കൊച്ചിയില്‍ നിര്‍മിച്ച യുദ്ധക്കപ്പല്‍ 'മാല്‍വന്‍' ജൂലൈ-22ന് കമ്മിഷന്‍ ചെയ്യും

കൊച്ചിയില്‍ നിര്‍മിച്ച യുദ്ധക്കപ്പല്‍ 'മാല്‍വന്‍'  ജൂലൈ-22ന് കമ്മിഷന്‍ ചെയ്യും

എറണാകുളം: ഇന്ത്യൻ നാവികസേനയുടെ പ്രതിരോധ ശേഷിക്ക് കൂടുതൽ കരുത്തുപകരാന്‍ മാല്‍വന്‍. അത്യാധുനിക സബ്‌മെറൈൻ യുദ്ധക്കപ്പലായ മാഹി ക്ലാസ് ശ്രേണിയിലെ രണ്ടാമത്തെ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ മാൽവൻ ജൂലൈ 22ന് ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകും. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിച്ച സബ്‌മെറൈൻ ഷാലോ വാട്ടർ ക്രാഫ്റ്റ് യുദ്ധക്കപ്പലാണിത്. പ്രതിരോധ രംഗത്ത് രാജ്യത്തിന് വലിയ നേട്ടമുണ്ടാക്കുന്ന ഈ കപ്പലിന്‍റെ കമ്മിഷനിങ് ചടങ്ങുകൾക്ക് വൻ ഒരുക്കങ്ങളാണ് നാവികസേന പൂർത്തിയാക്കിയിട്ടുള്ളത്.

കമ്മിഷനിങ് ചടങ്ങിൽ ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എപി സിങ് മുഖ്യാതിഥിയായി പങ്കെടുക്കും. പശ്ചിമ നാവിക കമാൻഡ് ഫ്ലാഗ് ഓഫിസർ കമാൻഡിങ്-ഇൻ-ചീഫ് വൈസ് അഡ്‌മിറൽ സഞ്ജയ് വത്സയൻ, കൊച്ചിൻ ഷിപ്പ്‌യാർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ, മുൻ നാവികസേനാ ഉദ്യോഗസ്ഥർ, മറ്റ് വിശിഷ്‌ട വ്യക്തികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. രാജ്യം തദ്ദേശീയ പ്രതിരോധ നിർമ്മാണത്തിൽ കൈവരിച്ച മുന്നേറ്റം വിളിച്ചോതുന്നതായിരിക്കും ഈ ചടങ്ങ്. കാർവാറിലുള്ള ഇന്ത്യൻ നാവികസേന കേന്ദ്രത്തിൽ വച്ചാണ് ചടങ്ങ് നടക്കുന്നത്.

കേന്ദ്ര സർക്കാരിന്‍റെ 'ആത്മനിർഭർ ഭാരത്' അഥവാ സ്വയംപര്യാപ്‌ത ഭാരതം എന്ന ദൗത്യത്തിന്‍റെ മികച്ച ഉദാഹരണമാണ് മാൽവൻ യുദ്ധക്കപ്പൽ. ഈ കപ്പലിന്‍റെ നിർമാണത്തിന് ഉപയോഗിച്ച സാമഗ്രികളിലും സാങ്കേതികവിദ്യയിലും 80 ശതമാനത്തിലധികവും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്തതാണ് എന്നത് അഭിമാനകരമായ നേട്ടമാണ്. അത്യാധുനിക യുദ്ധക്കപ്പലുകളുടെ രൂപകൽപ്പനയിലും നിർമാണത്തിലും സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിലും ഇന്ത്യൻ നാവികസേനയും കൊച്ചിൻ ഷിപ്പ്‌യാർഡും കൈവരിച്ച വൻ പുരോഗതിയുടെ തെളിവാണ് കൊച്ചിയിൽ പിറവിയെടുത്ത ഈ പുതിയ കരുത്തൻ.

വലിപ്പത്തിൽ ചെറുതാണെങ്കിലും പ്രഹരശേഷിയിലും പ്രവർത്തനക്ഷമതയിലും ഏറെ മുന്നിലാണ് മാൽവൻ. തീരദേശ മേഖലകളിലും ആഴം കുറഞ്ഞ കടൽഭാഗങ്ങളിലും ശത്രു അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ യുദ്ധക്കപ്പൽ. ശത്രുക്കളുടെ നീക്കങ്ങൾ അതിവേഗം തിരിച്ചറിയാനുള്ള അത്യാധുനിക റഡാറുകളും സോനാർ സംവിധാനങ്ങളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ആഴം കുറഞ്ഞ വെള്ളത്തിൽ അതിവേഗത്തിലും കൃത്യതയിലും നീങ്ങാൻ സാധിക്കുന്ന രൂപകൽപ്പനയും കപ്പലിന്‍റെ പ്രത്യേകതയാണ്. ഒപ്പം തന്നെ ദീർഘനേരം സമുദ്രത്തിൽ ദൗത്യങ്ങളിൽ ഏർപ്പെടാനുള്ള കപ്പലിന്‍റെ ശേഷി നാവികസേനയുടെ സമുദ്ര നിരീക്ഷണത്തിന് വലിയ ഊർജം പകരും.

വരും ദിവസങ്ങളിൽ ഇന്ത്യൻ സമുദ്രമേഖലയിലെ സുരക്ഷ ശക്തമാക്കുന്നതിൽ മാൽവൻ നിർണായക പങ്കുവഹിക്കും. പൂർണമായും ഇന്ത്യയിൽ നിർമിച്ച ഇത്തരം കപ്പലുകളുടെ വരവ് ഇന്ത്യൻ നാവികസേനയുടെ യുദ്ധശേഷി വർധിപ്പിക്കുക മാത്രമല്ല, ആഗോളതലത്തിൽ ഇന്ത്യയുടെ കപ്പൽ നിർമാണ മേഖലയുടെ വിശ്വാസ്യത ഉയർത്തുകയും ചെയ്യും. തീര സംരക്ഷണത്തിൽ പുതിയൊരു അധ്യായം കുറിച്ച് കൊണ്ട് ജൂലൈ 22 മുതൽ 'മാൽവൻ' രാജ്യത്തിന്‍റെ സുരക്ഷാ ദൗത്യങ്ങളിൽ സജീവ പങ്കാളിയാകും.