സ്‌കൂളിൽ വൈകി എത്തിയതിന് ശിക്ഷയായി ബാഗ് ചുമന്ന് 100 'സിറ്റ്-അപ്പ് !:13 കാരി മരണപ്പെട്ടു

സ്‌കൂളിൽ വൈകി എത്തിയതിന് ശിക്ഷയായി  ബാഗ് ചുമന്ന് 100 'സിറ്റ്-അപ്പ് !:13 കാരി മരണപ്പെട്ടു

മുംബൈ: വൈകി എത്തിയതിന് ശിക്ഷയായി 13 വയസ്സുള്ള  വിദ്യാർത്ഥിനിയെ സ്കൂൾ ബാഗ് ചുമന്ന് 100 'സിറ്റ്-അപ്പു'കൾ ചെയ്യാൻ നിർബന്ധിക്കുകയും അത് ഒടുവിൽ മരണത്തിലേക്ക് നയിക്കുകയും ചെയ്ത സംഭവത്തിൽ  വസായ് സ്കൂൾ അധ്യാപിക മംമ്ത യാദവിനെ  പോലീസ് അറസ്റ്റ് ചെയ്തു.നവംബർ 14 ന് പെൺകുട്ടിയുടെ മരണശേഷം ഒളിവിലായിരുന്ന അധ്യാപികയ്‌ക്കെതിരെ കൊലപാതകമല്ലാത്ത മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് വാലിവ് പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇന്നലെ അറസ്റ്റിലായ അധ്യാപികയെ  വസായ് കോടതിയിൽ ഹാജരാക്കി, കോടതി അവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.അതേസമയം, മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് വിഷയം ഗൗരവമായി എടുക്കുകയും വസായ്-വിരാറിലെ എല്ലാ സ്കൂളുകളിലും ശാരീരിക ശിക്ഷ നിരോധിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഈ നിയമം ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പാൽഘർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സോണാലി മതേകർ പറഞ്ഞു.

വസായ് (കിഴക്ക്)യിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ കാജൽ ഗൗറിനെ വൈകി എത്തിയ മറ്റ് 50 ഓളം വിദ്യാർത്ഥികൾക്കൊപ്പമാണ് ശിക്ഷ നൽകിയിരുന്നത് .കഠിനമായ വേദന അനുഭവപ്പെട്ട് വീട്ടിലേക്ക് മടങ്ങിയ കുട്ടിയ്ക്ക്  തുടർന്നുള്ള ദിവസങ്ങളിൽ നില വഷളായി. നവംബർ 14 ന് മരണപ്പെട്ടു .

കാജലിന്റെ പിതാവ് സിക്കന്ദർ ഗൗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  വാലിവ് പോലീസ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും മംമ്ത യാദവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു.കാജൽ ശാരീരികമായി ദുർബലയാണെന്നും കൊച്ചുകുട്ടികൾക്ക് 100 സിറ്റ്-അപ്പുകൾ ചെയ്യാനുള്ള ശാരീരിക ശേഷിയില്ലെന്നും അധ്യാപികയ്ക്ക് അറിയാമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇത് അറിഞ്ഞിട്ടും യാദവ് കാജലിനെ ശിക്ഷിച്ചു, അമിതമായ ശാരീരിക അദ്ധ്വാനം മൂലം ശ്വാസകോശത്തിൽ വീക്കം സംഭവിച്ചു, ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായി എന്ന് പരാതിയിൽ പറയുന്നു. തന്റെ മകളുടെ മരണത്തിന് സ്കൂളും ഉത്തരവാദിയാണെന്ന് ചൂണ്ടിക്കാട്ടി സിക്കന്ദർ ഗൗർ സ്കൂളിനെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് .