വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനിയുടെ നീക്കം തടയണമെന്ന് സിപിഎം

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനിയുടെ നീക്കം തടയണമെന്ന് സിപിഎം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ  49 % ഓഹരികൾ ആഗോള കപ്പൽ കമ്പനിയായ എംഎസ്സിക്ക്  കൈമാറാനുള്ള അദാനി ഗ്രൂപ്പിൻ്റെ നീക്കത്തെ ശക്തമായി എതിർത്ത് സിപിഎം. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും വിഴിഞ്ഞം തുറമുഖം പൂർണ്ണമായും സംസ്ഥാനത്തിൻ്റെ ഉടമസ്ഥതയിൽ തന്നെ നിലനിർത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരും ഉരുണ്ടുകളി തുടരുന്നത് കേരളത്തിൻ്റെ പൊതുതാൽപ്പര്യങ്ങളെ അട്ടിമറിക്കുന്നതാണെന്നും പാർട്ടി കുറ്റപ്പെടുത്തി.വിഴിഞ്ഞത്തിന്റെ ഓഹരികൾ കൈമാറാൻ പോകുന്നു എന്ന കാര്യം അദാനി ഗ്രൂപ്പ് ഔദ്യോഗികമായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെഅറിയിച്ചിട്ടുള്ള കൃത്യമായ രേഖകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ടെന്ന് സിപിഎം ചൂണ്ടിക്കാട്ടി. തുറമുഖം ഈ രണ്ട് വൻകിട കമ്പനികളുടെയും സംയുക്ത സംരംഭമായി  മാറ്റാനുള്ള വ്യക്തമായ നീക്കമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈമാറ്റം ചെയ്യണമെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ ഈ പ്രധാന വ്യവസ്ഥയെയെല്ലാം പൂർണ്ണമായി മറികടന്നുകൊണ്ടാണ് അദാനി ഗ്രൂപ്പ് ഇപ്പോൾ ഓഹരി കൈമാറ്റവുമായി മുന്നോട്ട് പോകുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

ഈ ഓഹരി കൈമാറ്റം യാഥാർത്ഥ്യമാകുന്നതോടെ വിഴിഞ്ഞം തുറമുഖം പൂർണ്ണമായും എംഎസ്സിയുടെ കപ്പലുകൾക്ക് മാത്രമായി നീക്കിവെയ്ക്കപ്പെടുന്ന അതീവ ഗുരുതരമായ സാഹചര്യമുണ്ടാകും. ഇത് ഈ മേഖലയിലെ സ്വാഭാവികമായ മത്സരക്ഷമതയെ പൂർണ്ണമായി ഇല്ലാതാക്കും. മറ്റ് ആഗോള ഷിപ്പിംഗ് കമ്പനികൾക്ക് വിഴിഞ്ഞത്തേക്ക് പ്രവേശനം ലഭിക്കാതെ വന്നാൽ അത് സംസ്ഥാനത്തിൻ്റെ സാമ്പത്തിക താൽപ്പര്യങ്ങളെയും ഭാവിയെയും തന്നെ ദോഷകരമായി ബാധിക്കുമെന്നും സിപിഎം വ്യക്തമാക്കി.

മാധ്യമ വാർത്തകളിലൂടെ മാത്രമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ വിവരങ്ങളെല്ലാം അറിഞ്ഞതെന്ന ഔദ്യോഗിക വിശദീകരണം എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന കാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ടെന്ന് സിപിഎം തുറന്നടിച്ചു. കരാർ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന താത്പര്യം മുൻനിർത്തിയുള്ള കടുത്ത നടപടികൾ സ്വീകരിക്കാൻ ഭരണകൂടം ബാധ്യസ്ഥരാണ്. എന്നാൽ ഈ വലിയ ഉത്തരവാദിത്വം നിർവ്വഹിക്കാതെ സർക്കാർ കാണിക്കുന്ന നിസ്സംഗതയും ഉരുണ്ടുകളിയും കേരളത്തിൻ്റെ താൽപ്പര്യങ്ങളെ തകർക്കുന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൂട്ടിച്ചേർത്തു.