പ്രത്യാക്രമണങ്ങൾ തത്സമയം നിരീക്ഷിക്കാൻ യുഎസ് നേവിയുടെ എംക്യു 4 സി ട്രൈറ്റണുള്‍പ്പെടെ ഹോര്‍മുസ് കടലിടുക്കില്‍

ടെഹ്‌റാന്‍: ആക്രമണത്തിന് പിന്നാലെ ഇറാൻ്റെ ആകാശത്തും ഗള്‍ഫ് ഓഫ് ഒമാന്‍ മേഖലയിലും നിരീക്ഷണം ശക്തമാക്കി അമേരിക്കന്‍ നാവികസേനയുടെ എം ക്യു ഫോര്‍ സി ട്രൈറ്റണ്‍ ഡ്രോണുകള്‍. അത്യാധുനിക സെന്‍സറുകളുള്ള ഈ ഡ്രോണുകള്‍ ഇറാന്റെ ഭാഗത്തു നിന്നുള്ള പ്രത്യാക്രമണ സാധ്യതകള്‍ തത്സമയം നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനുമാണ് വിന്യസിച്ചിരിക്കുന്നത്.
ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇന്നു രാവിലെയാണ് യുഎസ് ഇസ്രയേല്‍ സംയുക്ത ആക്രമണം തുടങ്ങിയത്. ഇറാന്റെ പ്രസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപമുള്ള മേഖലകളുമാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നാണ് സൂചന. അമേരിക്കന്‍ സൈന്യത്തിന്റെ പരോക്ഷ പിന്തുണയോടെയാണ് ഈ 'പ്രീ-എംപ്റ്റീവ്' (മുന്‍കരുതല്‍ ആക്രമണം) നടത്തുന്നത്.ഇറാന്റെ ആകാശത്ത് നിരീക്ഷണം ശക്തമാക്കി അമേരിക്കന്‍ നാവികസേനയുടെ ഡ്രോണുകള്‍ വട്ടമിട്ട് പറക്കുന്നുണ്ട്. അമേരിക്കന്‍ നാവികസേനയുടെ അത്യാധുനിക നിരീക്ഷണ ഡ്രോണുകള്‍ ഇറാനിയന്‍ അതിര്‍ത്തികളിലും തന്ത്രപ്രധാന മേഖലകളിലുമുണ്ട്. ആക്രമണത്തിന് ശേഷം ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണ സാധ്യതകള്‍ നിരീക്ഷിക്കാന്‍ യുഎസ് നേവിയുടെ എംക്യു-4സി ട്രൈറ്റണ്‍ ഡ്രോണുകളും സജീവമാണ്. ഇറാന്‍ പ്രത്യാക്രമണം നടത്താന്‍ സാധ്യതയുള്ള മിസൈല്‍ ലോഞ്ചറുകള്‍, നാവിക കപ്പലുകള്‍ എന്നിവയുടെ നീക്കം തത്സമയം വൈറ്റ് ഹൗസിലേക്കും ഇസ്രയേല്‍ കമാന്റ് സെന്ററുകളിലേക്കും എത്തിക്കാന്‍ ട്രൈറ്റണ്‍ ഡ്രോണുകള്‍ക്ക് കഴിയും.കഴിഞ്ഞ ജൂണില്‍ നടന്ന 12 ദിവസത്തെ വ്യോമയുദ്ധത്തിന് ശേഷം ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോയാല്‍ വീണ്ടും ആക്രമിക്കുമെന്ന് അമേരിക്കയും ഇസ്രയേലും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചത് നിലവിലെ വലിയ സൈനിക നീക്കത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.