സുരേഷ് ഗോപി ആദ്യം സ്വന്തം 'അമ്മ'യെ ശുദ്ധീകരിക്കട്ടെ ,വി ഡി സതീശൻ പറഞ്ഞത് പച്ചക്കള്ളo : ജി സുകുമാരൻ നായർ
കോട്ടയം: മുഖ്യമന്ത്രിക്കെതിരെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും കടുത്ത ആരോപണങ്ങളുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും ഒരു പ്രമുഖ സംഘടനയുടെ നേതാവെന്ന പരിഗണന പോലും നൽകാതെ മര്യാദകേടാണ് മുഖ്യമന്ത്രി കാണിച്ചതെന്നും സുകുമാരൻ നായർ ചങ്ങനാശേരിയിൽ പറഞ്ഞു.
ബജറ്റ് ദിനത്തിൽ സുരേഷ് ഗോപി പെരുന്നയിൽ എത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും എൻഎസ്എസിനെ തകർക്കാൻ നോക്കിയവർ ചരിത്രത്തിൽ തീർന്നുപോയിട്ടുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശനെ കാണാൻ തനിക്ക് വ്യക്തിപരമായി യാതൊരു താൽപര്യവുമില്ലെന്നും ആരുടെയും മുന്നിൽ പിച്ചച്ചട്ടിയുമായി പോയിട്ടില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.സർക്കാരും എൻഎസ്എസും തമ്മിലുള്ള ചില ഔദ്യോഗിക ഫയലുകളെ കുറിച്ച് സംസാരിക്കാനാണ് മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കാണാനല്ല അനുവാദം ചോദിച്ചത്. എന്നാൽ രണ്ടുതവണ പ്രൈവറ്റ് സെക്രട്ടറി മുഖാന്തിരം ശ്രമിച്ചിട്ടും ആറു ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തിരികെ വിളിച്ചത്.ഒരു വോട്ടർ എന്നോ, പ്രമുഖ സംഘടനയുടെ നേതാവെന്നോ ഉള്ള പരിഗണന പോലും കാണിച്ചില്ല. മുൻപുള്ള ഒരു മുഖ്യമന്ത്രിമാരിൽ നിന്നും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും, വി ഡി സതീശൻ പകരം പിണറായി വിജയൻ ആയിരുന്നുവെങ്കിൽ ഫോൺ എടുക്കുകയോ തിരക്കുണ്ടെങ്കിൽ തിരിച്ചുവിളിക്കുകയോ ചെയ്യുമായിരുന്നുവെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. 'സമുദായ നേതാക്കൾ തിണ്ണ നിരങ്ങുന്നു' എന്ന പരാമർശത്തിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും, ഇപ്പോഴത്തെ അദ്ദേഹത്തിൻ്റെ പ്രതികരണം തടിതപ്പാൻ വേണ്ടിയുള്ള പച്ചക്കള്ളം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ബജറ്റ് ദിനത്തിൽ സുരേഷ് ഗോപി പെരുന്നയിലെത്തിയത് ബിജെപിയുമായി എൻഎസ്എസ് അടുത്തുനിൽക്കുകയാണെന്ന് വരുത്തിത്തീർക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. ഉപരാഷ്ട്രപതി മന്നം സമാധി സന്ദർശിച്ചപ്പോൾ പുഷ്പാർച്ചന തടഞ്ഞു എന്ന വിവാദത്തിന് പിന്നിലും സുരേഷ് ഗോപിയുടെ രാഷ്ട്രീയ അജണ്ടയാണ്.മുൻപ് ഉപരാഷ്ട്രപതിയെയോ ആനന്ദ് ബോസിനെയോ സ്വീകരിച്ചപ്പോൾ അവർ മന്നം സമാധിയിൽ പ്രാർഥന നടത്താൻ ആവശ്യപ്പെട്ടിട്ടില്ല. താൻ ആരെയും തടസപ്പെടുത്തിയിട്ടുമില്ല. രാഷ്ട്രപതിയുടെ സന്ദർശനത്തിനായി ഗ്രൗണ്ട് വിട്ടുനൽകിയപ്പോൾ അവിടുത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചു. മന്നം സമാധി ഒരു ക്ഷേത്രമായി കണ്ടാണ് പരിപാലിക്കുന്നത്. അവിടെ സുരക്ഷയുടെ പേരിൽ നായയെ കയറ്റി മണപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സുകുമാരൻ നായർ, സുരേഷ് ഗോപി ആദ്യം സ്വന്തം 'അമ്മ' സംഘടന ശുദ്ധീകരിക്കട്ടെയെന്നും പരിഹസിച്ചു. ഡൽഹിയിലെ കരയോഗത്തിന് എൻഎസ്എസുമായി ഒരു ബന്ധവുമില്ലെന്നും അവർ സംഘടനയ്ക്ക് മുകളിൽ കയറാൻ ശ്രമിക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ ജി. സുകുമാരൻ നായർ കൂട്ടിച്ചേർത്തു.