'ടിവികെ ' എന്നും മതനിരപേക്ഷ സാമൂഹിക നീതിയുടെ പാതയിൽ ഉറച്ചുനിൽക്കുമെന്ന് വിജയ്

'ടിവികെ ' എന്നും മതനിരപേക്ഷ സാമൂഹിക നീതിയുടെ പാതയിൽ ഉറച്ചുനിൽക്കുമെന്ന് വിജയ്

ചെന്നൈ: സഖ്യനീക്കങ്ങളെക്കുറിച്ചുള്ള ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടനും ടിവികെ നേതാവുമായ വിജയ്. മാമല്ലപുരത്ത് നടന്ന ഇഫ്താർ സംഗമത്തിൽ, 'തമിഴക വെട്രി കഴകം ' എന്നും മതനിരപേക്ഷ സാമൂഹിക നീതിയുടെ പാതയിൽ ഉറച്ചുനിൽക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. എൻഡിഎ സഖ്യത്തിലേക്കില്ലെന്ന കൃത്യമായ സൂചനയാണ് വിജയ് നൽകിയത്.നിയമസഭാ സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതിലെ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും എൻഡിഎയുമായുള്ള ചർച്ചകളെക്കുറിച്ചും വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് വിജയ്‌യുടെ പ്രതികരണം. 

"നമ്മുടെ പാർട്ടിയെക്കുറിച്ച് രാഷ്ട്രീയ പ്രവേശന ദിവസം മുതൽ പലവിധ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. നമ്മൾ ഇന്ന ടീമിന്റെ ഭാഗമാണ് അല്ലെങ്കിൽ മറ്റൊരു ടീമിന്റെ ഭാഗമാണ് എന്നൊക്കെ. എന്നാൽ ഇതൊരു ജനകീയ ടീമാണെന്ന് എല്ലാവർക്കും മനസ്സിലായപ്പോൾ അവർ പുതിയ കഥകൾ മെനയാൻ തുടങ്ങി. അങ്ങനെയാണ് സഖ്യങ്ങളെക്കുറിച്ചുള്ള കിംവദന്തികൾ ഉണ്ടായത്. ഇതിൽ നിങ്ങൾക്കെല്ലാവർക്കും ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടാകാം. ഒരു കാര്യം ഞാൻ ഇവിടെ വ്യക്തമാക്കാം, നമ്മൾ എപ്പോഴും മതനിരപേക്ഷ പ്രത്യയശാസ്ത്രത്തിലും മതനിരപേക്ഷ സാമൂഹിക നീതിയിലുമാണ് വിശ്വസിക്കുന്നത്. അതിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല," വിജയ് പറഞ്ഞു. 

കോൺഗ്രസ് ഡിഎംകെ സഖ്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നതോടെ വിജയ്‌യുടെ മുന്നിൽ മറ്റ് സഖ്യസാധ്യതകൾ അടഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിൽ ഡിഎംകെ, എഐഎഡിഎംകെ-ബിജെപി, എൻ‌ടി‌കെ എന്നിവർക്കൊപ്പം ടിവികെ കൂടി എത്തുന്നതോടെ മത്സരം മുറുകുമെന്ന് ഉറപ്പായി. ഒറ്റയ്ക്ക് മത്സരിക്കുന്നത് തന്റെ പാർട്ടിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെങ്കിലും, ഇത് സാമ്പത്തികവും സംഘടനാപരവുമായ വലിയ വെല്ലുവിളികളും ടിവികെയ്ക്ക് ഉയർത്തുന്നുണ്ട്.