ഇന്ന് ലോക ഭിന്നശേഷി ദിനം : "മാറ്റിനിർത്താതെ ചേർത്തുനിർത്താ൦ "
ഇന്ന് ലോകഭിന്നശേഷിദിനം . അവശതയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവശതയുള്ളവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാൻ വേണ്ട സഹായം സ്വരൂപിപ്പിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ, സാമൂഹ്യ ,സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിൽ അവർക്ക് ഉണ്ടാകേണ്ട നേട്ടങ്ങൾ ഏകോപിപ്പിച്ച് അവയെക്കുറിച്ച് അവബോധമുണ്ടാക്കുവാനും ഈ ദിനം ഓർമ്മപ്പെടുത്തുന്നു അവശതയുള്ളവരുടെ അന്താരാഷ്ട്ര ദിനം (International Day of Disabled Persons ) എന്നായിരുന്നു ഈ ദിനം നേരത്തെ അറിയപ്പെട്ടിരുന്നത്.
1975-ൽ ഐക്യരാഷ്ട്ര സഭ ഭിന്നശേഷിക്കാരുടെ അവകാശ പ്രഖ്യാപനം നടത്തി. പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വർഷമായി ആഘോഷിച്ചു. തുടർന്ന് 1983-92 വരെയുള്ള കാലഘട്ടം ഭിന്നശേഷിക്കാരുടെ ദശകമായും ആചരിച്ചു. ഇതിൻറെ അവസാനം 1992-ലാണ് എല്ലാവർഷവും ഡിസംബർ 3 ഭിന്നശേഷി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്.ഓരോ വർഷവും ഓരോ പ്രത്യേക വിഷയം ആയിരിക്കും ഈ ദിനാചരണത്തിനായി നിർദ്ദേശിക്കപ്പെടുന്നത്.ലോകത്തിലാകെ 100 കോടിയോളം പേർ ഏതെങ്കിലും വിധത്തിൽ ഭിന്നശേഷിക്കാരാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിൻറെ മുഖ്യധാരയിൽ പങ്കാളിത്തം ഉറപ്പാക്കുക വഴി സമഗ്ര വികസനം സാധ്യമാക്കുക എന്ന സമീപനമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്നത്. ഇതിനായി ഐക്യരാഷ്ട്ര സഭ മുൻകൈ എടുക്കുകയും, ദേശീയ തലത്തിൽ നിയമനിർമ്മാണം, നയ സമീപനം എന്നിവയിൽ മാറ്റം കൊണ്ടുവരാൻ ഇടപെടൽ നടത്തുകയും ചെയ്യുന്നു. യുഎന്നിൻറെ ഭാഗമായ ലോകാരോഗ്യ സംഘടനയും ഭിന്നശേഷി ദിനാഘോഷങ്ങളുടെ ഏകോപനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ ദിനാഘോഷം ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യം എല്ലാ വർഷവും ലോകത്തെ ഓർമ്മിപ്പെടുത്തുക കൂടിയാണ്.
ഭിന്നശേഷി സൗഹൃദ നയം ഇന്ത്യയിൽ
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഇന്ത്യ 1995-ൽ പേഴ്സൻസ് വിത്ത് ഡിസബിലിറ്റി, ആക്റ്റ് നടപ്പാക്കി. ഭിന്നശേഷിയുള്ള വ്യക്തികൾക്ക് തുല്ല്യ അവസരം, അവകാശ സംരക്ഷണം, പൂർണ്ണ പങ്കാളിത്തം എന്നിവ ഉറപ്പാക്കാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ നിയമം. ഐക്യരാഷ്ട്ര സഭയുടെ സ്വാധീനം ഈ നിയമനിർമ്മാണത്തിൽ പ്രകടമായിരുന്നു.