തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര് ചേർക്കാക്കാനായി,നവംബർ 4, 5 തീയതികളിൽ അപേക്ഷിക്കാം

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര് ചേർക്കാക്കാനായി,നവംബർ 4, 5 തീയതികളിൽ അപേക്ഷിക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇതുവരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാത്തവർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വീണ്ടും അവസരം നൽകുന്നു. നവംബർ 4, 5 തീയതികളിൽ പേര് ചേർക്കുന്നതിന് അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. മട്ടന്നൂർ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടികയിലാണ് ഈ അവസരം ലഭിക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ വ്യക്തമാക്കി.

2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ ഉൾപ്പെടാത്ത അർഹരായവർക്ക് പേര് ചേർക്കാൻ അവസരമുണ്ട്. അനർഹരെ ഒഴിവാക്കാനും നിലവിലുള്ള ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്താനും സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4, 5 തീയതികളിൽ അപേക്ഷിക്കാം. പ്രവാസി ഭാരതീയർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാർ തുടർനടപടി സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകൾ നവംബർ 14ന് പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിച്ച പട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി നൽകുന്നതാണ്. 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 23, 24 വകുപ്പുകളും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകളും പ്രകാരമാണ് ഈ അവസരം നൽകുന്നത്.

വോട്ടിന് അർഹതയുള്ളവർ:

2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്കാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയുക. പുതുതായി പേര് ചേർക്കുന്നതിന് (ഫാറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിന് (ഫാറം 7), പ്രവാസി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് (ഫാറം 4A) എന്നിവയ്‌ക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ https://sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. പേരൊഴിവാക്കുന്നതിനും (ഫാറം 5, ഫാറം 8) അപേക്ഷിക്കാവുന്നതാണെന്ന് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിങ്ങിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹീയറിങ്ങിന് നേരിട്ട് ഹാജരാകേണ്ടതാണ്. ഹിയറിങ്ങിന് ഹാജരാകാത്തവരുടെ അപേക്ഷകൾ പരിഗണിക്കുകയില്ല.

അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കുമ്പോൾ അപേക്ഷകർ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖയുടെയും (ID proof), താമസസ്ഥലം തെളിയിക്കുന്ന രേഖയുടെയും (Address proof) പകർപ്പുകൾ അപ്‌ലോഡ് ചെയ്യണം. തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. താമസസ്ഥലം തെളിയിക്കുന്ന രേഖയായി വാടകച്ചീട്ട്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, വൈദ്യുതി/വെള്ളം/ഗ്യാസ് ബില്ലുകൾ, പ്രോപ്പർട്ടി ടാക്സ് രസീതുകൾ എന്നിവയിൽ ഏതും പരിഗണിക്കും. ഈ രേഖകൾ അപേക്ഷകൻ്റെ നിലവിലെ താമസസ്ഥലത്തെ വിലാസം വ്യക്തമാക്കുന്നതായിരിക്കണം.

ഓൺലൈൻ അപേക്ഷാ നടപടികൾ ലളിതമാക്കുന്നതിനായി കമ്മിഷൻ ഒരു വിശദമായ മാർഗരേഖ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വോട്ടർമാർക്ക് സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ടോൾ ഫ്രീ നമ്പറും കമ്മിഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പറുകളിൽ പ്രവൃത്തി സമയങ്ങളിൽ വിളിച്ച് വിവരങ്ങൾ തിരക്കാവുന്നതാണ്. കൂടാതെ, ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാരെയും അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാരെയും (AEROs) നിയമിച്ചിട്ടുണ്ട്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും ഇവരെ നേരിട്ട് സമീപിക്കാവുന്നതാണ്. ഈ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അതത് തദ്ദേശ സ്ഥാപനങ്ങളുടെ നോട്ടീസ് ബോർഡുകളിലും കമ്മിഷൻ്റെ വെബ്സൈറ്റിലും ലഭ്യമാണ്.

പുതിയതായി അപേക്ഷിക്കുന്നവരുടെ ഹീയറിങ് നടപടികൾ അതീവ ശ്രദ്ധയോടെയും വേഗത്തിലും പൂർത്തിയാക്കാൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. നോട്ടീസിൽ രേഖപ്പെടുത്തിയ സമയത്തും തീയതിയിലും കൃത്യമായി ഹാജരാകുന്നത് അപേക്ഷ അംഗീകരിക്കപ്പെടാൻ അത്യാവശ്യമാണ്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നവർക്ക് ഈ വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് അർഹരായ മുഴുവൻ ആളുകളും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അഭ്യർഥിച്ചു. രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും വോട്ടർമാരെ ബോധവത്‌കരിക്കുന്നതിൽ സജീവമായി പങ്കുചേരണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഏതെങ്കിലും സാഹചര്യത്തിൽ ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കാത്തവർക്ക്, നിശ്ചിത ഫാറങ്ങൾ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർക്ക് നേരിട്ട് സമർപ്പിക്കാനുള്ള സൗകര്യവും ഉണ്ട്.

വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയുടെ അവസാന ഘട്ടം :

ഓൺലൈൻ വഴിയുള്ള അപേക്ഷകൾക്കാണ് കമ്മിഷൻ മുൻഗണന നൽകുന്നത്. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയുടെ (Revision Process) അവസാന ഘട്ടമാണിത്. ഈ നടപടികൾ പൂർത്തിയാകുന്നതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടിക അന്തിമമാകും.