ശബരിമല സ്വർണ്ണക്കൊള്ളയിലെ ഭരണ പ്രതിപക്ഷ വാക്പോരിൽ നിയമസഭ പിരിഞ്ഞു

ശബരിമല സ്വർണ്ണക്കൊള്ളയിലെ ഭരണ പ്രതിപക്ഷ  വാക്പോരിൽ നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ  ഇന്നും കടുത്ത ഏറ്റുമുട്ടൽ. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിയമസഭ പിരിഞ്ഞു. 

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്വർണ്ണക്കൊള്ള വിഷയം രാഷ്ട്രീയ ആയുധമാക്കി ഇരുമുന്നണികളും സഭയ്ക്കകത്തും പുറത്തും വലിയ പോർവിളിയാണ് നടത്തിയത്.സാധാരണ സഭയ്ക്കകത്ത് പ്രതിഷേധിക്കാറുള്ള പ്രതിപക്ഷം ഇത്തവണ സഭാ കവാടത്തിൽ പാരഡി പാട്ടുകളും ബാനറുകളുമായിട്ടാണ് അണിനിരന്നത്. സത്യാഗ്രഹമിരുന്ന എംഎൽഎമാരെയും കൂട്ടി സഭയ്ക്കകത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയാണ് പ്രതിപക്ഷം എത്തിയത്.മുഖ്യമന്ത്രി പിണറായി വിജയനും കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രം പ്രതിപക്ഷം ഉയർത്തിക്കാട്ടിയപ്പോൾ, സോണിയാ ഗാന്ധിയും പോറ്റിയും ഒന്നിച്ചുള്ള ചിത്രം ഉയർത്തിയാണ് ഭരണപക്ഷം തിരിച്ചടിച്ചത്. പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സർക്കാർ ഒത്തുകളിച്ചുവെന്നും തെളിവ് നശിപ്പിക്കാനാണ് ശ്രമമെന്നും വി.ഡി. സതീശൻ ആരോപിച്ചു. എന്നാൽ പോറ്റി സന്ദർശിച്ച ഇടങ്ങളിലേക്ക് അന്വേഷണം നീളുന്നത് കോൺഗ്രസിനെ ഭയപ്പെടുത്തുന്നുവെന്നും പ്രതിപക്ഷത്തിന് പരിഭ്രാന്തിയെന്നും മന്ത്രി എം.ബി. രാജേഷ് അടക്കമുള്ളവർ പരിഹസിച്ചു.സ്വർണ്ണക്കൊള്ള ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിട്ടും പ്രതിപക്ഷം അതിന് നിൽക്കാതെ ബഹളം വെക്കുകയാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ വിമർശിച്ചു. പതിവ് രീതിയിൽ നിന്ന് മാറി, പ്രതിപക്ഷത്തേക്കാൾ വേഗത്തിൽ ഭരണപക്ഷ അംഗങ്ങൾ സഭയ്ക്ക് പുറത്തിറങ്ങി പ്രതിഷേധിച്ചത് ശ്രദ്ധേയമായി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് നേതാക്കൾക്കുള്ള ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു ഭരണപക്ഷത്തിന്റെ നീക്കം.