വയനാട് ദുരിതാശ്വാസ നിധി: കോൺഗ്രസിൻ്റേത് കള്ളക്കണക്കെന്ന് എം സ്വരാജ്

വയനാട് ദുരിതാശ്വാസ നിധി: കോൺഗ്രസിൻ്റേത് കള്ളക്കണക്കെന്ന്  എം സ്വരാജ്

എറണാകുളം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച തുകയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് വെറും കള്ളക്കണക്കാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങളെ പണമുണ്ടാക്കാനുള്ള അവസരമായാണ് കോൺഗ്രസ് കാണുന്നതെന്നും, ജോയിൻ്റ് അക്കൗണ്ടിൽ പണമുണ്ടെന്ന് നേരത്തെ അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് ആ പണം എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്നും സ്വരാജ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി തട്ടിക്കൂട്ടിയ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

ഇത് ജനങ്ങൾ പരിശോധിച്ചു വരുമ്പോഴേക്കും പോളിങ് കഴിയുമെന്നതാണ് കോൺഗ്രസ് ലക്ഷ്യം. പ്രളയകാലത്ത് 1000 വീടുകൾ നിർമിക്കുമെന്ന് പറഞ്ഞ് കോടികൾ പിരിച്ചിട്ടും ഒറ്റ വീട് പോലും പണിതു നൽകിയില്ലെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. ഒരു ദുരന്തത്തിൻ്റെ പേരിൽ രണ്ടുതവണ തട്ടിപ്പ് നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഉടൻ നിർമാണം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് നുണയാണോ എന്നും അദ്ദേഹം ചോദിച്ചു.ഡി‌വൈ‌എഫ്‌ഐ സമാഹരിച്ച 20 കോടിയുടെ നാലിലൊന്ന് പോലും കോൺഗ്രസ് പിരിച്ചിട്ടില്ലെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ തയ്യാറാകാത്ത യുഡിഎഫ്, വിവാദങ്ങളിൽ മുക്കാനാണ് ശ്രമിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് മാറി മാറി മുന്നണികൾ ഭരിക്കണം എന്ന തെറ്റായ പൊതുബോധം സൃഷ്ടിക്കാൻ യുഡിഎഫും ബിജെപിയും പ്രചാരണം നടത്തുന്നത്.യുഡിഎഫ് ഇപ്പോൾ 'ഉഡായിപ്പ് ഡെവലപ്‌മെൻ്റ് ഫ്രണ്ട്' ആയി മാറിയിരിക്കുകയാണ്. പത്ത് വർഷത്തിനിടെ രാജ്യത്ത് ഒരു ലക്ഷം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയപ്പോൾ കേരളത്തിൽ ഒറ്റ സ്കൂൾ പോലും അടച്ചുപൂട്ടിയില്ല. പിഎസ്‌സി നിയമനങ്ങൾ കാര്യക്ഷമമായി നടക്കുന്ന ഏക സംസ്ഥാനം കേരളമാണ്. രാജ്യത്തെ 100 നിയമനങ്ങളിൽ 60 എണ്ണവും കേരളത്തിലാണെന്നും സ്വരാജ് വ്യക്തമാക്കി. വയനാട് ഫണ്ട് തട്ടിപ്പിൽ കോൺഗ്രസ് നേതാക്കൾ ആവർത്തിച്ച് നുണ പറയുകയാണ്.

സി‌പി‌ഐ(എം) കേരള ഘടകം നേരിട്ട് ഫണ്ട് സ്വരൂപിക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ചെയ്തത്. കേന്ദ്ര കമ്മിറ്റി സ്വരൂപിച്ച തുക മുഴുവൻ സിഎംഡിആർഎഫിലേക്ക് കൈമാറി. വർഗീയ കലാപം കൈകാര്യം ചെയ്യാൻ വകുപ്പ് ഉണ്ടാക്കുമെന്ന യുഡിഎഫ് വാഗ്ദാനം, തങ്ങൾ അധികാരത്തിലെത്തിയാൽ നാട്ടിൽ കലാപമുണ്ടാകുമെന്ന സമ്മതമാണെന്നും അദ്ദേഹം പരിഹസിച്ചു. കള്ളക്കഥ പ്രചരിപ്പിച്ച് നിരപരാധിയായ ബിനു എന്ന സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്ന ചരിത്രം കോഴിക്കോട് ഉണ്ട്.പേരാമ്പ്രയിൽ ഉൾപ്പടെ ഹീനമായ നുണകൾ പ്രചരിപ്പിച്ച് വോട്ട് തേടുക എന്നത് യുഡിഎഫ് തന്ത്രമാണെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു. വർഗീയ കലാപം കൈകാര്യം ചെയ്യാൻ വകുപ്പ് എന്ന യുഡിഎഫ് വാഗ്ദാനം. തങ്ങൾ അധികാരത്തിൽ എത്തിയാൽ വർഗീയ കലാപങ്ങൾ ഉണ്ടാകുമെന്ന് യുഡിഎഫ് തന്നെ സമ്മതിക്കുന്നതാണ്. അതാണ് പ്രകടനപത്രികയിലെ വാഗ്ദാനം വ്യക്തമാക്കുന്നത്. പത്ത് വർഷമായി വർഗീയ കലാപമില്ലാത്ത നാടാണ് കേരളമെന്നും എം സ്വരാജ് ചൂണ്ടിക്കാട്ടി.

https://www.worldm.news/news/congress-releases-details-of-24271