ദുരഭിമാനക്കൊല; അന്യജാതിയിൽപ്പെട്ട യുവാവിനെ കൊലപ്പെടുത്തി ഭാര്യയുടെ സഹോദരന്മാർ

 ദുരഭിമാനക്കൊല; അന്യജാതിയിൽപ്പെട്ട യുവാവിനെ കൊലപ്പെടുത്തി ഭാര്യയുടെ സഹോദരന്മാർ

അമരാവതി: നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ കല്യാണം, എന്നാൽ വിവാഹം ചെന്ന് അവസാനിച്ചത് ദുരഭിമാനക്കൊലയിൽ. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ വെമുലപ്പള്ളി ഗ്രാമത്തിൽ നിന്നാണ് ഈ നടുക്കുന്ന വാർത്ത വരുന്നത്. ജാതി വ്യത്യാസം ചൂണ്ടിക്കാട്ടി ഭാര്യയുടെ സഹോദരന്മാർ ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. ദ്വാരപുടിയിലെ തുണി വ്യാപാരിയായ പോളിപ്പള്ളി വീരവെങ്കട സൂര്യപ്രകാശറാവു (41) ആണ് കൊല്ലപ്പെട്ടത്.സന്ധ്യയും സൂര്യപ്രകാശറാവുവും ദ്വാരപുടി ഹൈസ്‌കൂൾ മുതൽ ഒരുമിച്ച് പഠിച്ച് വളർന്നവരാണ്. വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു മുട്ടിയപ്പോൾ സൗഹൃദം പതുക്കെ വളർന്ന് പ്രണയമായി മാറി. സന്ധ്യ മുമ്പ് കപിലേശ്വരപുരത്ത് റവന്യൂ അസിസ്റ്റൻ്റായി ജോലി ചെയ്‌തിരുന്നു, കഴിഞ്ഞ വർഷം ജൂണിൽ ഡെപ്യൂട്ടി തഹസിൽദാറായി സ്ഥാനക്കയറ്റം ലഭിച്ചു. കൊവിഡിനു ശേഷം വിരമിച്ച പോസ്റ്റ് മാസ്റ്ററായ പിതാവിൻ്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ സൂര്യപ്രകാശറാവുവും സുഹൃത്തുക്കളും എത്തിയിരുന്നു. ഈ കൂടിക്കാഴ്‌ച ഇവരുടെ ബന്ധം വീണ്ടും ഊട്ടിയുറപ്പിക്കുകയും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്ക് നയിക്കുകയും ചെയ്‌തു.

ഇരുവരും വ്യത്യസ്‌ത ജാതിയിൽപ്പെട്ടവരായതിനാലും സന്ധ്യ ഒരു സർക്കാർ ജോലിക്കാരിയായതിനാലും സന്ധ്യയുടെ സഹോദരന്മാർ ഈ ബന്ധത്തെ എതിർത്തിരുന്നു, എന്നാൽ ഇവരുടെ എതിർപ്പ് അവഗണിച്ച് ദമ്പതികൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വ്യാഴാഴ്‌ച രാവിലെ അന്നവാരം സത്യദേവ് ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹിതരായി ദ്വാരപുടിയിലേക്ക് മടങ്ങി.വിവാഹത്തിൻ്റെ ഫോട്ടോ സന്ധ്യ തൻ്റെ സഹോദരന്മാർക്ക് അയക്കുകയും ചെയ്‌തു. ആദ്യം ഫോട്ടോ മൂത്ത ജ്യേഷ്‌ഠൻ ചന്ദ്രപാലിനാണ് അയച്ചത്. ചന്ദ്രപാൽ മറ്റൊരു സഹോദരനായ ഗിരിബാബുവിനെ ഈ വിവരം അറിയിച്ചു. വിവാഹത്തിൽ പ്രകോപിതരായ രണ്ട് സഹോദരന്മാരും സൂര്യപ്രകാശറാവുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയതായി പറയുന്നു. വ്യാഴാഴ്‌ച രാത്രി ഏകദേശം 11.30 ഓടെ, സഹോദരന്മാർ ദ്വാരപുടിയിലെ ഇവരുടെ വീട്ടിലേക്ക് പോയി.

അമ്മയ്ക്ക് സുഖമില്ലെന്ന് സന്ധ്യയോട് പറയുകയും പുറത്ത് വരാൻ ആവശ്യപ്പെടുകയും ചെയ്‌തു. പിന്നീട് പ്രതികളും സൂര്യപ്രകാശും തമ്മിൽ വലിയ തർക്കം നടന്നു. തർക്കം പിന്നീട് കൈയ്യാങ്കളിയിൽ എത്തി ഒടുവിൽ പ്രതികൾ സൂര്യപ്രകാശിൻ്റെ തലയിൽ അഞ്ചോ ആറോ തവണ പാറ കല്ല് കൊണ്ട് ഇടിച്ചു. സംഭവസ്ഥലത്തു വെച്ചുതന്നെ അയാൾ കൊല്ലപ്പെട്ടു.സന്ധ്യയെ സഹോദരന്മാർ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ, മരിച്ചയാളുടെ പിതാവ് സൂര്യനാരായണൻ നാട്ടുകാരെ വിവരം അറിയിച്ചു. അർദ്ധരാത്രിയോടെ കിഴക്കൻ മേഖല ഡിഎസ്‌പി ബി. വിദ്യ സംഭവസ്ഥലത്തി പരിശോധന നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. വാർദ്ധക്യത്തിൽ തൻ്റെ താങ്ങായിരിക്കുമെന്ന് താൻ വിശ്വസിച്ചിരുന്ന മകൻ ക്രൂരമായി കൊല്ലപ്പെട്ടുവെന്ന് പിതാവ് സൂര്യനാരായണ ബോറുണ പറഞ്ഞു.