ഭിന്നശേഷി ലക്ഷണങ്ങൾ നേരത്തെതന്നെ തിരിച്ചറിഞ്ഞ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക, സൗജന്യ വിദ്യാഭ്യസം നൽകുക, ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരെ ലഭ്യമാക്കുക, സർക്കാർ ജോലികളിൽ 3 ശതമാനം സംവരണം ഉറപ്പാക്കുക, ജോലിക്കായി വേണ്ട പരിശീലനം നൽകുക, ആരോഗ്യ പരിരക്ഷ, സ്വയം തൊഴിൽ സഹായം, വിവേചനം അവസാനിപ്പിക്കുക എന്നിവയ്ക്ക് ഈ നിയമത്തിൽ പ്രത്യേക പരിഗണന നൽകി.ക്രമേണ ഇന്ത്യയിലെ സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള പദ്ധതികൾ നടപ്പാക്കി. ഭിന്നശേഷി കുട്ടികളുടെ അവശത കണക്കാക്കി വീടിനടുത്തുള്ള സാധാരണ സ്കൂളിൽ പഠിക്കാൻ അവസരം ഒരുക്കുന്ന ഇൻക്ലൂസിവ് സ്കൂൾ പദ്ധതിക്ക് പ്രത്യേക പ്രാധാന്യം നൽകി, സ്കൂൾ, തൊഴിലിടം, പൊതുസ്ഥലങ്ങൾ എന്നിവ ഭിന്നശേഷിക്കാർക്ക് കൂടി ഉപയോഗിക്കാനാവും വിധം വികസന കാഴ്ചപ്പാടുകൾ തന്നെ പുനർനിർവചിച്ചു. ക്രമേണ കൂടുതൽ ഭിന്നശേഷി സൗഹാർദ സമൂഹം സൃഷ്ടിച്ചെടുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നതും.
ഭിന്നശേഷിയെ അതിജീവിച്ച മാതൃകാ വ്യക്തിത്വങ്ങൾ
ഭിന്നശേഷി ജീവിത വിജയത്തിന്, ഇഷ്ടമുള്ളത് ചെയ്യാൻ തടസ്സമല്ലെന്ന സന്ദേശം നൽകി ലോകപ്രശസ്തരായ നിരവധി പേർ മുൻപേ നടന്നിട്ടുണ്ട്. ജർമനിയിൽ ജനിച്ച ലോകപ്രശസ്‌ത പിയാനോ സംഗീതജ്ഞൻ ബീഥോവന് കേൾവിക്കുറവുണ്ടായിരുന്നു. അമേരിക്കൻ എഴുത്തുകാരി ഹെലൻ കെല്ലർ കാഴ്ചാ വെല്ലുവിളി നേരിടുന്നയാളായിരുന്നു. സ്റ്റീഫൻ ഹോക്കിങ്, സ്റ്റീവ് ജോബ്സ്, ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ് തുടങ്ങിയവരും പ്രതിസന്ധികളെ അതിജീവിച്ച മഹത് വ്യക്തകളാണ്. ഇന്ത്യക്കാരിയായ അരുണിമ സിൻഹ ശാരീരിക പ്രശ്നങ്ങളെ അതിജീവിച്ച് ലോകത്തിലെ മികച്ച പർവതാരോഹകരിൽ ഒരാളായി. എവറസ്റ്റ് കൊടുമുടി ഉൾപ്പെടെ ലോകത്തിലെ നിരവധി കൊടുമുടികൾ അവർ കീഴടക്കി. 2014-ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഇറ സിംഗാൾ, ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിനെ 2012 ൽ ട്വൻറ്റി ട്വൻറ്റി മത്സരത്തിൽ വിജയത്തിലേക്ക് നയിച്ച ശേഖർ നായിക് തുടങ്ങിയവരും പ്രതിസന്ധികളിൽ തളരാതെ പോരാടിയവരാണ്.ഭിന്നശേഷി ഒരു പോരായ്മയല്ലെന്നും, അത് സാധ്യതയായി കണ്ട് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്നുമുള്ള പ്രചോദനം നൽകുക കൂടിയാണ് ഐക്യരാഷ്ട്ര സഭ ഈ ദിനാഘോഷത്തിലൂടെ ചെയ്യുന്നത്. എല്ലാവരെയും ചേർത്തുപിടിച്ച് ഒരുമിച്ച് വികസിക്കാൻ സമൂഹത്തെ പാകപ്പെടുത്തുക എന്ന വലിയ കടമ്പയും മുന്നിലുണ്ട്.

