ശബരിമല സ്വർണകൊള്ള: സിബിഐ അന്വേഷണവും സമഗ്രമായ ഓഡിറ്റും ആവശ്യപ്പെട്ട് വിഎച്ച്പി ഹൈക്കോടതിയിൽ

ശബരിമല സ്വർണകൊള്ള:   സിബിഐ അന്വേഷണവും സമഗ്രമായ ഓഡിറ്റും ആവശ്യപ്പെട്ട് വിഎച്ച്പി ഹൈക്കോടതിയിൽ

എറണാകുളം:  ശബരിമല  സ്വർണകൊള്ളയിൽ  സിബിഐ അന്വേഷണവും സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള സ്വത്തുക്കളുടെ സമഗ്രമായ ഓഡിറ്റും ആവശ്യപ്പെട്ട് വിഎച്ച്പി ഹൈക്കോടതിയെ സമീപിച്ചു . ഹർജി പരിഗണിച്ച കോടതി വിവിധ ദേവസ്വം ബോർഡുകൾ, സംസ്ഥാന സർക്കാർ, സിബിഐ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) എന്നിവർക്ക് നോട്ടീസ് അയച്ച് വിശദീകരണം തേടി.

നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ഓഫിസർമാർ മുൻപ് ദേവസ്വം വിജിലൻസിലുണ്ടായിരുന്നവരാണ് എന്ന ഗുരുതരമായ ആരോപണമാണ് വിഎച്ച്പി ഹർജിയിൽ ഉന്നയിക്കുന്നത്. ശബരിമലയിലെ സ്വർണക്കവർച്ച അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർമാരായ അനീഷ്, ബിജു രാധാകൃഷ്ണൻ എന്നിവർ മുൻപ് ദേവസ്വം വിജിലൻസിലായിരുന്നുവെന്നും, അതിനാൽ നിലവിലെ അന്വേഷണത്തിൽ പലവിധ സ്വാധീനം ചെലുത്തലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിഎച്ച്പി ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യത്തിൽ നിലവിലെ അന്വേഷണ സംഘത്തിന് കേസുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് ഹർജിയിലെ പ്രധാന വാദം.ശബരിമല സ്വർണക്കവർച്ച കേസുകൾ സിബിഐക്ക് കൈമാറണം എന്നതാണ് വിഎച്ച്പിയുടെ പ്രധാനആവശ്യം . കേസിൻ്റെ ഗൗരവം കണക്കിലെടുത്ത്, സംസ്ഥാന പൊലീസ് സംവിധാനത്തിന് പുറത്തുള്ള ഒരു സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്ന് ഹർജിയിൽ പറയുന്നു. വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും, ഇക്കാരണത്താൽ തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ഉൾപ്പെടെയുള്ള ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ സ്വർണമടക്കമുള്ള സ്വത്തുക്കളുടെ സമഗ്രമായ ഓഡിറ്റിന് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ മറ്റൊരു പ്രധാന ആവശ്യം.