ഉപരാഷ്‌ട്രപതി സിപി രാധാകൃഷ്‌ണൻ്റെ കേരളം, തമിഴ്‌നാട്, പുതുച്ചേരി സന്ദർശനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി : ഉപരാഷ്‌ട്രപതി സിപി രാധാകൃഷ്‌ണൻ്റെ കേരളം, തമിഴ്‌നാട്, പുതുച്ചേരി സന്ദർശനം ഇന്നാരംഭിക്കും . ഈ വർഷത്തെ ട്രിവാൻഡ്രം ഫെസ്റ്റില്‍ പങ്കെടുക്കാനും 93-ാമത് ശിവഗിരി തീർഥാടനത്തില്‍ പങ്കെടുക്കാനുമാണ് ഉപരാഷ്‌ട്രപതി കേരളത്തിലെത്തുന്നത്.രണ്ട് ദിവസത്തെ സന്ദർശനമാണ് സിപി രാധാകൃഷ്‌ണൻ നടത്തുന്നത്. ഇന്ന് തമിഴ്‌നാട്ടിലെത്തുന്ന ഉപരാഷ്ട്രപതി ഒരു പൗര സ്വീകരണത്തിൽ പങ്കെടുക്കുകയും മഹാകവി ഭാരതിയാരുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്യും. പുതുച്ചേരിയിൽ സ്‌മാർട്ട് സിറ്റി മിഷന്‍റെ കീഴിലുള്ള ഭവന പദ്ധതിക്ക് അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്യുമെന്ന് ഉപരാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് അറിയിച്ചു.
പോണ്ടിച്ചേരി സർവകലാശാലയുടെ 30-ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായും ഉപരാഷ്‌ട്രപതി പങ്കെടുക്കും. ശേഷം അദ്ദേഹം കേരളത്തിലേക്ക് തിരിക്കും. പാളയം എല്‍എംഎസ് കോമ്പൗണ്ടില്‍ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥിയാണ് സിപി രാധാകൃഷ്‌ണൻ. വൈകിട്ട് 6.30ന് നടക്കുന്ന സ്‌നേഹ സംഗമത്തിലാണ് അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
നാളെ വർക്കലയിലെത്തുന്ന ഉപരാഷ്‌ട്രപതി 93-ാമത് ശിവഗിരി തീർഥാടനത്തിൽ പങ്കെടുക്കും. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന പൊതുയോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ശേഷം തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നടക്കുന്ന കാശി-തമിഴ് സംഗമം 4.0 ന്‍റെ സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.
തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം
ഉപരാഷ്‌ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ കർശന ഗാതാഗത നിയന്ത്രണം. ഇന്ന് ഉച്ചയ്‌ക്ക് 2.30മുതല്‍ രാത്രി 8.30 വരെ ശംഖുമുഖം, ആള്‍സെയിന്‍റ്‌സ്, ചാക്ക പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറല്‍ ആശുപത്രി, ആശാൻ സ്‌ക്വയർ, ഫ്ലൈ ഓവർ, നിയമസഭ, ജിവി രാജ, എല്‍എംഎസ് മ്യൂസിയം, വെള്ളയമ്പലം, കവടിയാർ റോഡ് എന്നീ റോഡുകളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു. രാവിലെ എട്ട മുതല്‍ ഉച്ചയ്‌ക്ക് രണ്ട് വരെ ചാക്ക ലോഡ്‌സ്, ലുലു, കുഴിവിള, ആക്കുളം, കോട്ടമുക്ക്, പ്രശാന്ത് നഗർ, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മാർ ഇവാനിയോസ് കോളജ് റോഡുകളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. രാവിലെ ആറ് മുതല്‍ ഉച്ചയ്‌ക്ക് രണ്ട് വരെ ശംഖുമുഖം, ആള്‍സെയിന്‍റ്‌സ്, ചാക്ക റോഡിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. മറ്റ് പ്രധാന റോഡുകളിലും ഇന്നും നാളെയും ഗതാഗത നിയന്ത്രണങ്ങളുണ്ട്.