പെൺകുട്ടികളുടെ ചിത്രങ്ങൾ അശ്ലീലമാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

 പെൺകുട്ടികളുടെ ചിത്രങ്ങൾ അശ്ലീലമാക്കി  പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

വയനാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 18കാരൻ അറസ്റ്റിൽ. തരിയോട് കാവുംമന്ദം സ്വദേശി യദു കൃഷ്‌ണയെയാണ് വയനാട് സൈബർ പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നീ സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചത്.പ്രതി മുമ്പ് ഇതേ കുറ്റകൃത്യം നടത്തി പിടിയിലായിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനാൽ കുറ്റകൃത്യം ആവർത്തിക്കരുതെന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ താക്കീത് നൽകി വിട്ടയച്ചു. എന്നാൽ ഇയാൾ വീണ്ടും സമാനരീതിയിൽ കുറ്റകൃത്യം തുടരുകയായിരുന്നു. 2025 ഒക്‌ടോബറിലാണ് തൻ്റെയും പെൺസുഹൃത്തുക്കളുടെയും ചിത്രങ്ങൾ മോശമായ രീതിയിൽ മോർഫ് ചെയ്‌ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെൺകുട്ടിയുടെ ആദ്യ പരാതി വയനാട് സൈബർ പൊലീസിന് ലഭിക്കുന്നത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.'മുണ്ടേരി തിങ്‌സ്' എന്ന അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്നത് യദു കൃഷ്‌ണയാണെന്നും പൊലീസ് കണ്ടെത്തി. പിതാവിൻ്റെ പേരിലുള്ള ഫോൺ നമ്പർ ഉപയോഗിച്ചാണ് ഇയാൾ അക്കൗണ്ടുകൾ തുടങ്ങിയതും കുറ്റകൃത്യം നടത്തിയതും. 2026 മാർച്ചിൽ സമാന കുറ്റകൃത്യം പ്രതി ആവർത്തിച്ചതോടെ വീണ്ടും പരാതി ലഭിക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്‌പെക്‌ടർ സിആർ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

വിദ്യാർത്ഥികളുടെ 'ഞരമ്പ് രോഗം' അധ്യാപകർക്കും 

സ്കൂളിലെ വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷൻ ഉപയോഗിച്ച്‌ നഗ്നചിത്രങ്ങളാക്കി മാറ്റിയ സംഭവത്തില്‍ വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറില്‍സ് ഹയർ സെക്കണ്ടറി സ്കൂള്‍ പ്രിൻസിപ്പല്‍ ഡോ. സജു വർഗീസിനെ കുന്നംകുളം പോലീസ് അറസ്റ്റു  ചെയ്‌തത്‌ മാർച്ച്  23 നാണ്.

കാസർകോട് ഇരിയണ്ണി ബേപ്പ് നിട്ടൂർമൂല സ്വദേശിയായ 24കാരൻ അനൂപ് പി യെ  സമാനമായ  സംഭവത്തിൽ  സൈബർ ക്രൈം പൊലീസ്  പിടികൂടുന്നത് മാർച്ച് 22ന് . പ്രതിയുടെ താമസസ്ഥലത്തിന് അടുത്തുള്ള 30ലധികം പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇയാൾ ദുരുപയോഗം ചെയ്‌തത്. ഇയാൾക്കെതിരെ നിരവധി പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു.പുരുഷന്മാരുടെ ചിത്രങ്ങളും ഇയാൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചിരുന്നു. ചില പുരുഷന്മാരുടെ ഫോട്ടോകളും യുവതികളുടെ ചിത്രങ്ങളോടൊപ്പം ചേർത്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കിയെന്ന പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട് .

ഐടി ആക്‌ട് പ്രകാരം ഇത്തരം 'കലാകാരന്മാർക്ക് 'ലഭിക്കു കടുത്ത ശിക്ഷ

ചിത്രങ്ങൾ മോർഫ് ചെയ്‌ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഐടി ആക്‌ട് പ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും കനത്ത പിഴയും ലഭിക്കാം. സ്ത്രീകളുടെയോ കുട്ടികളുടെയോ ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്‌താൽ പോക്സോ കേസ് ഉൾപ്പെടെ ചുമത്തി കർശന നടപടി സ്വീകരിക്കും.