സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ : നിയമസഭ സ്‌പീക്കർ ഉൾപ്പെടെ 42 എംഎൽഎമാർക്ക് നോട്ടീസ് അയച്ച് പട്‌ന ഹൈക്കോടതി

പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് നിയമസഭ സ്‌പീക്കർ പ്രേം കുമാർ ഉൾപ്പെടെ 42 എംഎൽഎമാർക്ക് നോട്ടീസ് അയച്ച് പട്‌ന ഹൈക്കോടതി. തെരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് നൽകിയ ഹർജികളിൽ വാദം കേട്ട ശേഷമാണ് കോടതി എംഎൽഎമാർക്ക് നോട്ടീസ് അയച്ചത്.
നിരവധി ജഡ്‌ജിമാർ വ്യത്യസ്‌ത തീയതികളിലായാണ് തെരഞ്ഞെടുപ്പ് ഹർജികൾ പരിഗണിച്ചത്. ഭരണപക്ഷത്തിലെയും പ്രതിപക്ഷത്തിലെയും 42 എംഎൽഎമാർക്കാണ് കോടതി നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥികൾ അതത് സീറ്റുകളിൽ വിജയിച്ച സ്ഥാനാർഥികൾക്കെതിരെ അവരുടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്‌താണ് ഹർജികൾ സമർപ്പിച്ചത്.ക്രിമിനൽ പശ്ചാത്തലങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാത്തത്, കൃത്യമായ സ്വത്ത് വിശദാംശങ്ങളുടെ അഭാവം, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അവശ്യ വിവരങ്ങൾ മറച്ചുവച്ചത് എന്നിവയുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളാണ് പ്രധാന കാരണങ്ങളായി ഹർജിയിൽ ചൂണ്ടികാണിച്ചത്.തെരഞ്ഞെടുപ്പ് സത്യവാങ്മൂലം ശരിയായി സമർപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഇത് ജനാധിപത്യ വ്യവസ്ഥയുടെ സുപ്രധാന ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. പശ്ചാത്തലം, സ്വത്ത്, മറ്റ് വിവരങ്ങൾ എന്നിവ കൃത്യമായി തന്നെ സത്യവാങ്മൂലത്തിൽ നൽകണമെന്നും കോടതി പറഞ്ഞു.