മുതിർന്ന കന്നഡ നടൻ 'മൈസൂർ' ശ്രീകണ്ഠയ്യ ഉമേഷ് (80 )അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കന്നഡ നടൻ 'മൈസൂർ' ശ്രീകണ്ഠയ്യ ഉമേഷ് (80 )അന്തരിച്ചു.ദീർഘകാലമായി അർബുദബാധിതനായി ചികിത്സയിലായിരുന്നു.അഞ്ച് പതിറ്റാണ്ടിലേറെ അഭിനയരംഗത്ത് സജീവമായിരുന്ന അദ്ദേഹം 350-ലധികം സിനിമകളിൽ അഭിനയിച്ചു.1945 ഏപ്രിൽ 24 ന് മൈസൂരുവിൽ ജനിച്ച ഉമേഷ്, നാലാം വയസ്സിൽ 'ലഞ്ചാവതാര' ഫെയിം മാസ്റ്റർ കെ ഹിരണ്ണയ്യയുടെ നാടക സംഘത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് തന്റെ കരിയർ ആരംഭിച്ചത്.പിന്നീട്, ഗുബ്ബി വീരണ്ണയുടെ നാടക സംഘത്തിൽ ചേർന്നു. 1960 ൽ 'മക്കള രാജ്യ' എന്ന സിനിമയിലെ നായക വേഷമാണ് ഉമേഷിനെ ശ്രദ്ധേയനാക്കിമാറ്റിയത് .
ഇടയ്ക്ക് സിനിമാ ജീവിതത്തിൽ ഒരു ഇടവേള ഉണ്ടാകുകയും നാടകങ്ങളിലേയ്ക്ക് മടങ്ങാൻ അദ്ദേഹം നിർബന്ധിതനാകുകയും ചെയ്തു.1977-ൽ പുറത്തിറങ്ങിയ 'കഥാ സംഗമ' എന്ന ചിത്രത്തിലൂടെയാണ് ഉമേഷിന് സിനിമാലോകത്ത് അടുത്ത അവസരം ലഭിച്ചത്. അതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.'നഗര ഹോൾ' (1978), 'ഗുരു ശിഷ്യരു' (1981), 'അനുപമ' (1981), 'കാമന ബില്ലു' (1983), 'വെങ്കട ഇൻ സങ്കട' (2007) തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.രാജ്കുമാർ, വിഷ്ണു വർദ്ധൻ, അംബരീഷ്, ശ്രീനാഥ്, ശങ്കർ നാഗ്, അനന്ത് നാഗ്, അരവിന്ദ് രമേഷ്, ബി സരോജാദേവി, ഭാരതി തുടങ്ങി കന്നഡയിലെ എല്ലാ മുൻനിര കന്നഡ നടന്മാർക്കൊപ്പവും താരം പ്രവർത്തിച്ചിട്ടുണ്ട്. തമിഴ് നടൻമാരായ ശിവാജി ഗണേശൻ, രജനികാന്ത് എന്നിവർക്കൊപ്പവും അഭിനയിച്ചു.ബഹുമുഖ പ്രതിഭയായിരുന്നു ഉമേഷ്. 1975-ൽ 'കഥാസംഗമ'ത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡും, നാടകരംഗത്തിന് നൽകിയ സംഭാവനകൾക്ക് 2013-ൽ കർണാടക നാടക അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചു.