മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെളളാപ്പളളിയെ ചോദ്യം ചെയ്ത് വിജിലൻസ്.

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ  വെളളാപ്പളളിയെ  ചോദ്യം ചെയ്ത് വിജിലൻസ്.

എറണാകുളം : മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ ചോദ്യം ചെയ്ത് വിജിലൻസ്. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വിജിലൻസ്  ചോദ്യം ചെയ്തത്. കേസന്വേഷണം വേഗത്തിലാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് എസ്പി എസ് ശശിധരൻ്റെ  നേതൃത്വത്തിലുള്ള സംഘം  ചോദ്യം ചെയ്തത്.

 കഴിഞ്ഞ ജൂലൈയിലായിരുന്നു ഹൈക്കോടതി കേസിന്റെ അന്വേഷണം വേഗത്തിലാക്കാൻ നിർദേശം നൽകിയത്. ശശിധരൻ തന്നെ കേസ് അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.കേസിൽ വെള്ളാപ്പള്ളി അടക്കം അഞ്ച് പ്രതികളാണുള്ളത്. പിന്നാക്ക വികസന കോർപ്പറേഷൻ മുൻ എം ഡി നജീബ്, നിലവിലെ എംഡിയായ ദിലീപ് കുമാർ, മൈക്രോ ഫിനാൻസ് ചീഫ് കോർഡിനേറ്റർ കെ കെ മഹേശൻ, എസ്എൻഡിപി യോഗം നേതാവ് ഡോ. എം എൻ സോമൻ എന്നിവരാണ് മറ്റ് പ്രതികൾ.2016ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനാണ് വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയത്. 15 കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു  പരാതി. പിന്നാക്ക വികസന കോർപ്പറേഷൻ മുഖേന കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും പിന്നാലെ ഉയർന്ന പലിശ ഈടാക്കി വിതരണം ചെയ്തുവെന്നുമാണ് കേസ്. ഇല്ലാത്ത ആളുകളുടെ പേരിൽ പോലും വായ്പ അനുവദിച്ചിരുന്നതായും പരാതിയിൽ ഉണ്ടായിരുന്നു. സ്വാശ്രയ സംഘങ്ങൾക്ക് നൽകാനെന്ന പേരിലാണ് എസ്എൻഡിപി അഞ്ച് കോടി രൂപ വായ്പയെടുത്ത്. എന്നാൽ അന്വേഷണത്തിനിടെയാണ് പലരും തങ്ങളുടെ പേരിൽ വായ്പയുള്ളതായി അറിയുന്നത്. ഇതിൻ്റെ പേരിൽ നിരവധി കുടുംബങ്ങൾ നടപടികൾ നേരിടേണ്ടിവന്ന സാഹചര്യം ഉണ്ടായപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.