അറബിക്കടലിൽ ഇറാൻ ഡ്രോൺ വെടിവച്ചിട്ട് യുഎസ് ; സ്വയം പ്രതിരോധമെന്ന് സൈന്യം

അറബിക്കടലിൽ ഇറാൻ ഡ്രോൺ വെടിവച്ചിട്ട് യുഎസ്  ; സ്വയം പ്രതിരോധമെന്ന് സൈന്യം

വാഷിങ്‌ടൺ: യുഎസ് വിമാനവാഹിനി കപ്പലിന് നേരെയെത്തിയ ഇറാൻ്റെ ഡ്രോൺ വെടിവച്ചിട്ട് അമേരിക്ക. പടക്കപ്പലായ എബ്രഹാം ലിങ്കന് നേരെ എത്തിയ ഡ്രോണാണ് വെടിവച്ചിട്ടതെന്ന് യുഎസ് സൈന്യം അറിയിച്ചു. അറബിക്കടലിൽ വച്ചായിരുന്നു സംഭവം.

കടലിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് യുഎസ് വിമാനവാഹിനിക്കപ്പലിനടുത്തേക്ക് അടുക്കുന്ന ഇറാനിയൻ ഡ്രോൺ പാഞ്ഞെത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കപ്പലിലെ എഫ്–35സി യുദ്ധവിമാനം ഉപയോഗിച്ച് ഡ്രോൺ വെടിവച്ചിട്ടുവെന്ന് യുഎസ് സൈനിക വക്താവ് പറഞ്ഞു. വിമാനവാഹിനിക്കപ്പലിൻ്റെയും അതിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായാണ് ഇങ്ങനെ ചെയ്‌തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് വ്യക്തമാക്കി.അമേരിക്ക-ഇറാൻ സംഘർഷം മുറുകുന്നതിനിടെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. എന്നാൽ അവയുടെ പിന്നിലെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം നിരീക്ഷണ ഡ്രോൺ നൽകിയ വിവരങ്ങൾ സുരക്ഷിതമാണെന്നും പിന്നീട് അവയുമായുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടുവെന്നും ഇറാനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആണവ ചർച്ചയിൽ അമേരിക്കയുടെ ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്ന നിലപാട് ഖമേനിയുടെ മുഖ്യ ഉപദേഷ്‌ടാവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ഇറാനുമായി കരാറിലേര്‍പ്പെടുമെന്ന് ട്രംപ് .

ഇറാൻ-അമേരിക്ക ചർച്ചകള്‍ക്ക് പിന്നാലെ ഇറാനുമായി കരാറിലേര്‍പ്പെടുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരായ ഏതൊരു അമേരിക്കൻ ആക്രമണവും ഒരു പ്രാദേശിക യുദ്ധത്തിന് കാരണമാകുമെന്ന് ഇറാൻ്റെ പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകിയതിനെത്തുടര്‍ന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം.കഴിഞ്ഞ മാസം ഇറാനിലുണ്ടായ പ്രതിഷേധത്തില്‍ ഭരണകൂടം മാരകമായ നടപടികളാണ് കൈക്കൊണ്ടത്. ഇതിനെത്തുടര്‍ന്ന് ട്രംപ് സൈനിക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വിമാന വാഹിനിക്കപ്പൽ സംഘത്തെ അയയ്ക്കാൻ ഉത്തരവിടുകയും ചെയ്‌തിരുന്നു. ഇറാനില്‍ നടന്ന സമീപകാല പ്രതിഷേധങ്ങളെ ഭരണകൂട അട്ടിമറിയോട് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉപമിച്ചു. യുഎസ് ആക്രമണം ഇറാനില്‍ സംഘർഷത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചി പറഞ്ഞിരുന്നു. ട്രംപ് ശരിയായ തീരുമാനം എടുക്കാൻ തക്ക ബുദ്ധിമാനാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. അമേരിക്കയോടും ഇറാനോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് അറബ് നയതന്ത്രജ്ഞരും നേരത്തെ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇറാന് മേൽ അമേരിക്കയുടെ സമ്മർദം തുടരുന്ന സാഹചര്യത്തിലാണ് അറബ് നയതന്ത്രജ്ഞരുടെ ഇടപെടൽ.