നടിയെ ആക്രമിച്ച കേസിൽ വിധി നാളെ : നടൻ ദിലീപ് അടക്കം ഒമ്പത് പ്രതികള്‍

എറണാകുളം: കൊച്ചിയിൽ നടിയെ ലൈംഗികമായി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ നാളെ (ഡിസംബർ 8) കോടതി വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രഹസ്യ വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്.സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ സംഭവത്തിലെ വിധി പ്രസ്‌താവത്തിനായി ഇനി മണിക്കൂറുകൾ മാത്രം. വിധി അറിയാൻ കാത്തിരിക്കുയാണ് കേരളം. ഈ കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ കോടതി കുറ്റക്കാരനായി കണ്ടെത്തുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ ആകെ ഒമ്പത് പ്രതികളാണുള്ളത്. നടൻ ദിലീപ് ഈ കേസിൽ എട്ടാം പ്രതിയാണ്. ദിലീപ് ഉൾപ്പടെ മുഴുവൻ പ്രതികളും നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകണംകേരള മനസാക്ഷിയെ ഞെട്ടിച്ച കേസിൽ ഏട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി വിധി പറയുന്നത്. വിചാരണ നടപടികൾ ഏഴ് വർഷവും ഏഴു മാസവുമാണ് നീണ്ടത്. കൊവിഡ് മഹാമാരിയും രണ്ട് പ്രോസിക്യൂട്ടർമാരുടെ രാജിയും വിചാരണ വൈകാൻ ഇടയാക്കി.
നടിയെ ആക്രമിച്ച കേസിൽ നിലവിൽ പ്രതികളെല്ലാം ജാമ്യത്തിലാണ്. നാളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തുന്ന പ്രതികളുടെയെല്ലാം ജാമ്യം റദ്ദാവുകയും ജയിലിലേക്ക് മാറ്റുകയും ചെയ്യും. തുടർന്ന് ശിക്ഷാവിധിക്ക് മുന്നോടിയായുള്ള വാദം നടക്കും. പ്രതിഭാഗത്തിനും പരാതിക്കാരിക്കും അവസാനമായി കോടതിയോട് പറയാനുള്ള കാര്യങ്ങൾ കേട്ട ശേഷമായിരിക്കും ശിക്ഷാവിധി പ്രഖ്യാപിക്കുക.
നടൻ ദിലീപിൻ്റെ ഭാവി?
ദിലീപ് ശിക്ഷിക്കപ്പെടുകയാണെങ്കിൽ, അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തിന് തന്നെ തിരശീല വീണേക്കാം. എൺപത്തിയഞ്ച് ദിവസത്തെ ജയിൽ വാസത്തിന് ശേഷം ദിലീപ് ജാമ്യത്തില്‍ തുടരുകയാണ്. നാളെ കോടതിയിലെത്തിയാൽ വീട്ടിലേക്ക് മടങ്ങുമോയെന്നത് കോടതി വിധിയെ ആശ്രയിച്ചായിരിക്കും.
അതേസമയം വിചാരണ കോടതിക്ക് മുകളിൽ ഹൈക്കോടതിയിലേക്കും, സുപ്രീം കോടതിയിലേക്കും ഈ കേസ് നീളാനാണ് സാധ്യത. നേരത്തെ തന്നെ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഈ കേസ് ഹൈക്കോടതിയിൽ എത്തിയിരുന്നു. എന്നാൽ വിശദമായ വാദം കേട്ട കോടതി ഇത് തള്ളുകയായിരുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ തന്നെ ആദ്യത്തെ സംഭവമാണിത്. സഹപ്രവർത്തകയെ ബലാത്സഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയ കേസ് എന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
ശുഭാപ്‌തി വിശ്വാസത്തില്‍ പരാതിക്കാരിയുടെ അഭിഭാഷക
പ്രതികളെല്ലാം ശിക്ഷിക്കപ്പെടുമെന്ന ശുഭാപ്‌തി വിശ്വാസമാണ് പരാതിക്കാരിയുടെ അഭിഭാഷകയായ ടി ബി മിനി പ്രകടിപ്പിക്കുന്നത്. ഇപ്പോഴെങ്കിലും വിധി വരുന്നത് ആശ്വാസമാണ്. ഗൂഢാലോചനയുൾപ്പടെ മുഴുവൻ കാര്യങ്ങളിലും ആവശ്യമായ തെളിവുകളെല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതെല്ലാം കോടതി സ്വീകരിച്ച് പ്രതികളെ ശിക്ഷിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ടി ബി മിനി പറഞ്ഞു.