നിശബ്ദതയിലൂടെ കായിക ലോകത്തെത്തി, താരമായി മാറിയ സുധീഷ് നായർ
ഒരു 'ഭിന്നശേഷിദിനം' കൂടി കടന്നുവരുമ്പോൾ നാസിക്കിലെ സുധീഷ് നായരെക്കുറിച്ചു പറയാതിരിക്കാൻ കഴിയില്ല. വൈകല്യങ്ങളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് തൻ്റെ സ്വപ്നങ്ങളെ സഫലീകരിച്ച സുധിഷ് പരാജയങ്ങളിൽ തളർന്നു പോകുന്ന പുതു തലമുറയ്ക്ക് മാതൃകയും വഴികാട്ടിയുമാണ്. ദേശീയ -അന്തർദേശീയ പുരസ്‌ക്കാരങ്ങൾ സുധിഷ് നെ തേടിവരുന്നതും സവിശേഷമായ ഈ ഗുണങ്ങളും അതിലൂടെ ആർജ്ജിതമാക്കുന്ന നേട്ടങ്ങൾ കൊണ്ടുമാണ്.
വിധിയെ പൊരുതി തോൽപ്പിച്ച് വിജയങ്ങൾ സ്വന്തമാക്കിയ സുധിഷ് നായർക്ക് ക്രിക്കറ്റ് രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് ഇന്റർനാഷണൽ വേൾഡ് റെക്കോർഡ്സിന്റെ ‘ഇന്റർനാഷണൽ ഐകൺ അവാർഡ് 2025’ അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് .കഴിഞ്ഞമാസം ന്യൂഡൽഹിയിൽ നടന്ന ഐഡിസിഎ നാഷണൽ ഡെഫ് ടി-20 ടൂർ ചാമ്പ്യൻസ് ലീഗിൽ വിജയികളായ മഹാരാഷ്ട്ര ഡെഫ് ക്രിക്കറ്റ് അസോസിയേഷൻ ടീമിലെ ഓൾറൗണ്ടറാണ് സുധിഷ് .അടുത്തവർഷം ജനുവരി 26 ന് നടക്കുന്ന IDCA One -Day Champions Trophy For Deaf ക്രിക്കറ്റ് മത്സരത്തിലും സുധീഷുണ്ട് .
40 സ്വർണ്ണ മെഡലുകൾ, 26 വെള്ളി മെഡലുകൾ, 18 വെങ്കല മെഡലുകൾ അടക്കം നൂറോളം പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞ സുധിഷ്
ക്രിക്കറ്റിലെ മികച്ച പ്രകടനം, ജില്ലാ -സംസ്ഥാന തലങ്ങളിൽ നിന്നും സുധിഷ് നെ ദേശീയതലത്തിലേക്ക് ഉയർത്തി. ബധിരർക്കായുള്ള ദേശീയ ക്രിക്കറ്റ് അസോസിയേഷനിലേയ്ക്ക് തിരഞ്ഞെടുത്തതോടെ വെല്ലുവിളികളെ മറികടന്നാണ് അദ്ദേഹം രാജ്യത്തിൻ്റെ അഭിമാനമുയർത്തിയത്. ഇതിനകം 40 സ്വർണ്ണ മെഡലുകൾ, 26 വെള്ളി മെഡലുകൾ, 18 വെങ്കല മെഡലുകൾ അടക്കം നൂറോളം പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞ ഈ യുവാവ് രാജ്യത്തുടനീളമുള്ള കായികതാരങ്ങൾക്ക്, പ്രത്യേകിച്ച് ഭിന്നശേഷിക്കാർക്കിടയിൽ, ഒരു പ്രചോദനവും മാതൃകയുമായിരിക്കയാണ് .‘ഇന്റർനാഷണൽ ഐകൺ അവാർഡ് 2025’ സുധിഷ് ന് നേടികൊടുത്തതും ആർക്കും മാതൃകയാക്കാവുന്ന ആദ്ദേഹത്തിലെ ഈ പോരാട്ട വീര്യമാണ്.
