുടെ ഇടപാടുകളാണ് നടത്തിയിരിക്കുന്നത്. 2020 നും 2025 നുമിടയിലാണ് കോടികളുടെ ഇടപാടുകള്‍ നടന്നതെന്നാണ് വിലയിരുത്തല്‍. ബംഗളൂരുവിലും ഭൂമി ഇടപാടുകള്‍ നടന്നതായി റിപ്പോർട്ടുണ്ട്.

ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചാണ് ഉണ്ണികൃഷ്‌ണന്‍ പോറ്റി സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നാണ് വിവരം. ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങളെടുക്കാന്‍ ഉണ്ണികൃഷ്‌ണന്‍ പോറ്റി പ്രത്യേക സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നാണ് നിഗമനം. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി റവാഡ ചന്ദ്രശേഖര്‍, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്.ഭക്തരിൽ നിന്നും നെയ്‌ത്തേങ്ങകള്‍ ശേഖരിച്ച്‌ ശബരിമലയിൽ അഭിഷേകം നടത്തി നല്‍കിയും ഉണ്ണികൃഷ്‌ണന്‍ പോറ്റി ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയിട്ടുണ്ട്. അഭിഷേകം നടത്തി പ്രസാദം ഭക്തര്‍ക്ക് നല്‍കി ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ പിരിച്ചത്. 2021 മുതല്‍ 2023 വരെ പതിനായിരത്തി ഒന്ന് നെയ്‌ത്തേങ്ങകളാണ് ഇത്തരത്തില്‍ ശബരിമലയിൽ എത്തിച്ചത്.വിവിധ ഇടങ്ങളിലെ ഭക്തരില്‍ നിന്ന് നെയ്‌ത്തേങ്ങകള്‍ ശേഖരിക്കും. ഇത് പമ്പയില്‍ നിന്ന് ട്രാക്‌ടറുകളില്‍ സന്നിധാനത്ത് എത്തിക്കും. അഭിഷേകം നടത്തി പ്രസാദം ഭക്തര്‍ക്ക് നല്‍കും. ഇതുവഴിയാണ് ലക്ഷക്കണക്കിന് രൂപ പിരിച്ചത്. ആചാരപ്രകാരം ഇരുമുടിക്കെട്ടുകളിലാണ് നെയ്‌ത്തേങ്ങ എത്തിക്കേണ്ടത്. 2023 ല്‍ ഇത് കണ്ടെത്തുകയും ഇയാൾ നടത്തി വന്ന ഇടപാട് ദേവസ്വം ബോര്‍ഡ് വിലക്കുകയും ചെയ്‌തിരുന്നു.