അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ജനുവരി 30-31 തീയതികളിൽ ഇന്ത്യയിൽ വേദി ഒരുങ്ങുന്നു.

ന്യൂഡൽഹി: പശ്ചിമേഷ്യൻ നയതന്ത്ര മേഖലയുടെ കേന്ദ്ര ബിന്ദുവായി ഇന്ത്യയെ കാണുന്നതായി റിപ്പോർട്ട്. 2026 ജനുവരി 30-31 തീയതികളിൽ നടത്താൻ തീരുമാനിച്ച അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് വേദിയാകാന്‍ ഇന്ത്യയെ തെരഞ്ഞെടുത്തതിന് പിന്നില്‍. പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നടക്കുന്ന വിവിധ സംഘർഷങ്ങളോടുള്ള ഇന്ത്യയുടെ കാഴ്‌ചപ്പാടാണ് നയതന്ത്ര കേന്ദ്ര ബിന്ദുവായി പരിഗണിക്കാന്‍ കാരണമെന്ന് വിവിധ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.ലോകത്തെ പല സംഘർഷങ്ങളും അവസാനിപ്പിക്കാനായി അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള സമാധാന സമിതി രൂപീകരിക്കപ്പെടുന്നതിൻ്റെ പ്രാരംഭ ഘട്ടത്തിലാണ് അറബ് വിദേശകാര്യ മന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ച.ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പ്രതിസന്ധികൾക്കിടയിൽ അറബ് വിദേശകാര്യ മന്ത്രിമാരെ വിളിച്ചുകൂട്ടുന്നത് പശ്ചിമേഷ്യയിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയെ ചൂണ്ടിക്കാട്ടുന്നെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അറബ് രാഷ്ട്രങ്ങളുമായി ആഴത്തിലുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യയ്ക്ക് നിർണായക സ്ഥാനം ലഭിക്കുന്നുവെന്നും രാഷ്‌ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.മുൻ ഈജിപ്‌ത് വിദേശകാര്യ മന്ത്രിയും അറബ് ലീഗ് സെക്രട്ടറി ജനറലുമായ അഹമ്മദ് അബൗൾ ഗെയ്റ്റും കൂടിക്കാഴ്‌ചയിൽ പങ്കെടുക്കുമെന്നും വിവിധ വൃത്തങ്ങൾ പറയുന്നു.
ബഹ്‌റൈൻ, ഖത്തർ, ഈജിപ്‌ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഒമാൻ, സുഡാൻ, പലസ്‌തീൻ, സൊമാലിയ, മൗറിറ്റാനിയ, കൊമോറോസ്, ലിബിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തേക്കും.സൗദി അറേബ്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയെ പങ്കെടുപ്പിക്കുമെന്നും ലെബനൻ, സിറിയ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നുള്ള സ്ഥിരീകരണങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വിവിധ വൃത്തങ്ങൾ അറിയിച്ചു.2008 ൽ അന്നത്തെ അറബ് ലീഗ് സെക്രട്ടറി ജനറലായിരുന്ന അമ്രെ മൂസയുടെ ഇന്ത്യാ സന്ദർശന വേളയിലാണ് അറബ്-ഇന്ത്യ സഹകരണ ഫോറം സ്ഥാപിക്കുന്നതിനുള്ള ഒരു സഹകരണ ധാരണാപത്രം (എംഒസി) ആദ്യ മായി ഒപ്പുവയ്ക്കുന്നത്.അറബ്-ഇന്ത്യ സഹകരണ ഫോറത്തിൻ്റെ ആദ്യ മന്ത്രിതല യോഗം 2016 ലാണ് നടന്നത്. ലീഗ് അംഗരാജ്യങ്ങൾ തമ്മിലുള്ള ഏകോപനമില്ലായ്‌മ കാരണം 2019 ൽ നടക്കേണ്ടിയിരുന്ന രണ്ടാമത്തെ യോഗം അസാധ്യമാകുകയായിരുന്നു എന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
ഏഴ് അറബ് രാജ്യങ്ങളുടെ കൂട്ടായ്‌മയായിരുന്നു അറബ് ലീഗ്. ഔദ്യോഗികമായി ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് എന്നാണ് അറിയപ്പെടുന്നത്. 1945 മാർച്ച് 22 ന് കെയ്‌റോയിലാണ് അറബ് ലീഗ് രൂപീകരിക്കപ്പെടുന്നത്. ഈജിപ്‌ത്, ഇറാഖ്, ജോർദാൻ, ലെബനൻ, സൗദി അറേബ്യ, സിറിയ, വടക്കൻ യെമൻ എന്നിവയായിരുന്നു ആദ്യ കാലത്തെ അംഗങ്ങളായിരുന്ന രാജ്യങ്ങൾ. നിലവിൽ, ലീഗിൽ 22 അംഗങ്ങളാണുള്ളത്.അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ വർധിപ്പിക്കുകയും അവയ്ക്കിടയിൽ സഹകരണം ഏകോപിപ്പിക്കുകയും ചെയ്യുക, അവരുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുക, അറബ് രാജ്യങ്ങളുടെ കാര്യങ്ങളും താൽപ്പര്യങ്ങളും പൊതുവായ രീതിയിൽ പരിഗണിക്കുക" എന്നതാണ് ലീഗിൻ്റെ പ്രധാന ലക്ഷ്യം.