"എല്ലാ സ്‌കൂളുകളിലും സർക്കാർ പരിപാടികളിലും ഇനി 'ജനഗണമന'യ്ക്ക് മുമ്പ് 'വന്ദേമാതരം' ആലപിക്കണം":കേന്ദ്രസർക്കാർ നിർദ്ദേശം

ന്യൂഡൽഹി: എല്ലാ സർക്കാർ പരിപാടികളിലും സ്‌കൂളുകളിലും ദേശീയ ഗാനമായ 'ജനഗണമന'യ്ക്ക് മുമ്പ് ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വന്ദേമാതരം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റു നിൽക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച വന്ദേമാതരം എന്ന ദേശീയ ഗീതത്തിൻ്റെ ആറ് ചരണങ്ങളും, ദേശീയ ഗാനമായ ജനഗണമനയ്‌ക്കൊപ്പം ആലപിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. രാഷ്ട്രപതിയുടെ ചടങ്ങ്, ദേശീയ പതാക ഉയർത്തൽ, ഗവർണർമാരുടെ പ്രസംഗങ്ങൾ തുടങ്ങിയ ഔദ്യോഗിക ചടങ്ങുകളിൽ 3 മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള ആറ് ചരണങ്ങളും ആലപിക്കണമെന്ന് നിർദേശമുണ്ട്."ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കുകയോ പ്ലേ ചെയ്യുകയോ ചെയ്യുമ്പോൾ, ദേശീയ ഗീതമാണ് (വന്ദേമാതരം) ആദ്യം ആലപിക്കേണ്ടത്," ഉത്തരവിൽ പറയുന്നു. ദേശീയ ഗീതം ആലപിക്കുമ്പോൾ സദസ് ആദരസൂചകമായി എഴുന്നേറ്റു നിൽക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എന്നാൽ സിനിമയുടെയോ ഡോക്യുമെൻ്ററിയുടെയോ ഭാഗമായി ദേശീയ ഗീതം വരുമ്പോൾ എഴുന്നേറ്റു നിൽക്കുന്നത് നിർബന്ധമല്ലെന്നും ഇത് സിനിമയുടെ പ്രദർശനത്തിന് തടസ്സമുണ്ടാക്കാതിരിക്കാനാണെന്നും പുതിയ ഉത്തരവില്‍ ഉണ്ട്. സ്‌കൂളുകളിൽ ദിവസേനയുള്ള പ്രവർത്തനങ്ങൾ ദേശീയ ഗീതാലാപനത്തോടെ ആരംഭിക്കണം.മുമ്പ് ഒഴിവാക്കിയ ചരണങ്ങൾ ഉൾപ്പെടെ ആറ് ചരണങ്ങളും ഇനി മുതൽ ആലപിക്കണമെന്നും നിർദ്ദേശമുണ്ട്
വന്ദേമാതരത്തിൻ്റെ 150-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടികൾ. പതാക ഉയർത്തൽ, സാംസ്കാരിക പരിപാടികൾ, പരേഡുകൾ ഒഴികെയുള്ള ഔദ്യോഗിക ചടങ്ങുകൾ എന്നിവയിൽ ദേശീയ ഗീതം ആലപിക്കണം. വരികൾ തെറ്റാതെ ഒരേ സ്വരത്തിൽ ആലപിക്കാൻ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.കർശനമായ ഔദ്യോഗിക ചടങ്ങുകൾ അല്ലെങ്കിലും, മന്ത്രിമാർ പങ്കെടുക്കുന്ന പ്രാധാന്യമുള്ള പരിപാടികളിലും ദേശീയ ഗീതം ആലപിക്കുന്നത് അഭികാമ്യമാണ്. മാതൃഭൂമിയോടുള്ള ആദരവായി മാന്യമായ രീതിയിൽ എവിടെയും ദേശീയ ഗീതം ആലപിക്കുന്നതിൽ തടസ്സമില്ലെന്നും ഉത്തരവ് കൂട്ടിച്ചേർക്കുന്നു. സ്കൂൾ അധികൃതർ ദേശീയ ഗീതം, ദേശീയ ഗാനം, ദേശീയ പതാക എന്നിവയോടുള്ള ആദരവ് വിദ്യാർത്ഥികളിൽ വളർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.