ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ഇനി ബോർഡിങ് പോയിൻ്റ് മാറ്റാം

ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ഇനി ബോർഡിങ് പോയിൻ്റ് മാറ്റാം

ന്യുഡൽഹി : ഇനി ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പ് വരെ ബോർഡിങ് സ്റ്റേഷൻ മാറ്റാം .2026 ഏപ്രിൽ ഒന്നു മുതലാണ് ദക്ഷിണ ഇന്ത്യൻ റെയിൽവേ പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത് .സമയക്കുറവും ഗതാഗതക്കുരുക്കും കാരണം ബുക്ക് ചെയ്ത ബോർഡിങ് പോയിൻ്റിൽ എത്താൻ പലപ്പോഴും യാത്രക്കാർ ബുദ്ധിമുട്ടാറുണ്ട്. . പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്), ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പോർട്ടൽ എന്നിവ വഴി യാത്രക്കാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. രണ്ടാമത്തെയും അവസാനത്തെയും റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നത് വരെ ബോർഡിങ് പോയിൻ്റ് മാറ്റാൻ സാധിക്കും. സാധാരണയായി ട്രെയിൻ യാത്ര ആരംഭിക്കുന്ന സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പാണ് അവസാന ചാർട്ട് തയ്യാറാക്കുന്നത്.

യാത്ര കൂടുതൽ സുഗമമാക്കാനും അവസാന നിമിഷമുള്ള പദ്ധതി മാറ്റങ്ങൾ എളുപ്പമാക്കാനുമാണ് പുതിയ സൗകര്യം അവതരിപ്പിച്ചത്. യാത്രക്കാർക്ക് ഒന്നിലധികം റെയിൽവേ സ്റ്റേഷനുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നതോടെ യാത്ര കൂടുതൽ സൗകര്യപ്രദമാകും. ആദ്യ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ കഴിയാതെ വന്നാലും യാത്രക്കാർക്ക് കൺഫേം ചെയ്ത സീറ്റുകൾ നഷ്ടപ്പെടില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഉദാഹരണത്തിന്, ഒരു യാത്രക്കാരൻ ഒരു സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുകയും നിശ്ചിത സമയത്തിനുള്ളിൽ അവിടെയെത്താൻ കഴിയാതെ വരികയും ചെയ്താൽ മറ്റൊരു സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാം. ചാർട്ട് തയ്യാറാക്കുന്നതിന് 30 മിനിറ്റ് മുമ്പ് ബോർഡിങ് പോയിൻ്റ് മാറ്റിയാൽ മാത്രം മതിയാകും.

ബോർഡിങ് പോയിൻ്റ് മാറ്റാൻ അർഹതയുള്ളവർ

കൺഫേം ചെയ്തതോ ആർഎസി (റിസർവേഷൻ എഗൈൻസ്റ്റ് കാൻസലേഷൻ) ടിക്കറ്റുള്ളതോ ആയ യാത്രക്കാർക്ക് മാത്രമേ പുതിയ സൗകര്യം ഉപയോഗിക്കാൻ കഴിയൂ. വെയ്റ്റ്‌ലിസ്റ്റ് ചെയ്ത ടിക്കറ്റുള്ളവർക്ക് ഇതിന് അർഹതയുണ്ടായിരിക്കില്ല. ബോർഡിങ് പോയിൻ്റിൽ ഒരു തവണ മാത്രമേ മാറ്റം വരുത്താൻ സാധിക്കൂ. അവസാന ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പായി അപേക്ഷ നൽകിയിരിക്കണം. അതിനുശേഷം മാറ്റങ്ങളൊന്നും അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച സ്റ്റേഷനിൽ നിന്ന് കയറാൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് യാത്രക്കാർക്ക് സീറ്റ് നൽകുന്ന അവസ്ഥയാണ് ഇതിലൂടെ ഒഴിവാകുന്നത്.

ഓൺലൈനായി ബോർഡിങ് പോയിൻ്റ് മാറ്റുന്ന വിധം

ഓൺലൈനായി ബോർഡിങ് പോയിൻ്റ് മാറ്റുന്നതിനായി ആദ്യം ഐആർസിടിസി വെബ്സൈറ്റിലോ ആപ്പിലോ ലോഗിൻ ചെയ്യുക. മൈ അക്കൗണ്ട് എന്നതിലെ മൈ ട്രാൻസാക്ഷൻസ് തിരഞ്ഞെടുത്ത് ബുക്ക്ഡ് ടിക്കറ്റ് ഹിസ്റ്ററി ക്ലിക്ക് ചെയ്യുക. മാറ്റം വരുത്തേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത ശേഷം ചേഞ്ച് ബോർഡിങ് പോയിൻ്റ് എന്നതിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് സ്ക്രീനിൽ കാണുന്ന പട്ടികയിൽ നിന്ന് സൗകര്യപ്രദമായ സ്റ്റേഷൻ തിരഞ്ഞെടുക്കാം. ഒകെ (OK) ക്ലിക്ക് ചെയ്ത് മാറ്റം ഉറപ്പാക്കുക. കൺഫർമേഷൻ മെസ്സേജ് സ്ക്രീനിൽ തെളിയുകയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് സന്ദേശം ലഭിക്കുകയും ചെയ്യും.

റെയിൽവേ കൗണ്ടറുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കും ബോർഡിങ് പോയിൻ്റ് മാറ്റാൻ സാധിക്കും. ടിക്കറ്റുകൾ ബുക്ക് ചെയ്യാനും റദ്ദാക്കാനുമായി റെയിൽവേ സജ്ജമാക്കിയിട്ടുള്ള തൊട്ടടുത്ത പാസഞ്ചർ റിസർവേഷൻ സിസ്റ്റം കൗണ്ടറിനെ സമീപിച്ചാൽ മതിയാകും. പുതിയ സംവിധാനം വരുന്നതോടെ യാത്രക്കാരുടെ വലിയൊരു ആശങ്കയ്ക്കാണ് പരിഹാരമാകുന്നത്.