യുഎസ് ആതിഥേയത്വം വഹിക്കുന്നു : പുതിയ റൗണ്ട് ചർച്ചകൾക്ക് തുടക്കമിട്ട് ഇസ്രായേലും ലെബനനും

വാഷിംങ്ടൺ : ഇസ്രായേലും ലബനാനും തമ്മിലുള്ള പുതിയ ചർച്ചകൾക്കായി വാഷിംഗ്ടൺ ഡിസിയിൽ ഇന്ന് തുടക്കമാവുകയാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ചർച്ചകൾ മേഖലയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടക്കുന്നത് ( Israel Lebanon Talks). കഴിഞ്ഞ ആഴ്ച യുഎസ്-ഇറാൻ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചതിന് പിന്നാലെ, ലബനാനിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്നത് ഇറാൻ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിലൊന്നാണ്. എന്നാൽ, ചർച്ചകൾക്ക് മുന്നോടിയായി ഇസ്രായേൽ കടുത്ത നിലപാടുകളാണ് ഇപ്പോഴും സ്വീകരിക്കുന്നത്.
ലബനാനിൽ നിന്ന് പിന്മാറാൻ തങ്ങൾ തയ്യാറല്ലെന്ന് ഇസ്രായേൽ ആവർത്തിക്കുന്നു. ഇസ്രായേൽ അതിർത്തികൾ സംരക്ഷിക്കാൻ ലബനാനിലെയും സിറിയയിലെയും ഗാസയിലെയും സുരക്ഷാ മേഖലകളിൽ അനിശ്ചിതകാലത്തേക്ക് സൈന്യം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ് വ്യക്തമാക്കി. അതിർത്തിയിൽ ഭീഷണികൾ നേരിടാൻ സൈന്യത്തിന് ‘പൂർണ്ണ സ്വാതന്ത്ര്യം’ ഉണ്ടായിരിക്കുമെന്നും, ആവശ്യമുള്ള കാലത്തോളം സൈന്യം ലബനാനിൽ തുടരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആവർത്തിക്കുന്നു.
ലബനാൻ പ്രസിഡന്റ് ജോസഫ് ഔൺ വെടിനിർത്തൽ ഉറപ്പാക്കുന്നതിനുള്ള ‘ഡീ-കോൺഫ്ലിക്ഷൻ’ സംവിധാനങ്ങളെക്കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി സംസാരിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ സൈന്യം ലബനാനിൽ നിന്ന് പൂർണ്ണമായും പിന്മാറണമെന്ന ആവശ്യത്തിലാണ് ഹിസ്ബുള്ള ഉറച്ചുനിൽക്കുന്നത്. ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാതെ യാതൊരു ചർച്ചയും ഫലപ്രദമല്ലെന്ന് ഹിസ്ബുള്ള വ്യക്തമാക്കുന്നു.
അമേരിക്കയും ഇറാനും: ലബനാനിലെ വെടിനിർത്തൽ നിരീക്ഷിക്കുന്നതിനായി ഒരു പ്രത്യേക കോർഡിനേഷൻ സംവിധാനം രൂപീകരിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് അറിയിച്ചിട്ടുണ്ട്. ലബനാൻറെ പരമാധികാരവും ഇസ്രായേലിന്റെ സുരക്ഷയും ഒരുപോലെ സംരക്ഷിക്കാനാണ് യുഎസ് ശ്രമിക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ചർച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്തെങ്കിലും, വെടിനിർത്തൽ എത്രത്തോളം ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കരാറിന്റെ വിജയമെന്ന് മുന്നറിയിപ്പ് നൽകി.