തെരെഞ്ഞെടുപ്പിന് തലേന്നാൾ വിധി:
തദ്ദേശ തെരെഞ്ഞെടുപ്പിലെ പോളിങ്ങിന് മണിക്കൂറുകൾക്ക് മുമ്പ് വരുന്ന കോടതി വിധി തെരെഞ്ഞെടുപ്പിനെ വരെ സ്വാധിനിക്കാൻ ഇടയുണ്ട്. നടൻ ദിലീപ് ഉൾപ്പടെയുള്ള മുഴുവൻ പ്രതികളും ശിക്ഷിക്കപെടുകയാണെങ്കിൽ, ശക്തമായ നടപടി സ്വീകരിച്ച സർക്കാറിന് ആശ്വാസം പകരുന്നതായിരിക്കും കോടതി വിധി. ഈയൊരു സാഹചര്യത്തിൽ രാഷ്ട്രീയ കേരളവും കോടതി വിധിയെ ഉറ്റുനോക്കുകയാണ്.
കേസിൻ്റെ നാള്‍വഴികള്‍:
2017 ഫെബ്രുവരി പതിനേഴിനാണ് അങ്കമാലിക്ക് അടുത്ത് വച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവ നടിയെ കാർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒന്നാം പ്രതി പൾസർ സുനി അതിക്രമവേളയിൽ തന്നെ ഇതൊരു ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ സംഭവം തന്നെ ഗൂഢാലോചനയിലേക്കുള്ള സൂചനയായിരുന്നു.
നടിയുമായി ശത്രുതയിലായിരുന്ന നടൻ ദിലീപിന് നേരെ അന്നുതന്നെ സംശയമുയർന്നിരുന്നു. പിന്നീട് പൾസർ സുനി ജയിലിൽ നിന്ന് ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചത് അന്വേഷണത്തിൽ നിർണായകമായി. ഇതേ തുടർന്നാണ് നടൻ ദിലീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തി പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്‌തത്. തുടർന്ന് 2017 ജൂലൈ പത്തിന് അറസ്റ്റ് ചെയ്‌തു.85 ദിവസത്തെ ജയിൽ വാസത്തിനൊടുവിലായിരുന്നു അന്ന് ദിലീപിന് ജാമ്യം ലഭിച്ചത്. പിന്നീട് ഈ കേസിൽ അസാധാരണമായ നിരവധി സംഭവങ്ങളാണ് ഉണ്ടായത്. പ്രതിയായ ദിലീപ് അമ്പതിലേറെ തവണയാണ് വിവിധ ഹർജികളുമായി വിവിധ കോടതികളെ സമീപിച്ചത്. വിചാരാണ നടപടികൾ വൈകുന്നതിന് ഇതൊരു കാരണമായിരുന്നു. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന പി സുരേഷൻ രാജി വയ്‌ക്കുകയും അഡ്വക്കേറ്റ് അനിൽ കുമാർ പുതിയ പ്രോസിക്യൂട്ടറായി ചുമതലയേല്‍ക്കുകയും ചെയ്‌തു.താമസിയാതെ അനിൽ കുമാറും രാജിവച്ചതോടെ അജകുമാറാണ് നിലവിൽ പ്രോസിക്യൂട്ടറായി പ്രവർത്തിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ എട്ടാം പ്രതി ദിലീപ് ഉൾപ്പടെ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാല ചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിനെ തുടർന്ന് ദിലീപും സഹോദരൻ അനൂപ് ഉൾപ്പടെ ആറ് പ്രതികൾക്കെതിരെ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്‌തിരുന്നു. കേസ് രജിസ്റ്റർ ചെയ്‌ത ഒമ്പത് വർഷം പൂർത്തിയാകാൻ മൂന്ന് മാസം അവശേഷിക്കെയാണ് അസാധാരണമായ കേസിൽ കോടതി വിധി പറയുന്നത്.