വെനസ്വേലയിലെ പ്രതിസന്ധി; കയറ്റുമതി വ്യവസായത്തെ സാരമായി ബാധിച്ചതായി ഇന്ത്യൻ വ്യാപാരികള്‍

ലക്‌നൗ: യുഎസും വെനസ്വേലയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘർഷങ്ങൾ ഇന്ത്യയുടെ കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വിദഗ്‌ധര്‍. ഇന്ത്യയുടെ കയറ്റുമതി വ്യാപാരം കുറച്ച് ദിവസങ്ങളായി പൂർണമായും സ്‌തംഭിച്ച അവസ്ഥയിലാണെന്നാണ് വ്യവസായ വിദഗ്‌ധര്‍ വിലയിരുത്തുന്നത്.പ്രധാനമായും ഉത്തർപ്രദേശിലെ കയറ്റുമതിക്കാരെയാണ് സാരമായി ബാധിച്ചതെന്നും വിദഗ്‌ധര്‍ പറയുന്നു. വെനസ്വേലയിലേക്ക് ഇന്ത്യയ്ക്ക് നേരിട്ടുള്ള കയറ്റുമതി ഇല്ലെങ്കിലും ടോഗോ, ബ്രസീൽ തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ വെനസ്വേലയും നിർണായകമാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ്റെ (FIEO) അസിസ്റ്റൻ്റ് ഡയറക്‌ടർ അലോക് ശ്രീവാസ്‌തവ പറഞ്ഞു.
വെനസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വ്യാപാരത്തെ ബാധിക്കുന്നുണ്ടെങ്കിലും എണ്ണ ഇറക്കുമതി ഇന്ത്യക്ക് പ്രധാനമാണ്. ഫാർമസ്യൂട്ടിക്കൽസ് ഉള്‍പ്പെടെ ഉൽപ്പന്നങ്ങൾ എത്തിക്കാൻ കഴിയാത്തത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ നഷ്‌ടമാണ്. പ്രത്യേകിച്ച് ഉത്തർപ്രദേശിലുള്ളവർക്ക് ഒരു പ്രധാന വെല്ലുവിളി ഉയർത്തുന്നുവെന്നും അലോക് പറഞ്ഞു.മരുന്നുകൾ, സുരക്ഷാ ഉപകരണങ്ങൾ, റെഡിമെയ്‌ഡ് വസ്ത്രങ്ങൾ, ചില ഭക്ഷ്യ ഉത്പന്നങ്ങൾ എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയും വെനസ്വേലയും തമ്മിൽ ദീർഘകാലമായി നയതന്ത്ര-വ്യാപാര ബന്ധങ്ങളുണ്ട്.
''വെനിസ്വേലയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി താരതമ്യേന ചെറുതാണെങ്കിലും ബ്രസീൽ ഒരു പ്രധാന വിപണിയാണ്. ഏകദേശം 200 മുതൽ 500 കോടി രൂപ വരെയുള്ള ഓർഡറുകൾ നിലവിൽ നിർത്തിവച്ചിരിക്കുന്നു. പ്രതിവർഷം 1000 കോടി രൂപയുടെ സാധനങ്ങൾ കയറ്റുമതി ചെയ്യുന്നു. ഒരു മാസത്തോളമായി ഓർഡറുകൾ പ്രോസസ് ചെയ്‌തിട്ടില്ല. ഇത് ഏകദേശം 200 കോടി രൂപയുടെ നഷ്‌ടത്തിന് കാരണമായി'' - അലോക് ശ്രീവാസ്‌തവ പറഞ്ഞു.
ബ്രസീൽ ഒരു വലിയ വിപണിയാണെന്നും കാൺപൂരിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങൾ നേരിട്ട് ബ്രസീലിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും ശ്രീവാസ്‌തവ ആവർത്തിക്കുന്നു. ഇതിൽ തുകൽ ഉൽപ്പന്നങ്ങൾ, ബാഗുകൾ, ഷൂസ് എന്നിവ ഉൾപ്പെടുന്നു. വെനസ്വേലയിലെ നിലവിലെ പ്രതിസന്ധി കയറ്റുമതിക്കാരായ വ്യാപാരികളെ വലിയ തോതിൽ ബാധിക്കുന്നുണ്ട്.യുപിയിലെ കയറ്റുമതിക്കാർ നിരവധി മാസങ്ങളായി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് തുകൽ വ്യവസായി പ്രേർണ വർമ്മ പറഞ്ഞു. വെനിസ്വേല പ്രതിസന്ധി അവരുടെ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. സർക്കാർ സഹായം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രേർണ വർമ്മ വ്യക്തമാക്കി. അതേസമയം വെനസ്വേലയിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ കയറ്റുമതിക്കാർ ടോഗോ, ബ്രസീൽ തുടങ്ങിയ മറ്റ് രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ലെതർ എക്‌സ്‌പോർട്ട് കൗൺസിൽ മുൻ ചെയർമാൻ മുഖ്‌റുൽ അമിൻ അഭിപ്രായപ്പെട്ടു.