ഉപയോക്താക്കളുടെ ആശങ്കകൾക്ക് മറുപടിയുമായി വാട്ട്‌സ്‌ആപ്പ്

 ഉപയോക്താക്കളുടെ ആശങ്കകൾക്ക്  മറുപടിയുമായി വാട്ട്‌സ്‌ആപ്പ്

മുംബൈ: കേന്ദ്ര ഇടപെടലിന് പിന്നാലെ യൂസർനെയിം ഫീച്ചറിന്‍റെ പ്രവർത്തനത്തെ കുറിച്ച് വിശദീകരണവുമായി മെറ്റ ഉടമസ്ഥതയിലുള്ള വാട്ട്‌സ്‌ആപ്പ്. ഉപയോക്താക്കളിൽ ഉണ്ടാകാനിടയുള്ള സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വിശദമായ ഉത്തരങ്ങൾ അടങ്ങുന്ന FAQs ( Frequently Asked Questions) പുറത്തിറക്കി. ആൾമാറാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പ് സാധ്യതകൾക്ക് പുതിയ ഫീച്ചർ വഴിവെയ്‌ക്കുമെന്ന് കേന്ദ്രസർക്കാർ ആശങ്ക ഉയർത്തിയിരുന്നു.സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി മെറ്റയ്‌ക്ക് കേന്ദ്രം നോട്ടിസ് അയച്ചിരുന്നു. ഇതിൽ മറുപടി നൽകാൻ മൂന്ന് ദിവസം വരെ സമയവും അനുവദിച്ചിരുന്നു. പുതിയ ഫീച്ചറിന്‍റെ പ്രവർത്തനത്തെ കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും വിശദമായ മറുപടി നൽകാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടത്. വിഷയത്തിൽ അന്തിമ തീരുമാനമാകുന്നത് വരെ ഫീച്ചർ രാജ്യത്തെ ഉപയോക്താക്കൾക്ക് ലഭ്യമാക്കരുതെന്നും നോട്ടിസിൽ കർശന നിർദ്ദേശമുണ്ട്. പിന്നാലെയാണ് ഉപയോക്താക്കൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങൾക്ക് ഉത്തരവുമായി മെറ്റ എത്തുന്നത്.

അപരിചിതർക്ക് ഫോൺ നമ്പറുകൾ നൽകാതെ ചാറ്റ് ചെയ്യാൻ അനുവദിക്കുന്ന വാട്ട്‌സ്‌ആപ്പിന്‍റെ പുതിയ സംവിധാനമാണ് യൂസർനെയിം ഫീച്ചർ. ഇത് ആൾമാറാട്ടത്തിനും തട്ടിപ്പിനുമായി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഉപയോക്താവിന്‍റെ ആശങ്കകൾക്ക് മറുപടിയെന്നോണം FAQs വിശദീകരണം നൽകുന്നു.

വാട്ട്‌സ്‌ആപ്പിന്‍റെ വിശദീകരണം

ഓരോ അക്കൗണ്ടിനും വ്യത്യസ്‌ത ഉപയോക്തൃനാമം:

ഓരോ അക്കൗണ്ടിനും സവിശേഷമായ ഉപയോക്തൃനാമം ലഭിക്കുമെന്നാണ് മെറ്റ പറയുന്നത്. ഒരു വ്യക്തി ഒരു ഉപയോക്തൃനാമം ഇതിനകം തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, അടുത്തയാൾ വ്യത്യസ്തമായ ഒന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്. അതേസമയം അടുത്തയാൾ വ്യത്യസ്തമായ ഒന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്.

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് യൂസർനെയിമുകൾ വാട്ട്‌സ്‌ആപ്പിലും ഉപയോഗിക്കാം

നിലവിലുള്ള ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് യൂസർനെയിമുകൾ അതിന്‍റെ ഉപയോക്താക്കൾക്കായി മാറ്റിവെച്ചിട്ടുള്ളതാണ്. ഇത് റിസർവ് ചെയ്യാൻ മറ്റൊരു ഉപയോക്താവിന് ലഭ്യമാകില്ല. ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ അതേ യൂസർനെയിം വാട്ട്‌സ്‌ആപ്പിനും ലഭിക്കാൻ അവ ലിങ്ക് ചെയ്യേണ്ടതുണ്ട്. ആൾമാറാട്ടം കുറയ്ക്കുന്നതിനും അക്കൗണ്ടിന്‍റെ നിയമാനുസൃത ഉടമ നിങ്ങളാണെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഒരു മാർഗമാണിത്. അതിനുശേഷം, അക്കൗണ്ട് അൺലിങ്ക് ചെയ്യാം. അല്ലാത്തപക്ഷം വാട്ട്‌സ്ആപ്പിന് മാത്രമുള്ള ഒരു ഉപയോക്തൃനാമം തിരഞ്ഞെടുക്കാം. ഉപയോക്തൃനാമം പിന്നീട് മാറ്റാനും സാധിക്കും.

