ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക

വാഷിങ്ടൺ: ഇറാന് നേരെ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിൻ്റെ ഭാഗമായി ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് അമേരിക്ക പുതിയ ആക്രമണ പരമ്പരകൾ ആരംഭിച്ചത്.ഇന്നലെ വൈകിട്ട് നാലോടെയാണ് ആക്രമണം തുടങ്ങിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്കോം) എക്സിലൂടെ അറിയിച്ചു. ഇറാൻ്റെ സൈനിക ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഭീഷണി ചെറുക്കാൻ ഇത് അനിവാര്യമാണെന്നും സെൻ്റ്കോം വ്യക്തമാക്കി. ലോകത്തെ പ്രധാന എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാനാണ് അമേരിക്കയുടെ നീക്കം.
അതേസമയം തെക്കുകിഴക്കൻ ഇറാനിലെ റുദ്ബാർ ഇ ജൊനുബിന് മുകളിൽ വച്ച് അമേരിക്കയുടെ ക്രൂയിസ് മിസൈൽ തടഞ്ഞ് നശിപ്പിച്ചതായി ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി അവകാശപ്പെട്ടു. തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിലും വടക്കുപടിഞ്ഞാറൻ നഗരമായ തബ്രിസിലും വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്തിൻ്റെ തെക്കൻ തീരപ്രദേശങ്ങളിലും ഉൾനാടുകളിലും ആക്രമണം വ്യാപിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് ഇറാൻ്റെ ആരോപണം.
മേഖലയിൽ സംഘർഷം വ്യാപിക്കുന്നതിൻ്റെ സൂചനകളാണ് പുറത്തുവരുന്നത്. കുവൈത്തിന് നേരെ വന്ന ശത്രുതാപരമായ ലക്ഷ്യങ്ങൾ തകർത്തതായും ബഹ്റൈനിൽ അപായ സൈറണുകൾ മുഴങ്ങിയതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ മിസൈലുകൾ വെടിവച്ചിട്ടതായി ജോർദാനും സ്ഥിരീകരിച്ചിട്ടുണ്ട്.ഇറാനെതിരെ കർശന നിലപാടുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കൻ സൈനികരെ ഇറാൻ കൊലപ്പെടുത്തുന്ന ഓരോ തവണയും അവർ അതിന് വലിയ വില നൽകേണ്ടി വരുമെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട കർശന നിർദേശങ്ങൾ വാർ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ജോയിൻ്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാനിയൽ കെയ്ൻ എന്നിവർക്കും മറ്റ് സൈനിക മേധാവികൾക്കും നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയ്ക്ക് ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിക്കുമെന്ന് ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആക്രമണം നടത്താൻ ശ്രമിക്കുന്നവർക്ക് ഇതൊരു താക്കീതായിരിക്കുമെന്നും ഐആർജിസി ഹൈക്കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അമേരിക്കയുമായി പൂർണതോതിലുള്ള യുദ്ധത്തിലാണ് ഇറാനെന്ന് പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചു. സൈനിക ആക്രമണങ്ങൾക്കപ്പുറത്തേക്ക് ഈ പോരാട്ടം വ്യാപിച്ചിരിക്കുകയാണെന്നും രാജ്യത്തിൻ്റെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഏത് പ്രത്യാഘാതങ്ങളും നേരിടാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിപശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ ആഗോള തലത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇസ്രയേൽ ഫലസ്തീൻ സംഘർഷത്തിന് പിന്നാലെ അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നത് ലോക സമാധാനത്തിന് തന്നെ വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാനും ഈ സൈനിക നീക്കങ്ങൾ കാരണമായേക്കാം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതിൻ്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.