ലൈംഗികാതിക്രമമെന്ന് പ്രചാരണത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം: നിയമ നടപടിക്കൊരുങ്ങി കുടുംബം

ലൈംഗികാതിക്രമമെന്ന് പ്രചാരണത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം: നിയമ നടപടിക്കൊരുങ്ങി കുടുംബം

   കോഴിക്കോട്:  ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വീഡിയോ പ്രചരിച്ചതിൻ്റെ പേരിൽ  യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി കുടുംബം.സംഭവത്തിൽ  കോഴിക്കോട് ഗോവിന്ദപുരം വളയനാട് കാവിനു സമീപം താമസിക്കുന്ന ദീപക് ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌തത്‌ .ഇന്നലെ രാവിലെയാണ് മരണ വിവരം പുറത്തറിയുന്നത്. പതിവുപോലെ രാവിലെ ദീപക്ക് എഴുന്നേൽക്കാത്തതിനെ തുടർന്ന് മാതാപിതാക്കൾ ബഹളം വെച്ചപ്പോൾ  പരിസരവാസികൾ  ഓടിയെത്തുകയും  തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.പൊലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ദീപകിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകിയ യുവതി പിന്നീട്  സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു . ഇതിനെ തുടർന്നാണ് ആത്മഹത്യ .ദീപക്കിൻ്റെ മരണത്തെത്തുടർന്ന് ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ യുവതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.

വിശദീകരണവുമായി ഷിംജിത

ബസില്‍ തനിക്കെതിരെയുണ്ടായ പെരുമാറ്റം ഗുരുതരമായ മാനസിക സാമൂഹിക പ്രശ്‌നമാണെന്നും ഇത്തരക്കാരെ സമൂഹം തിരിച്ചറിയാനും ആവർത്തിക്കാതിരിക്കാനുമാണ് താൻ വീഡിയോ ചെയ്തതെന്നുമാണ് ഷിംജിതയുടെ വിശദീകരണം . അറിയാതെ സ്‌പർശിക്കുന്നതല്ലെന്നും തെറ്റിദ്ധാരണ അല്ലെന്നുമാണ് ഷിംജിതയുടെ വാദം. ഗുരുതരമായ മാനസിക വൈകല്യവും ലൈംഗിക കുറ്റകൃത്യവുമാണ് ബസിൽ വച്ചുണ്ടായതെന്ന് ഷിംജിത വീഡിയോയിൽ പറഞ്ഞു.കൺസെൻ്റില്ലാതെ ഒരു മനുഷ്യൻ്റെ ശരീരത്തിൽ സ്‌പർശിക്കാൻ ആർക്കാണ് അവകാശമെന്നും കുറ്റാരോപിതന് വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലെന്നും ഷിംജിത പറഞ്ഞു. സമൂഹവും കുടുംബും ഇത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങളെ മനസിലാക്കി തിരുത്തണമെന്നും ഷിംജിത വീഡിയോയിൽ കൂട്ടിച്ചേർത്തു.

ഷിംജിതക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ

ലൈംഗിക അതിക്രമത്തെ തുടർന്ന് വീഡിയോ പ്രചരിച്ചതിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പരാതി നൽകി രാഹുൽ ഈശ്വർ രംഗത്തെത്തി. വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച പെൺകുട്ടിക്കെതിരെയാണ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നതെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. നാളെ ബസിൽ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് നേരെ ഏതെങ്കിലുമൊരു പെൺകുട്ടി വൈറലാകാനായി ഇത്തരം പ്രവർത്തികൾ ചെയ്യാതിരിക്കാനാണ് പരാതി നൽകിയതെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി.കുടുംബത്തിൻ്റെ ഏക അത്താണിയായിരുന്ന ദീപകെന്നും കുടുംബത്തിന് സാമ്പത്തിക സഹായങ്ങൾ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. മിഷൻ മെൻസ് കമ്മിഷൻ്റെ ഭാഗത്തു നിന്ന് അടക്കം ദീപകിൻ്റെ വീട്ടിലേക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീപക്കിനായി കരുത്തുറ്റ നിയമ പോരാട്ടമെന്ന് അഡ്വ. ഫൗസി ഹബീബ്

ദീപക്കിനായി ഒരു കരുത്തുറ്റ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നുവെന്ന് കേരള ഹൈക്കോടതി അഡ്വ. ഫൗസി ഹബീബ്. 'വൈറൽ' ആകാനുള്ള ഒരു പെൺകുട്ടിയുടെ അമിത മോഹത്തിന് ബലിയാടാവേണ്ടി വന്നത് ദീപക് എന്ന യുവാവിൻ്റെ ജീവനാണെന്നും ഒരു കുടുംബത്തിൻ്റെ മുഴുവൻ പ്രതീക്ഷകളുമാണ് ആത്മഹത്യ എന്ന കടുംകൈയിലൂടെ ഇല്ലാതായതെന്നും അവര്‍ വ്യക്തമാക്കി.​"നിയമവും പൊലീസും കോടതിയും തങ്ങൾക്കൊപ്പമാണെന്ന അഹങ്കാരത്തിൽ ആരെയും സോഷ്യൽ മീഡിയയിലൂടെ ക്രൂശിക്കാമെന്ന് ആരും കരുതേണ്ട. നിയമം സ്ത്രീക്ക് മാത്രമല്ല, നീതി ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും ഒപ്പമുണ്ട്" അഭിഭാഷക പറയുന്നു. ​സോഷ്യൽ മീഡിയയിലെ വിചാരണയല്ല, കോടതിയിലെ തെളിവുകളാണ് സത്യം വിളിച്ചുപറയുക. ദീപക്കിൻ്റെ കുടുംബത്തിന് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും അഡ്വ. ഫൗസി ഹബീബ് സമൂഹമാധ്യമത്തിൽ  കുറിച്ചു.

https://www.worldm.news/news/womans-complaint-of-sexual-15909