യുഎസ് താരിഫ് ഇന്ത്യയെ തളർത്തിയില്ല: രാജ്യം സാമ്പത്തിക വളർച്ച കൈവരിച്ചതായി റിപ്പോർട്ട്

യുഎസ് താരിഫ് ഇന്ത്യയെ തളർത്തിയില്ല: രാജ്യം സാമ്പത്തിക വളർച്ച കൈവരിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: ധനകാര്യ മന്ത്രാലയത്തിൻ്റെ പ്രതിമാസ സാമ്പത്തിക അവലോകനത്തിലെ ധനകാര്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം  ഈ സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ച കൈവരിച്ചതായി റിപ്പോർട്ടുകൾ. അമേരിക്ക ഇന്ത്യയ്ക്ക് മേൽ ഉയർന്ന താരിഫ് ഏർപ്പെടുത്തിയെങ്കിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ച കൈവരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നുത് .വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (WEO) റിപ്പോർട്ടും ഇതുതന്നെ പറയുന്നു.

 "ഓഗസ്റ്റിൽ അമേരിക്ക ഇന്ത്യയ്ക്ക് മേൽ ഉയർന്ന തീരുവ ചുമത്തിയതിനാൽ ഈ കണക്കുകൾ വളരെ പ്രധാന്യമർഹിക്കുന്നു" എന്ന് റിപ്പോർട്ടിൽ പ്രസ്‌താവിക്കുന്നു. ബാഹ്യ പ്രതിസന്ധികൾക്കിടയിലും താരിഫ് തരണം ചെയ്‌തത് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയെയും നിലവിലെ പരിഷ്‌ക്കാരങ്ങളുടെ ഫലപ്രാപ്‌തിയെയും എടുത്തുകാണിക്കുന്നു.പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ വിവിധ മേഖലകളിലെയും ഫ്രീക്വൻസി സൂചകങ്ങൾ മെച്ചപ്പെട്ട പുരോഗതി കാണിക്കുന്നു. ജിഎസ്‌ടി പരിഷ്‌കാരങ്ങളും ഉത്സവ സീസണിലെ വർധിച്ച ഡിമാൻഡും മേഖലയിൽ വലിയ മാറ്റം കൊണ്ടുവന്നു. ആഭ്യന്തര ആവശ്യം, അനുകൂലമായ മൺസൂൺ സാഹചര്യങ്ങൾ, കുറഞ്ഞ പണപ്പെരുപ്പം, ജിഎസ്‌ടി പരിഷ്‌കാരങ്ങൾ എന്നിവ സാമ്പത്തിക വർഷത്തിലെ വളർച്ചയ്‌ക്ക് ആക്കം കൂട്ടിയെന്നും മെച്ചപ്പെട്ട രീതിയിൽ തുടരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.ഈ ശുഭാപ്‌തിവിശ്വാസം പ്രതിഫലിപ്പിക്കുന്നതിനായി, അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ് ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) 2026 സാമ്പത്തിക വർഷത്തേക്കുള്ള വളർച്ചാ പ്രവചനങ്ങൾ നേരത്തെ പ്രവചിച്ചിരുന്നു. നേരത്തെ പ്രവചിച്ചിരുന്ന 6.4 ശതമാനത്തിൽ നിന്നും 6.5 ശതമാനത്തിൽ നിന്നും യഥാക്രമം 6.6 ശതമാനമായും 6.8 ശതമാനമായും ഉയര്‍ന്നു.

യുഎസുമായുള്ള വ്യാപാര ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, 2025 സെപ്റ്റംബറിലെ ചരക്ക് വ്യാപാര കയറ്റുമതി ഡാറ്റകൾ പ്രാരംഭ സൂചനകൾ നൽകിയിരുന്നു. കുറഞ്ഞ ജിഎസ്‌ടി നിരക്ക് ഉപഭോക്താക്കളുടെയും ബിസിനസുകളുടെയും നികുതി ഭാരം കുറയ്ക്കുന്നതിലൂടെ ഡിമാൻഡ് വർധിക്കുമെന്ന് പ്രതീക്ഷയുള്ളതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.ഇത് വിവിധ മേഖലകളിലെ ഉപഭോഗവും നിക്ഷേപവും വർധിപ്പിക്കാനും തൊഴിലവസരങ്ങൾ കൂട്ടാനും സഹായകമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ കണക്കുകളിൽ സ്ഥിരതയുണ്ടാകണമെന്നില്ലെന്നും ആഗോള അനിശ്ചിതത്വങ്ങൾ സമ്പദ് ഘടനയെ ബാധിച്ചേക്കാമെന്നും വളർച്ചയ്ക്ക് പ്രതികൂലമായ അപകട സാധ്യതകൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.ഈ വെല്ലുവിളികളെ നേരിടുന്നതിന്, സമ്പദ് വളർച്ച വർധിപ്പിക്കുന്ന പരിഷ്‌കാരങ്ങളും ജിഎസ്‌ടി 2.0 ഉൾപ്പെടെയുള്ള സർക്കാർ സംരംഭങ്ങളും നടപ്പിലാക്കുന്നത് ആഗോള തലത്തിൽ ഉണ്ടാകുന്ന പ്രതികൂല ഫലങ്ങൾ ലഘൂകരിക്കും. ഒപ്പം സാമ്പത്തിക വർഷത്തിൻ്റെ ശേഷിക്കുന്ന കാലയളവിൽ ഇന്ത്യയുടെ സമ്പദ്ഘടനയിൽ സ്ഥിരത കൈവരിക്കാനും കഴിയും.