ചത്തീസ്‌ഗഢിൽ യുവതി ശൗചാലയത്തിൽ പ്രസവിച്ചു.

റായ്‌പൂർ: ചത്തീസ്‌ഗഢിൽ യുവതി ശൗചാലയത്തിൽ പ്രസവിച്ചു. സൂരജ്‌പൂർ ജില്ലയിലെ പ്രതാപൂർ നിവാസിയായ രാംപതി ഭായിയാണ് പ്രസവിച്ചത്. അംബികാപൂർ മെഡിക്കൽ കോളജിലാണ് സംഭവം. പ്രസവത്തെക്കുറിച്ച് യുവതി അറിഞ്ഞിരുന്നില്ല എന്നതാണ് വിചിത്രമായ കാര്യം.
ശൗചാലയത്തിൽ നിന്ന് തിരിച്ചെത്തി അരമണിക്കൂറിനുശേഷം, വയർ ശൂന്യമായി തോന്നിയപ്പോഴാണ് കാര്യം മനസിലായതെന്നാണ് യുവതിയുടെ വാദം. തുടർന്ന് നിലവിളിക്കുകയും നഴ്‌സുമാരെ അറിയിക്കുകയും ചെയ്‌തു. സംഭവം അറിഞ്ഞയുടൻ തന്നെ ആശുപത്രി ജീവനക്കാർ ക്ലീനിങ് സ്റ്റാഫിനെ വിളിച്ച് ടോയ്‌ലറ്റ് ഷീറ്റ് പൊട്ടിച്ച് പൈപ്പിൽ കുടുങ്ങിയ കുഞ്ഞിനെ പുറത്തെടുത്തു. നിലവിൽ കുഞ്ഞ് മെഡിക്കൽ കോളജിൽ വെൻ്റിലേറ്ററിലാണ്.
വാഷ്‌റൂം ഷീറ്റ് പൊട്ടിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. ക്ലീനിങ് സൂപ്പർവൈസർ ആശിഷ് സാഹു വിവരമറിഞ്ഞയുടൻ ശുചിത്വ തൊഴിലാളികളായ ഹരി, രാകേഷ്, വിനയ്, രാജേഷ് എന്നിവരുമായി സ്ഥലത്തെത്തി സെപ്റ്റിക് ടാങ്ക് പൊളിച്ചുമാറ്റാൻ തുടങ്ങുകയായിരുന്നു. ഏകദേശം അര മണിക്കൂർ നീണ്ട പരിശ്രമത്തിനുശേഷമാണ് സെപ്റ്റി ടാങ്ക് പൊളിച്ചുമാറ്റിയത്.
ഈ സമയത്ത്, കുഞ്ഞ് ടാങ്കിൽ നിർമ്മിച്ച പൈപ്പിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ശുചീകരണ തൊഴിലാളികൾ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് ഡോക്‌ടർമാർക്ക് കൈമാറി. കുഞ്ഞ് ഒരു മണിക്കൂറോളം സെപ്റ്റിക് ടാങ്കിൽ കുടുങ്ങിക്കിടന്നിരുന്നു. ഈ സമയത്തും കുഞ്ഞിന് ശ്വാസമുണ്ടായിരുന്നു.നിലവിൽ കുഞ്ഞ് ആശുപത്രിയിലെ എസ്എൻസിയുവിൽ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്. സർഗുജയിൽ ഇത്തരമൊരു സംഭവം ആദ്യമാണ്. കുഞ്ഞ് അകാല ജനനമാണെന്നും ഇരുന്ന സമയത്ത് വയറ്റിൽ സമ്മർദ്ദം ചെലുത്തിയപ്പോള്‍ കുഞ്ഞ് പുറത്തുവന്നതാകാമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അസിസ്റ്റൻ്റ് സൂപ്രണ്ടും പീഡിയാട്രീഷ്യനുമായ ഡോ. ജെ.കെ. റെൽവാനി പറഞ്ഞു. അമ്മ അപകടനില തരണം ചെയ്‌തിട്ടുണ്ട്, അതേസമയം കുഞ്ഞിൻ്റെ നില ഗുരുതരമാണ്.
നവംബർ 13 ന് രാംപതി ഭായിയ്‌ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം പ്രതാപ്പൂർ സിഎച്ച്സിയിലേക്ക് കൊണ്ടുവരുകയായിരുന്നു. നില ഗുരുതരമായതിനാൽ, ചികിത്സയ്ക്കായി രാജമാതാ ശ്രീമതി ദേവേന്ദ്ര കുമാരി സിഗ്‌ദേവ് സർക്കാർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തു. തുടർന്ന് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന എംസിഎച്ച് ആശുപത്രിയിലെ എഎംസി-2 വാർഡിൽ പ്രവേശിപ്പിച്ചു.