രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ സ്പീക്കർക്ക് പരാതി നൽകി സിപിഎം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ  സ്പീക്കർക്ക് പരാതി നൽകി സിപിഎം

തിരുവനന്തപുരം: ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ സിപിഎം സ്പീക്കർക്ക് പരാതി നൽകി. എംഎൽഎ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാട്ടി വാമനപുരം എംഎൽഎ ഡി കെ മുരളിയാണ് സ്പീക്കർ എ എൻ ഷംസീറിന് കത്ത് നൽകിയത്. ഈ വിഷയം നിയമസഭയിൽ ഉന്നയിക്കാൻ അവസരം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാമത്തെ പീഡനക്കേസിൽ അറസ്റ്റിലാവുകയും നിലവിൽ ജയിലിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സിപിഎം ഇത്തരമൊരു നിർണായക നീക്കം നടത്തുന്നത്. എംഎൽഎയുടെ നടപടികൾ നിയമസഭയുടെ അന്തസിന് കളങ്കം വരുത്തിയെന്നാണ് ഭരണപക്ഷത്തിൻ്റെ വിലയിരുത്തൽ. രാഹുലിനെതിരെ പൊതുജനങ്ങളിൽ നിന്നും നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും നിയമസഭ സാമാജികർ തന്നെ പരാതി നൽകിയാൽ മാത്രമേ നടപടിക്രമങ്ങൾ പരിശോധിക്കാൻ കഴിയൂ എന്ന് സ്പീക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡി കെ മുരളി എംഎൽഎ നിയമസഭ സെക്രട്ടറി മുഖേന സ്പീക്കറുടെ ഓഫിസിൽ ഔദ്യോഗികമായി പരാതി നൽകിയത്.

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ചില പ്രസംഗങ്ങളും പ്രതികരണങ്ങളും ജുഡീഷ്യറിയെ അവഹേളിക്കുന്നതാണെന്നും ഇത് ജനപ്രതിനിധി എന്ന നിലയിലുള്ള സത്യപ്രതിജ്ഞ ലംഘനമാണെന്നും പരാതിയിൽ ആരോപിക്കുന്നു. ഒരു എംഎൽഎ പാലിക്കേണ്ട ഔദ്യോഗിക മര്യാദകൾ രാഹുൽ ലംഘിച്ചുവെന്നും ഭരണഘടനാ സ്ഥാപനങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നും ഡി കെ മുരളി ചൂണ്ടിക്കാട്ടി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രസംഗങ്ങളുടെ പകർപ്പും മറ്റ് തെളിവുകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

പരാതി പരിശോധിച്ച ശേഷം സ്പീക്കർ ഇത് എത്തിക്‌സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിക്ക് (ധാർമികതയും അവകാശങ്ങളും സംബന്ധിച്ച സമിതി) കൈമാറാനാണ് സാധ്യത. കമ്മിറ്റിക്ക് മുമ്പാകെ പരാതി എത്തിയാൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്ന് സമിതി വിശദമായി പരിശോധിക്കും. ഈ മാസം 20ന് നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഭരണപക്ഷത്തിൻ്റെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്.

ഒരു കേസിൽ പ്രതിയായാലോ അറസ്റ്റിലായാലോ മാത്രം നിയമപരമായി ഒരു എംഎൽഎയെ അയോഗ്യനാക്കാൻ കഴിയില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം കോടതി രണ്ട് വർഷത്തിലധികം തടവുശിക്ഷ വിധിച്ചാൽ മാത്രമേ ഒരു ജനപ്രതിനിധി അയോഗ്യനാക്കപ്പെടുകയുള്ളൂ. എന്നാൽ തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നതും ജയിലിൽ കഴിയുന്നതും സഭയുടെ അന്തസിന് കോട്ടം തട്ടിക്കുന്നുവെന്ന വാദമുയർത്തി എത്തിക്‌സ് കമ്മിറ്റി വഴി നടപടി ആവശ്യപ്പെടാനാണ് സിപിഎമ്മിൻ്റെ തീരുമാനം.

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ സാധാരണ സഭയിൽ ചർച്ച ചെയ്യാറില്ലെങ്കിലും ഇത് അംഗത്തിൻ്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ചർച്ചയ്ക്ക് തടസമില്ലെന്നാണ് സിപിഎം നിലപാട്. ഈ പരാതിയിന്മേൽ സ്പീക്കർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് വരും ദിവസങ്ങളിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കാര്യമാണ്.