മാൻ ഓഫ് ദ മഹാരാഷ്ട്രിയൻ മലയാളി
സുധിഷ് നായർ മഹാരാഷ്ട്രയിലെ നാസിക്കിലാണ് ജനിച്ചതും വളർന്നതും . തിരുവനന്തപുരം സ്വദേശിയായ അച്ഛൻ ആർ. സുന്ദരം നായർ ഇന്ത്യൻ ആർമിയിലായിരുന്നു. 2005ൽ അച്ഛൻ വിട പറഞ്ഞതോടെ അമ്മയുടെ തണലിലായിരുന്നു പഠിച്ചതും വളർന്നതും. കുടുംബത്തിന്റെ പിന്തുണയാണ് തന്റെ എല്ലാ നേട്ടങ്ങൾക്കും പിറകിലെന്ന് സുധിഷ് വിശ്വസിക്കുന്നു . പരിമിതികൾ ഉണ്ടായിട്ടും ക്രിക്കറ്റ് കളി നിർത്താൻ കുടുംബത്തിലെ ആരും ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. വൈകല്യങ്ങളെ അതിജീവിച്ച് നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറി സുധിഷ് രാജ്യത്തിൻ്റെ അഭിമാനമാകുമ്പോൾ പിന്നിൽ കരുത്ത് പകർന്ന് അമ്മയും സുശീലയും രണ്ടു സഹോദരിമാരുമുണ്ട് . സുഗതയും സുഗുണയും അധ്യാപികമാരാണ് .പഠനത്തോടൊപ്പം കായികരംഗത്തും തിളങ്ങിയ സുധിഷ് ക്രിക്കറ്റിനോടൊപ്പം മികച്ച അത്‌ലറ്റായും സമ്മാനങ്ങൾ വാരിക്കൂട്ടി. 2010 ൽ ആയോധന കലയായ തായ്കൊണ്ടോയിൽ ബ്ളാക്ക് ബെൽറ്റ് നേടി.അന്താരാഷ്ട്ര തായ്കൊണ്ടോ മത്സരങ്ങളിലും പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്.
മുംബൈയിൽ അവിനാഷ് അഗാർക്കറുടെ കീഴിലായിരുന്നു സുധിഷ് ൻ്റെ പരിശീലനം. സംസാരിക്കാനും കേൾക്കാനും കഴിഞ്ഞില്ലെങ്കിലും സുധിഷ് ന്റെ ഭാഷ അഗർക്കാർ തിരിച്ചറിഞ്ഞു. ആംഗ്യഭാഷയിൽ ക്രിക്കറ്റ് കളിയിലെ നിയമങ്ങളും വിക്കറ്റും ഇന്നിംഗ്‌സും റൺസുമെല്ലാം ശാസ്ത്രീയമായി സ്വായത്തമാക്കി.പിന്നീട് ദേശീയവും അന്തർദേശീയവുമായ നിരവധി മേച്ചുകളിൽ അദ്ദേഹം പങ്കെടുത്തു.
ഹൈദരാബാദിൽ നടന്ന ഏഷ്യാ കപ്പിലും ലഖ്‌നൗവിൽ നടന്ന വികലാംഗരുടെ ലോകകപ്പിലും ഓൾ റൗണ്ടറായി സുധിഷ് തിളങ്ങി. പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ആവേശത്തിലായ ആരാധകരുടെ ആരവങ്ങൾക്ക് മുന്നിൽ നിശബ്ദമായി ആ സന്തോഷങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു സുധിഷ് നായർ .ക്രിക്കറ്റ് ലോകത്തെ അതികായകരായ സച്ചിൻ ടെണ്ടുൽക്കർ, ധോണി അടക്കം ബോളിവുഡിലെ റിതേഷ് ദേശ്‌മുഖ്, സൊഹേൽ ഖാൻ തുടങ്ങി നിരവധി സെലിബ്രിറ്റികളുടെ പ്രശംസയാണ് അദ്ദേഹം പിടിച്ച് പറ്റിയത്.
തിരുവനന്തപുരം സ്വദേശിയും ചിത്രകാരിയുമായ അരുണിമ നായർ ആണ് ഭാര്യ.നിശബ്ദയുടെ ലോകത്തിരുന്ന് നിറങ്ങളിലൂടെ സംസാരിക്കുന്ന അരുണിമ വരച്ച മോഹൻലാലിന്റെ ചിത്രം കുറച്ചു ദിവസങ്ങൾക്ക് മുന്നേ സുധീഷ് നേരിട്ട് മോഹൻലാലിന് സമർപ്പിച്ചിരുന്നു.ബിരുദധാരിയായ സുധിഷ് നാസിക്കിലെ വിശ്വാസ് കോ-ഓപ്പറേറ്റിവ് ബാങ്കിലെ ഉദ്യോഗസ്ഥനാണ്.


