വേടൻ കേസിൽ പരാതിക്കാരിക്ക് അയച്ച നോട്ടീസ് പോലീസ് പിൻവലിച്ചു

എറണാകുളം: റാപ്പർ വേടൻ പ്രതിയായ ലൈംഗികാതിക്രമക്കേസിൽ പരാതിക്കാരിക്ക് നൽകിയ നോട്ടീസ് എറണാകുളം സെൻട്രൽ പോലീസ് പിൻവലിച്ചു. മൊഴിയെടുക്കുന്നതിനായി പരാതിക്കാരി ഇനി ഹാജരാകേണ്ടതില്ലെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.മൊഴി നൽകാനായി ഹാജരാകണമെന്നാവശ്യപ്പെട്ട് സെൻട്രൽ പോലീസ് നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് പോലീസ് നിലപാട് അറിയിച്ചത്. ഇതോടെ ഹൈക്കോടതി പരാതിക്കാരിയുടെ ഹർജി തീർപ്പാക്കി.2020-ൽ വേടൻ്റെ താമസസ്ഥലത്ത് വെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന പരാതിയിലാണ് സെൻട്രൽ പോലീസ് യുവതിക്ക് നോട്ടീസ് നൽകിയത്. ഈ നോട്ടീസ് റദ്ദാക്കണമെന്നും, തന്നെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ പുറത്തുവിടരുതെന്ന് പോലീസിന് നിർദേശം നൽകണമെന്നും യുവതി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മൊഴി നൽകാൻ വിളിപ്പിക്കാൻ പോലീസിന് അധികാരമുണ്ടെങ്കിലും, തൻ്റെ വ്യക്തിപരമായ വിവരങ്ങൾ പുറത്തുപോകാനിടയുണ്ടെന്ന ആശങ്കയാണ് യുവതി ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.