"താങ്കൾ എന്തിന് കോൺഗ്രസിൽ തുടരുന്നു?" മോദിയെ പ്രശംസിക്കുന്ന തരൂരിനോട് കോൺഗ്രസ്സ് നേതാവിൻ്റെ ചോദ്യം

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ ആവർത്തിച്ചു പ്രകീർത്തിക്കുന്ന ശശി തരൂറിനെതിരെ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു.പല നേതാക്കളും അദ്ദേഹത്തിന്റെ പരാമർശങ്ങളെ പരസ്യമായി ചോദ്യം ചെയ്യുകയും നിലപാടിൽ വ്യക്തത ആവശ്യപ്പെടുകയും ചെയ്യുന്നതിനിടയിൽ മുതിർന്ന നേതാവ് സന്ദീപ് ദീക്ഷിത് തരൂരിനെ വിമർശിച്ച് പരസ്യമായി രംഗത്തെത്തി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും രാഷ്ട്രീയ കൂറ് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ദീക്ഷിത് പറഞ്ഞു.
"താങ്കൾ എന്തിന് കോൺഗ്രസിൽ തുടരുന്നു?" എന്ന് ചോദിച്ച ദീക്ഷിത്, കോൺഗ്രസ് അടിസ്ഥാനപരമായി എതിർക്കുന്ന നയങ്ങളെ പ്രശംസിക്കുന്ന തരൂരിനെ "കപടനാട്യക്കാരൻ" എന്നും വിശേഷിപ്പിച്ചു.
"ശശി തരൂരിന്റെ പ്രശ്നം എന്തെന്നാൽ, അദ്ദേഹത്തിന് രാജ്യത്തെക്കുറിച്ച് വലിയ ധാരണയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല... കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരാൾ രാജ്യത്തിന് നല്ലതാണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ ആ നയങ്ങളെയാണ് പിന്തുടരേണ്ടത്... പിന്നെ എന്തിനാണ് നിങ്ങൾ കോൺഗ്രസിൽ തുടരുന്നത്? വെറുമൊരു എംപി സ്ഥാനം ലഭിക്കാൻ വേണ്ടി മാത്രമാണോ?" ദീക്ഷിത് ചോദിച്ചു."നിങ്ങൾ അംഗമായ പാർട്ടിയേക്കാൾ നന്നായി ബിജെപിയുടെയോ മോദിയുടെയോ തന്ത്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് ആത്മാർത്ഥമായി തോന്നുന്നുണ്ടെങ്കിൽ, അതിന് നിങ്ങൾ വിശദീകരണം നൽകണം. അതിന് തയ്യാറല്ലെങ്കിൽ, നിങ്ങളൊരു കപടനാട്യക്കാരനാണ്."-
കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റും പ്രധാനമന്ത്രിയുടെ പ്രസംഗത്തെ തരൂർ അഭിനന്ദിച്ചതിനെ ചോദ്യം ചെയ്തിരുന്നു. "അഭിനന്ദിക്കാൻ തക്കതായൊന്നും താൻ അതിൽ കണ്ടില്ല," എന്നായിരുന്നു അവരുടെ പ്രതികരണം.
"നിഷ്പക്ഷ മാധ്യമപ്രവർത്തനത്തോട് അദ്ദേഹത്തിന് (മോദിക്ക്) എന്താണ് പ്രശ്നമെന്ന് അദ്ദേഹം പറയണം... അതിനാൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല," സുപ്രിയ പറഞ്ഞു. തരൂരിന് അഭിനന്ദിക്കാൻ എന്ത് കാരണമാണ് ലഭിച്ചതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, കോൺഗ്രസിനെ ആവർത്തിച്ച് വിമർശിക്കുന്ന "നിലവാരമില്ലാത്ത പ്രസംഗം" ആയിരുന്നു മോദിയുടേതെന്നും അവർ കൂട്ടിച്ചേർത്തു.