ഡോ. വന്ദന ദാസ് കൊലക്കേസിൽ വിധി ഇന്ന്

കൊല്ലം: കേരളത്തെ ഒന്നാകെ നടുക്കിയ ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ ഇന്ന് വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് സുപ്രധാനമായ ഈ കേസിൽ വിധി പ്രസ്താവിക്കുന്നത്. പൂയപ്പള്ളി സ്വദേശിയായ സന്ദീപ് ആണ് ഈ കേസിലെ ഏക പ്രതി.
2023 മെയ് 10 പുലർച്ചെ 4.30നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ചാണ് ഹൗസ് സർജനായിരുന്ന ഡോക്ടർ വന്ദന ദാസ് അതിദാരുണമായി കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്ന് കാലിന് പരിക്കേറ്റ പ്രതിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വന്ദന ദാസായിരുന്നു പ്രതിയുടെ പ്രാഥമിക പരിശോധനകൾ നടത്തിയത്.
ആക്രമണം ആകസ്മികം
പരിശോധനകൾക്കിടെ യാതൊരു പ്രകോപനവുമില്ലാതെ ആശുപത്രിയിലെ ഡ്രസ്സിങ് മുറിയിലുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കിയ പ്രതി ഡോക്ടർ വന്ദന ദാസിനെ അതിക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പൊലീസുകാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും പ്രതി ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്ന് രാവിലെ 8.30ന് മരണം സംഭവിക്കുകയായിരുന്നു.
കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഈ കൊലപാതകം വഴിവച്ചിരുന്നു. സംസ്ഥാനത്തുടനീളം ഡോക്ടർമാരും മറ്റ് ജീവനക്കാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ പണിമുടക്കി തെരുവിലിറങ്ങി. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ കർശന നിയമനിർമാണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സർക്കാരും ആരോഗ്യവകുപ്പും വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്തു.
അന്വേഷണവും വിചാരണയും
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിൻ്റെ നേതൃത്വത്തിലായിരുന്നു കേസിൻ്റെ അന്വേഷണം നടന്നത്. അന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിന് മുൻപ് തന്നെ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് 2025 ഫെബ്രുവരി മാസത്തിലാണ് കേസിൻ്റെ വിചാരണ നടപടികൾ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. കേസിൽ 70ലേറെ സാക്ഷികളെ കോടതി ഇതിനോടകം വിസ്തരിച്ചു കഴിഞ്ഞു. പ്രോസിക്യൂഷൻ 22 തൊണ്ടിമുതലുകളും 207 രേഖകളുമാണ് കേസിൽ കോടതി മുമ്പാകെ ഹാജരാക്കിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കുറ്റകൃത്യം തെളിയിക്കുന്നതിൽ നിർണായക തെളിവുകളായി മാറി.
മാനസിക പ്രശ്നങ്ങളെന്ന പ്രതിഭാഗം വാദം
കേസിൻ്റെ ഒരു ഘട്ടത്തിൽ പ്രതിയായ സന്ദീപ് ജാമ്യം തേടി സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ പ്രധാനമായും വാദിച്ചത്. എന്നാൽ ഈ വാദത്തെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ അത് തെളിയിക്കുന്നതിനുള്ള രേഖകൾ കോടതിയിൽ ഹാജരാക്കി.ശാസ്ത്രീയ പരിശോധനാ ഫലങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും അടിസ്ഥാനമാക്കി പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി. ഈ വാദപ്രതിവാദങ്ങൾക്കെല്ലാം ഒടുവിലാണ് സുപ്രധാന കേസിൽ കോടതി ഇന്ന് അന്തിമ വിധി പ്രസ്താവിക്കുന്നത്. വാദികളെയും പ്രതിയെയും സംബന്ധിച്ച് ഈ വിധി വളരെ നിർണായകമാണ്.