സെലിബ്രിറ്റികൾക്കായി പ്രത്യേകം യൂസർനെയിമുകൾ

പൊതു വ്യക്തികൾ, സെലിബ്രിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ, മെറ്റാ-വെരിഫൈഡ് അക്കൗണ്ടുകൾ എന്നിവർക്കായും യൂസർനെയിമുകൾ മെറ്റ പ്രിസർവ് ചെയ്‌തിട്ടുണ്ട്. അവയുടെ നിയമാനുസൃത ഉടമകൾക്ക് മാത്രമേ അവ ക്ലെയിം ചെയ്യാൻ കഴിയൂ. റിസർവ് ചെയ്യാൻ ശ്രമിച്ചാൽ അത് ലഭ്യമല്ലെന്ന് കാണിക്കും. മെറ്റ വെരിഫൈ ചെയ്‌ത നിയമാനുസൃത അക്കൗണ്ട് ഉടമകൾക്ക് മാത്രമേ അറിയപ്പെടുന്ന പൊതു വ്യക്തി പേരുകൾ റിസർവ് ചെയ്യാൻ കഴിയൂ.

ഫീച്ചർ തികച്ചും ഓപ്‌ഷണൽ

മാത്രമല്ല ഈ ഫീച്ചർ തികച്ചും ഓപ്‌ഷണലാണ്. അതായത് ഉപയോക്താവിന് ആവശ്യമെങ്കിൽ മാത്രം ഉപയോഗപ്പെടുത്താമെന്നും വാട്ട്‌സ്‌ആപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ (FAQs) പറയുന്നു.

തട്ടിപ്പിന് തടയിടാൻ യൂസർനെയിം കീ

ആരെങ്കിലും തട്ടിപ്പ് നടത്താനായി നിലവിലുള്ള യൂസർനെയിമുകളെ അനുകരിക്കുന്ന മറ്റൊരു യൂസർനെയിം നിർമ്മിച്ചാലോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ഇത്തരത്തിൽ വരുന്ന സന്ദേശങ്ങൾ ഏത് രാജ്യത്ത് നിന്നാണ് വരുന്നതെന്നും, ഈ അക്കൗണ്ട് മുൻപ് ബ്ലോക്ക് അല്ലെങ്കിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഉത് ഉപയോക്താക്കളെ അറിയിക്കുമെന്നുമാണ് മെറ്റ നൽകുന്ന വിശദീകരണം.

ഉപയോക്താവിന്‍റെ യൂസർനെയിം ഊഹിക്കാൻ സാധിക്കുന്ന ഒരാൾക്ക് സെർച്ചിലൂടെ അവരുടെ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് തിരയാനാകുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. ഉപയോക്താവിന്‍റെ വാട്ട്‌സ്‌ആപ്പ് നമ്പർ ഊഹിക്കാൻ മറ്റൊരാൾക്ക് സാധിക്കാത്ത പോലെ യൂസർനെയിമും എളുപ്പത്തിൽ ലഭിക്കില്ലെന്ന് മെറ്റ പറയുന്നു. യൂസർനെയിമിനൊപ്പം ലഭിക്കുന്ന യൂസർകീ കൂടുതൽ സുരക്ഷ നൽകുമെന്നും മെറ്റ പറയുന്നു.

ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവിനെ ബന്ധപ്പെടാൻ ഉപയോക്തൃനാമവും ഉപയോക്തൃനാമ കീയും അറിയേണ്ടിവരും. അതിനാൽ യൂസർനെയിം തെരഞ്ഞ് ഒരാളുടെ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് കണ്ടെത്താനാകില്ല. കീ എപ്പോൾ വേണമെങ്കിലും പുനഃസജ്ജമാക്കാനും കഴിയും. ഇതുവഴി ആവശ്യമില്ലാത്ത മെസേജുകൾ തടയാനും സാധിക്കും.