പുതുവത്സര സമ്മാനം : ഫ്ലാഗ്‌ ഓഫിനൊരുങ്ങി വന്ദേ ഭാരത് സ്ലീപ്പര്‍: ആദ്യ സര്‍വീസ് ഗുവാഹത്തി-കൊല്‍ക്കത്ത റൂട്ടില്‍

പുതുവത്സര സമ്മാനം : ഫ്ലാഗ്‌ ഓഫിനൊരുങ്ങി വന്ദേ ഭാരത് സ്ലീപ്പര്‍: ആദ്യ സര്‍വീസ് ഗുവാഹത്തി-കൊല്‍ക്കത്ത റൂട്ടില്‍

ന്യൂഡൽഹി: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ മുഴുവൻ പരീക്ഷണ ഓട്ടവും സർട്ടിഫിക്കേഷനും പൂർത്തിയായതായും അദ്ദേഹമറിയിച്ചു. .വടക്കുകിഴക്കൻ ഇന്ത്യയ്‌ക്കും പശ്ചിമ ബംഗാളിനും ഇടയിലുള്ള ബന്ധം ഈ ട്രെയിൻ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ അസമിലെ കാംരൂപ് മെട്രോപൊളിറ്റൻ, ബോംഗൈഗാവ് ജില്ലകൾക്കും ബംഗാളിലെ കൂച്ച്ബെഹാർ, ജൽപായ്‌ഗുരി, മാൾഡ, മുർഷിദാബാദ്, പുർബ ബർധമാൻ, ഹൂഗ്ലി, ഹൗറ ജില്ലകൾക്കും ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബന്ദേൽ, കത്വ, അസിംഗഞ്ച്, ന്യൂ ഫറാക്ക, മാൾഡ ടൗൺ, ന്യൂ ജൽപായ്‌ഗുരി, പശ്ചിമ ബംഗാളിലെ ന്യൂ കൂച്ച്ബെഹാർ, അസമിലെ ന്യൂ ബോംഗൈഗാവ്, ഗുവാഹത്തിയിലെ കാമാഖ്യ എന്നീ പ്രധാന സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.ഏകദേശം 17 മുതൽ 18 ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങുന്ന ട്രെയിന്‍ ദീർഘദൂര യാത്രയിൽ വിപ്ലവം സൃഷ്‌ടിക്കും. ബിസിനസ് ക്ലാസിലെ യാത്രക്കാർക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും വിദ്യാർഥികൾക്കും ഒരുപോലെ ഇതിൻ്റെ ഗുണങ്ങള്‍ ലഭിക്കും.

കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന ഹൈ സ്പീഡ് ട്രയലിൽ മണിക്കൂറിൽ 180 കി.മീ വേഗത കൈവരിച്ചാണ് ഈ ട്രെയിൻ പരീക്ഷണം പൂർത്തിയാക്കിയത്. ആകെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഇതിൽ 11 ത്രീ-ടയർ എസി കോച്ചുകൾ (611 സീറ്റുകൾ), 4 ടൂ-ടയർ എസി കോച്ചുകൾ (188 സീറ്റുകൾ), ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് (24 സീറ്റുകൾ) എന്നിവയുണ്ടാകും. ആകെ യാത്രാശേഷി 823 ആണ്.

യാത്രാ നിരക്ക് (ഭക്ഷണം ഉൾപ്പെടെ):

ത്രീ-ടയർ എസി: ഏകദേശം 2,300 രൂപ

ടൂ-ടയർ എസി: ഏകദേശം 3,000 രൂപ

ഫസ്റ്റ് ക്ലാസ് എസി: ഏകദേശം 3,600 രൂപ

വേഗതയേറിയതും സുഖകരവുമായ യാത്ര തെരഞ്ഞെടുക്കുന്ന വിനോദ സഞ്ചാരികൾക്കും ഇത് ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.എല്ലാ കോച്ചുകളിലും മെച്ചപ്പെട്ട കുഷ്യനിങ് സഹിതം സുഖകരമായി ഇരിക്കാനും കിടക്കാനും കംഫര്‍ട്ട് ആയി രൂപകൽപ്പന ചെയ്‌ത ബെർത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വെസ്റ്റിബ്യൂളുകളുള്ള ഓട്ടോമാറ്റിക് വാതിലുകളും ഉണ്ടായിരിക്കും. ഈ സൗകര്യങ്ങള്‍ യാത്ര സുഖകരമാക്കുന്നതിനൊപ്പം ശബ്‌ദത്തിനും കുറവ് ഉണ്ടാകും. ശുചിത്വം നിലനിർത്തുന്നതിന് കോച്ചുകളിലും ആധുനിക ടോയ്‌ലറ്റുകളിലും അണുനാശിനി സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു.



യാത്ര കൂടുതൽ സുഖകരമാക്കാൻ വിശാലമായ ഇൻ്റീരിയറുകളും ലൈറ്റിങും സജ്ജമാണ്. ഡ്രൈവർ ക്യാബിൽ വിപുലമായ നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളുമുണ്ട്. സുരക്ഷയ്ക്കായി കവാച്ച് ആന്‍റി-കൊളിഷൻ, എമർജൻസി ടോക്ക്-ബാക്ക് സംവിധാനങ്ങൾ ഇതിൽ ഉണ്ടായിരിക്കും. ഇതിൻ്റെ മിനുസമാർന്ന രൂപകൽപ്പനയും ഓട്ടോമാറ്റിക് പാസഞ്ചർ ഡോറുകളും ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു.ബുള്ളറ്റ് ട്രെയിനുകൾ നാല് ഘട്ടങ്ങളായി പ്രവർത്തനക്ഷമമാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്തി അറിയിച്ചു. കൂടാതെ ആദ്യ ട്രെയിനിൻ്റെ നിര്‍മ്മാണം 2027 ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു

അടുത്തവർഷം മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് ഫ്‌ളാഗ്ഓഫ്  

രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ. 2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, ഇന്റർ-സിറ്റി യാത്രയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഇന്ത്യയിൽ ലോകോത്തര ഹൈസ്പീഡ് റെയിൽ മാനദണ്ഡങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (എംഎഎച്ച്എസ്ആർ) ഇടനാഴി ഘട്ടം ഘട്ടമായി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വൈഷ്ണവ് പറഞ്ഞു. സൂറത്ത് മുതൽ ബിലിമോറ വരെ – ആദ്യ ഭാഗം തുറക്കും. വാപ്പി മുതൽ സൂററ്റ് വരെ – അടുത്ത ഘട്ടം. വാപ്പി മുതൽ അഹമ്മദാബാദ് വരെ – മൂന്നാം ഘട്ടം. താനെ മുതൽ അഹമ്മദാബാദ് വരെ – തുടർന്നുള്ള ഘട്ടം. മുംബൈ മുതൽ അഹമ്മദാബാദ് വരെ – അവസാന ഭാഗം. എന്നാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്.