കൊച്ചി മേയർ പദവിയിൽ ആദ്യ രണ്ടര വർഷം വി.കെ. മിനിമോൾ, പിന്നീട് ഷൈനി മാത്യു

എറണാകുളം: കൊച്ചി കോർപറേഷനിൽ യുഡിഎഫ് ഭരണത്തിന് തുടക്കമിടുമ്പോൾ വി.കെ. മിനിമോൾ ആദ്യ ടേമിൽ മേയറാകും. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിന് ശേഷം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ടേം വ്യവസ്ഥപ്രകാരം ആദ്യ രണ്ടര വർഷം വി.കെ. മിനിമോളും അവസാന രണ്ടര വർഷം ഷൈനി മാത്യുവും മേയർ പദവി അലങ്കരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനവും സമാനമായ രീതിയിൽ പങ്കുവെക്കും. ആദ്യ ഘട്ടത്തിൽ ദീപക് ജോയിയും രണ്ടാം ഘട്ടത്തിൽ കെ.വി.പി. കൃഷ്ണകുമാറുമാണ് ഡെപ്യൂട്ടി മേയർമാരാവുക.
തെരഞ്ഞെടുപ്പിന് മുൻപ് മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ തഴഞ്ഞുകൊണ്ടാണ് ഗ്രൂപ്പ് സമവാക്യങ്ങൾ പുതിയ തീരുമാനത്തിലെത്തിയത്. എ, ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കമാണ് ദീപ്തിയുടെ അവസരം നഷ്ടപ്പെടുത്തിയതെന്നാണ് സൂചന. പാർലമെന്ററി പാർട്ടി യോഗത്തിൽ നടന്ന വോട്ടെടുപ്പിൽ ഷൈനി മാത്യുവിന് 19 പേരുടെയും വി.കെ. മിനിമോൾക്ക് 17 പേരുടെയും പിന്തുണ ലഭിച്ചപ്പോൾ ദീപ്തിക്ക് 4 പേരുടെ പിന്തുണ മാത്രമാണ് നേടാനായത്. പാർട്ടിയുടെ ഉന്നത ഔദ്യോഗിക പദവി വഹിക്കുന്നവർക്ക് മുൻഗണന നൽകണമെന്ന കെപിസിസി സർക്കുലർ നിലനിൽക്കെയാണ് ദീപ്തി തഴയപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.
ആദ്യ ടേമിൽ മേയറാകുന്ന വി.കെ. മിനിമോൾ പാലാരിവട്ടം വാർഡിൽ നിന്നുള്ള പ്രതിനിധിയാണ്. രണ്ടാം ടേമിൽ മേയർ പദവിയിലെത്തുന്ന ഷൈനി മാത്യു ഫോർട്ട് കൊച്ചി ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. ആദ്യ രണ്ടര വർഷം ഡെപ്യൂട്ടി മേയറാകുന്ന ദീപക് ജോയ് അയ്യപ്പൻകാവ് വാർഡിൽ നിന്നും, രണ്ടാം ഘട്ടത്തിൽ ആ പദവിയിലെത്തുന്ന കെ.വി.പി. കൃഷ്ണകുമാർ എറണാകുളം സൗത്ത് വാർഡിൽ നിന്നുമാണ് കൗൺസിലിലെത്തുന്നത്. അതേസമയം, മേയർ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുകയും പിന്നീട് തഴയപ്പെടുകയും ചെയ്ത കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് സ്റ്റേഡിയം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്.,കെ.സി. വേണുഗോപാലിന്റെ പിന്തുണ ദീപ്തിക്കുണ്ടായിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡിസിസി നേതൃത്വവും വി.കെ. മിനിമോളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മിനിമോളുടെ പ്രവർത്തനപരിചയവും സഭയുടെ അനുകൂല നിലപാടും ഇവർക്ക് തുണയായി. പശ്ചിമ കൊച്ചിയിൽ നിന്നുള്ള ഷൈനി മാത്യുവിനായി മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തുണ്ടായിരുന്നു.
മുൻപ് സൗമിനി ജെയിൻ മേയറായ കാലത്തെ ടേം വ്യവസ്ഥയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത്തവണ നേതൃത്വം ജാഗ്രത പുലർത്തുന്നുണ്ട്. എങ്കിലും ഗ്രൂപ്പ് പോരിനെ തുടർന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന നിരാശയിലാണ് ദീപ്തിയെ അനുകൂലിക്കുന്ന വിഭാഗം. അതേസമയം, മേയര്‍ സ്ഥാനത്തു നിന്നു തഴയപ്പെട്ടതിനെതിരേ ദീപ്തി മേരി വര്‍ഗീസ് കെപിസിസിയെ സമീപിച്ചിട്ടുണ്ട്. കൈപിസിസി നിര്‍ദേശിച്ച് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മേയറെ തെരഞ്ഞെടുത്തതെന്നാണ് പ്രധാന ആക്ഷേപം.