മതേതരത്വത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് വിഡി സതീശൻ
തിരുവനന്തപുരം: മതേതരത്വത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമുദായ നേതാക്കൾക്ക് തന്നെ വിമർശിക്കാൻ അധികാരമുണ്ട്. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിരിക്കുന്ന തന്നെ വിമർശിക്കുന്നതിനെ ഉൾക്കൊള്ളും.സമുദായ നേതാക്കൾ തനിക്കെതിരെ ഉപയോഗിച്ച ഭാഷയൊന്നും താൻ തിരിച്ചുപയോഗിക്കില്ല. അവരുടെ പ്രായം, സ്ഥാനം എന്നിവയൊക്കെയാണ് കാരണം. എന്നാൽ സമുദായ നേതാക്കൾ വർഗീയത പറഞ്ഞാൽ അതിനെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുകതന്നെ ചെയ്യുമെന്ന് നിയമസഭയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനനുകൂലമായി ന്യൂനപക്ഷ ധ്രുവീകരണമുണ്ടായെന്ന വാദം തെറ്റാണ്. കേരളത്തിലെ നാല് കോർപറേഷനുകളും ഏഴ് ജില്ലാ പഞ്ചായത്തുകളും 60 ശതമാനം മുൻസിപ്പാലിറ്റികളും 65 ശതമാനത്തോളം ഗ്രാമപഞ്ചായത്തുകളും യുഡിഎഫിന് ലഭിച്ചത് എല്ലാ വിഭാഗം ജനങ്ങളും യുഡിഎഫിന് വോട്ട് ചെയ്തതുകൊണ്ടാണ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഉത്തര കേരളത്തിലും മുന്നേറ്റമുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞത് ന്യൂനപക്ഷ ഏകീകരണം കൊണ്ടാണോ എന്ന് പരിശോധിക്കണം. അത് മുഴുവൻ ജനങ്ങളുടെയും പിന്തുണ യുഡിഎഫിന് ലഭിച്ചതുകൊണ്ടാണ് ഇത്രയും വലിയ വിജയമുണ്ടായത്. കേരളം മതേതര കേരളമാണെന്ന് തെളിയിക്കാൻ പോകുന്ന തെരഞ്ഞെടുപ്പായിരിക്കും 2026ലെ നിയമസഭ തെരഞ്ഞെടുപ്പ്. കേരളം മതേതരമാണെന്ന് യുഡിഎഫ് തെളിയിക്കും.വർഗീയതയോട് വിട്ടുവീഴ്ചയില്ല വർഗീയതയോട് ഒരു സന്ധിയും ചെയ്യില്ല. പിന്നെ മറ്റു ചില നരേറ്റീവ്‌സിൻ്റെ ഭാഗമായി മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി എന്നൊക്കെ സിപിഎം നേതാക്കൾ പറയും. പക്ഷേ അതൊന്നും വിലപ്പോകില്ല. കേരളം മതേതര കേരളമായി തുടരും. മുഖ്യമന്ത്രി ഡൽഹിയിൽ പോയി ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ അങ്ങോട്ട് പോയി ഇൻ്റർവ്യൂ കൊടുത്തു. അത് ഒരു വിഭാഗത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു. പിന്നീട് വിവാദമായപ്പോൾ അങ്ങനെ പറഞ്ഞില്ലെന്ന് പറഞ്ഞ് പത്രത്തിൽ തിരുത്ത് കൊടുത്തു. ആ പത്രം തന്നെ പറഞ്ഞിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞിട്ടാണ് തിരുത്ത് കൊടുത്തതെന്ന്. അതിനുശേഷം മുൻ മന്ത്രി എകെ ബാലൻ്റെ വിദ്വേഷം വമിപ്പിക്കുന്ന പ്രസ്താവന വന്നു. അതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു.വർഗീയത ആളിക്കത്തിക്കുന്നു അതുപോലെയാണ് ഇപ്പോൾ സജി ചെറിയാൻ നടത്തിയ പ്രസ്താവന. മലപ്പുറത്തും കാസർകോടും ജയിക്കുന്ന ആളുകൾ മുഴുവൻ ഒരു സമുദായക്കാരാണ് എന്ന പ്രസ്താവന എത്ര അപകടകരമാണ്. ഇത് ആസൂത്രിതമാണ്. കേരളത്തിൽ വർഗീയത ആളിക്കത്തിക്കാൻ ഒരു തീപ്പൊരി പ്രതീക്ഷിച്ചിരിക്കുന്നവരുടെ കൈകളിലേക്ക് ഇവർ തീപ്പന്തം എറിഞ്ഞുകൊടുക്കുകയാണ്. എന്തുവന്നാലും മതേതരത്വം ബലികഴിക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സതീശൻ പറഞ്ഞു.
ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗം അർധ സത്യങ്ങൾ കുത്തിനിറച്ചത്
തെറ്റായ അവകാശവാദങ്ങളും അർധ സത്യങ്ങളും കുത്തിനിറച്ച ഒന്നാണ് ഇന്ന് ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗം. രാഷ്ട്രീയ പ്രചാരണത്തിൻ്റെ ഭാഗമായി കേന്ദ്രത്തിൽനിന്ന് 53,000 കോടി കിട്ടാനുണ്ടെന്ന് സർക്കാർ ഇതുവരെ പറഞ്ഞുനടന്നതിനെക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ മിണ്ടുന്നില്ല. അതിദരിദ്രരില്ലാത്ത കേരളമെന്ന് നയപ്രഖ്യാപനം പറയുമ്പോൾ അങ്ങനെയല്ലെന്നുള്ള നിരവധി റിപ്പോർട്ടുകളാണ് മാധ്യമങ്ങൾ തെളിവുസഹിതം പുറത്തുകൊണ്ടുവരുന്നത്. റബറിന് 250 രൂപയാക്കുമെന്ന പ്രഖ്യാപനത്തെക്കുറിച്ച് ഒരു പരാമർശവുമില്ല. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചശേഷം തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുൻപ് 400 രൂപ കൂട്ടി 2000 മാത്രമാക്കി നാലേമുക്കാൽ വർഷം ജനങ്ങളെ വഞ്ചിച്ചു.ശബരിമലയിലെ മോഷണം ശബരിമലയിലെ ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും കവർച്ച ചെയ്തു എന്ന് ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എസ്‌ഐടി ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ശബരിമലയിലെ കട്ടിളപ്പാളിയും ദ്വാരപാലക ശിൽപവും ഉന്നതർക്ക് വിറ്റു എന്ന യുഡിഎഫ് ആരോപണം ശരിവയ്ക്കുന്നതാണിത്. 2024ലും 2025ലും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട് എന്നതും ഞെട്ടിക്കുന്നതാണ്.
മൂന്ന് സിപിഎം നേതാക്കൾ ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും ജയിലിലാണ്. ഇതിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ വാജി വാഹനം തന്ത്രിക്ക് കൈമാറിയെന്ന വാദവുമായി ചിലർ രംഗത്തുവരുന്നത്. വാജി വാഹനം തന്ത്രിക്ക് കൈമാറിയത് രഹസ്യമായല്ല. പരസ്യമായി ചടങ്ങിൽ വച്ചാണ് കൈമാറിയത്. ഇക്കാര്യം ഹൈക്കോടതി നിയോഗിച്ചിട്ടുള്ള അന്വേഷണ കമ്മിഷൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളതും അത് ഹൈക്കോടതി അംഗീകരിച്ചിട്ടുള്ളതുമാണെന്ന് സതീശൻ പറഞ്ഞു.