യുദ്ധം വ്യാപിക്കുന്നു : യാത്രാ പ്രതിസന്ധിയിൽ പ്രവാസികൾ

എറണാകുളം: ഇറാൻ -ഇസ്രായേൽ സംഘർഷം രൂക്ഷമായിവരുന്നസാഹചര്യത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കി. ഇന്ന് മാത്രം നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നായി 75 സർവീസുകളാണ് വെട്ടിച്ചുരുക്കിയത്. അവധി കഴിഞ്ഞ് മടങ്ങാനിരുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് .
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് വരേണ്ട 37 സർവീസുകളാണ് ആദ്യഘട്ടത്തിൽ റദ്ദാക്കിയത്. ഇതിന് പിന്നാലെ കൊച്ചിയിൽ നിന്ന് പറന്നുയരേണ്ട 38ഓളം വിമാന സർവീസുകളും വെട്ടിച്ചുരുക്കി. ഷെഡ്യൂൾ ചെയ്തിട്ടുള്ള മറ്റ് ആറ് വിമാനങ്ങൾ കൂടി എത്താൻ സാധ്യതയില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. പ്രധാനമായും ജിദ്ദ, മസ്കറ്റ്, അബുദാബി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള സർവീസുകളാണിവ. വിദേശ വിമാനങ്ങളുടെ സർവീസുകളിലാണ് ഇത്തരത്തിൽ വ്യാപകമായ മാറ്റങ്ങൾ വന്നിട്ടുള്ളത്. ഇന്ന് രാവിലെ മസ്കറ്റിൽ നിന്ന് ഒരു വിമാനം എത്തിയെങ്കിലും, 10 മണിക്ക് വരേണ്ട ജിദ്ദ വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചിരുന്നു. ഇന്നലെയും കൊച്ചിയിലേക്ക് വരേണ്ട 14 വിമാനങ്ങൾ ഉൾപ്പെടെ ആകെ 27 സർവീസുകൾ റദ്ദാക്കിയിരുന്നു.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള മൂന്ന് വിമാനങ്ങളാണ് ഇന്ന് രാവിലെ റദ്ദാക്കിയത്. രാവിലെ 7.25ന് കുവൈറ്റിലേക്ക് പോകേണ്ട കുവൈറ്റ് എയർവേസ്, 10.45ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ ഷാർജ വിമാനം, 11.35നുള്ള റിയാദ് വിമാനം എന്നിവയാണ് യാത്ര ഒഴിവാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തിന് പുറമെ കരിപ്പൂരിലും സമാനമായ രീതിയിൽ വിമാനങ്ങൾ മുടങ്ങിയിരുന്നു. മിഡിൽ ഈസ്റ്റിലെ സാഹചര്യം വളരെ മോശമാകുന്നതിനാൽ ഇവിടേക്ക് കൂടുതൽ സർവീസുകൾ ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ, സിംഗപ്പൂർ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ യഥാസമയം സർവീസ് നടത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതിസന്ധിയിലായി പ്രവാസികൾ
ഗൾഫ് മേഖലയിലേക്കുള്ള വിമാനങ്ങൾ കൂട്ടത്തോടെ മുടങ്ങുന്നത് കേരളത്തിലെ പ്രവാസികളെ, പ്രത്യേകിച്ച് മലബാർ മേഖലയിലുള്ളവരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകൾക്ക് പുറമെ ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് പോകുന്ന കണക്ടിങ് ഫ്ലൈറ്റുകളുടെ സേവനവും ഇതോടെ ഇല്ലാതായി. യുദ്ധത്തിൻ്റെ തോത് വർധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഏതു നിമിഷവും ആക്രമണങ്ങളോ മിസൈലുകളോ പതിച്ചേക്കാമെന്ന ഭയത്തിലാണ് ജനങ്ങൾ കഴിയുന്നത്.അവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങാൻ കഴിയാത്തത് പലരുടെയും ജോലിയെയും ബിസിനസ് ആവശ്യങ്ങളെയും പൂർണമായും സ്തംഭിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവ് വരാതെ സർവീസുകൾ സാധാരണ നിലയിലാകാൻ സാധ്യതയില്ലെന്നാണ് എയർപോർട്ട് അതോറിറ്റി നൽകുന്ന സൂചന.