ശാരീരിക പീഡനത്തിൻ്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചുകൊടുത്തശേഷം യുവതി ആത്മഹത്യ ചെയ്‌തു

ശാരീരിക പീഡനത്തിൻ്റെ  ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചുകൊടുത്തശേഷം യുവതി ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം: ഭർതൃപീഡനം മൂലം ആറ്റുകാലിൽ 27 വയസ്സുള്ള യുവതി ആത്മഹത്യ  ചെയ്തു.ആരതിയാണ് കടുത്ത മാനസിക-ശാരീരിക പീഡനങ്ങളെത്തുടർന്ന് ജീവനൊടുക്കിയത്. ഭർത്താവിന്റെ ക്രൂരമായ പീഡനം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ആരതിയുടെ കുടുംബം പോലീസിൽ പരാതി നൽകി.

ഇന്നലെയാണ് സംഭവം .മരണപ്പെടുന്നതിന് തൊട്ടുമുൻപ് ഭർത്താവ് തന്നെ ശാരീരികമായി ക്രൂരമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ആരതി സ്വന്തം അമ്മയുടെ മൊബൈൽ ഫോണിലേക്ക് അയച്ചു നൽകിയിരുന്നു. ശരീരത്തിൽ പരിക്കേറ്റ ചിത്രങ്ങൾ കണ്ട ഭയന്ന കുടുംബാംഗങ്ങൾ ഉടൻ തന്നെ ആരതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നി സ്ഥലത്തെത്തിയപ്പോഴാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ദീർഘനാളായി ഭർത്താവ് ആരതിയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഭർത്താവിൽ നിന്നുള്ള ക്രൂരമായ ഗാർഹിക പീഡനമാണ് യുവതിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആരതിയുടെ അമ്മയ്ക്ക് ലഭിച്ച ചിത്രങ്ങളും സന്ദേശങ്ങളും മരണമൊഴിയായി പരിഗണിച്ച് ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും ഗാർഹിക പീഡനത്തിനും ഫോർട്ട് പോലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.