അയോഗ്യനാക്കിയ നടപടി ചോദ്യം ചെയ്‌ത് വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയില്‍

അയോഗ്യനാക്കിയ നടപടി ചോദ്യം ചെയ്‌ത് വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയില്‍

എറണാകുളം: എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടി ചോദ്യം ചെയ്‌ത് വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയില്‍. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും ഹൈക്കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും വാദിച്ചാണ് ഡിവിഷൻ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ആയതതുകൊണ്ട് സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇതിൽ ഇടപെടാൻ അധികാരമില്ലെന്നാണ് നടേശൻ മുന്നോട്ട് വെയ്ക്കുന്ന പ്രധാന വാദം.

കൃത്യമായി വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട് . ഡിഐഎൻ നമ്പറിൽ സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. ഇതിൻ്റെ പേരിൽ ഡയറക്‌ടർമാരെ അയോഗ്യരാക്കിയത് നിയമവിരുദ്ധമാണ്. വാദം പൂർത്തിയായി 14 മാസത്തോളം വിധി പറയാതെ മാറ്റിവച്ചുവെന്നും അപ്പീലിൽ വെള്ളാപ്പള്ളി വാദമുയർത്തി. ഈ കാലതാമസം നീതിന്യായ വ്യവസ്ഥയുടെ ലംഘനമാണെന്നും വെള്ളാപ്പള്ളിയുടെ അപ്പീലിൽ പറയുന്നു.ജസ്റ്റിസ് ടിആർ രവിയുടെ സിംഗിൾ ബെഞ്ചാണ് വെള്ളാപ്പള്ളിയുൾപ്പെടുന്ന ഭരണസമിതിയെ അയോഗ്യരാക്കി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. വിധിയില്‍വെള്ളാപ്പള്ളി നടേശൻ, പ്രസിഡൻ്റ് ഡോ എംഎൻ സോമൻ, വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ അയോഗ്യരായിരുന്നു.വിഷയത്തിൽ രജിസ്ട്രേഷൻ ഐജി തുടർ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഭരണനിർവഹണത്തിനായി താൽക്കാലിക ഡയരക്‌ടർ ബോർഡിനെ സർക്കാരിന് നിയോഗിക്കാനും എസ്എൻഡിപിയിൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഈ ബോർഡിന് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കമ്പനി നിയമങ്ങളുടെ ലംഘനവും വാർഷിക റിട്ടേണുകൾ സമർപ്പിക്കാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബഞ്ച് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടുന്ന ഭരണ സമിതിയെ അയോഗ്യരാക്കിയത്.

അതേസമയം വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത് ശിവഗിരി മഠം രംഗത്ത് എത്തിയിരുന്നു. കോടതി വിധി ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണെന്നും മാറ്റം നല്ലതാണെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു.കഴിഞ്ഞ കുറേനാളുകളായി എസ്എൻഡിപി യോഗം, ശ്രീനാരായണ ഗുരുവിൻ്റെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള നിലപാടുകളാണ് കൈക്കൊള്ളുന്നത്. മാത്രമല്ല, എസ്എൻഡിപി യോഗത്തെ മറ്റുസമുദായങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള നിലപാടുകൾ എസ്എൻഡിപി ഭാരവാഹികളുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അതിനാൽ ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.