എസ്‌ഐആർ ഭയം മൂലം സ്ത്രീ ആത്മഹത്യ ചെയ്‌തതായി കുടുംബം

കൊൽക്കത്ത: എസ്‌ഐആർ ഭയം മൂലം സ്ത്രീ ആത്മഹത്യ ചെയ്‌തതായി കുടുംബം. കിഴക്കൻ ബർദ്വാൻ ജില്ലയിലെ ഭട്ടർ സ്വദേശിനിയായ മസ്‌തുര ഖാത്തൂൺ (40) ആണ് വെള്ളിയാഴ്‌ച മരിച്ചത്. എസ്ഐആർ നടപടികളെത്തുടർന്ന് യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
"എസ്‌ഐആർ ഫോം പൂരിപ്പിക്കാൻ അവൾക്ക് ഭയമുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. എസ്‌ഐആറുമായി ബന്ധപ്പെട്ട പല സംഭവങ്ങളെക്കുറിച്ച് കേട്ടതിനുശേഷം മസ്‌തുര ഖാത്തൂൺ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു", കുടുംബം പറഞ്ഞു.
" ഈ ഫോം പൂരിപ്പിച്ചാൽ എല്ലാ സർക്കാർ ആനുകൂല്യങ്ങളും നഷ്‌ടപ്പെടുമെന്ന് യുവതി കരുതിയിരുന്നു. സംസ്ഥാനത്തെ ലക്ഷ്‌മി ഭണ്ഡാർ പോലുള്ള നിരവധി പദ്ധതികളിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും റേഷൻ പോലുള്ള എല്ലാത്തിൽ നിന്നും അവരുടെ പേര് നീക്കം ചെയ്യപ്പെടുമെന്നും ഖാത്തൂൺ ഭയപ്പെട്ടു", എന്ന് കുടുംബാഗങ്ങൾ പറഞ്ഞു.വെള്ളിയാഴ്‌ച എസ്ഐആർ ഫോം പൂരിപ്പിക്കാൻ കുടുംബാംഗങ്ങൾ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് പൂരിപ്പിക്കാതെ മസ്‌തുര ഖാത്തൂൺ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. സംഭവം അറിഞ്ഞ വീട്ടുകാർ ഉടൻ തന്നെ ഭാട്ട സ്റ്റേറ്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിൽ വലിയ രീതിയിൽ പൊള്ളലേറ്റതിനെ തുടർന്നാണ് മസ്‌തുരയുടെ മരണം.
എസ്.ഐ.ആറിനെ ഭയന്ന് സഹോദരി ആത്മഹത്യ ചെയ്‌തതാണെന്ന് മരിച്ച മസ്‌തുരയുടെ സഹോദരി അസ്‌തുര ഖാത്തൂൺ പറഞ്ഞു. എസ്ഐആർ നടപടി ആരംഭിച്ചയുടൻ മസ്‌തുര മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നും സഹോദരി പറഞ്ഞു.2022 ലെ വോട്ടർ പട്ടികയിൽ യുവതിയുടെ പേരുണ്ടായിരുന്നു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്‍റെ ഭാഗമായി തന്‍റെ പേര് ഒഴിവാക്കപ്പെടുമോയെന്ന് യുവതി ഭയന്നിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. മകളുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
അതേസമയം യുവതിയുടെ കുടുംബാംഗങ്ങളെ തൃണമൂൽ കോൺഗ്രസ് എംപി സയോനി ഗോഷ് കണ്ടു. ഭട്ടറിലെ ടിഎംസി എംഎൽഎ മംഗോബിന്ദയും യുവതിയുടെ വീട്ടിലെത്തി ബന്ധുക്കളെ നേരിട്ടു കണ്ടു. എസ്‌ഐആറിനെ ഭയന്നാണ് മസ്‌തുര ആത്മഹത്യ ചെയ്‌തതെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ഭട്ടർ പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബർദ്വാൻ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് അയച്ചു.
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ആദ്യഘട്ടം ബംഗാളിൽ അവസാനിക്കാറായി. നിലവിലെ വോട്ടർപട്ടികയിൽ 18.70 ലക്ഷപേർ ജീവിച്ചിരിപ്പില്ലാത്തവരാണെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണ്ടെത്തൽ.